2013-07-16 16:58:43

മാര്‍പാപ്പയുടെ പ്രിയപ്പെട്ട അപ്പരസിദ


16 ജൂലൈ 2013, അപരെസിദ
പാപ്പാ ഫ്രാന്‍സിസിന്‍റെ അഗാധമായ മരിയഭക്തിയാണ് ബ്രസീലിന്‍റെ സ്വര്‍ഗീയ മദ്ധ്യസ്ഥയായ അപ്പരെസിദയിലെ കന്യകാനാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ നയിക്കുന്നതെന്ന് അപ്പരെസിദ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ റെയ്മണ്ട് ദമെഷാനോ അസ്സീസ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബ്രസീല്‍ പര്യടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.
ജൂലൈ 24ന് അപരെസിദയിലെ കന്യകാനാഥയുടെ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്ന മാര്‍പാപ്പ തന്‍റെ പേപ്പല്‍ഭരണവും ആഗോളയുവജനസംഗമവും പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥത്തില്‍ സമര്‍പ്പിക്കും. അറുപതിനായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാന്‍ സൗകര്യമുള്ള മരിയന്‍ ബസിലിക്കയില്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യും. പേപ്പല്‍ ദിവ്യബലിയില്‍ സംബന്ധിക്കാന്‍ വന്‍ജനസഞ്ചയത്തെ പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ കര്‍ദിനാള്‍ ദമെഷാനോ ബസിലിക്കയ്ക്കുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവര്‍ക്കായി ബസിലിക്കാങ്കണത്തില്‍ ബിഗ്സ്ക്രീന്‍ സംവിധാനം ഒരുക്കുന്നുണ്ടെന്നും അറിയിച്ചു.
“ആകയാല്‍ നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍,” (മത്തായി 28, 19) എന്ന സുവിശേഷ സന്ദേശവുമായി ജൂലൈ 23 മുതല്‍ 28 വരെ ബ്രസീലിലെ റിയോ ദി ജനീറോയില്‍ നടക്കുന്ന ലോകയുവജന സംഗമത്തില്‍ പങ്കെടുക്കാനാണ് ഫ്രാന്‍സിസ് പാപ്പ ബ്രസീലിലെത്തുന്നത്. ലോകയുവജന സംഗമത്തിലെ പരിപാടികള്‍ക്കു പുറമേ അപ്പരെസിദയിലേക്കുള്ള തീര്‍ത്ഥാടനവും, സെന്‍റ് ഫ്രാന്‍സിസ് ആശുപത്രിയിലെ ലഹരിവിമുക്ത കേന്ദ്ര സന്ദര്‍ശനവും, വരിഹിന ചേരിപ്രദേശത്തെ ജനങ്ങളുമായുള്ള സ്നേഹസംവാദവും പേപ്പല്‍ സന്ദര്‍ശനത്തിന്‍റെ അജണ്ടയിലുണ്ട്.
വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.