2013-07-15 15:37:45

ആഗോള യുവജന സംഗമത്തിലെ കുരിശിന്‍റെ വഴി, ഐക്യദാര്‍ഡ്യത്തിന്‍റെ സന്ദേശം


15 ജൂലൈ 2013, റിയോ ദി ജനീറോ
റിയോ ദി ജനീറോയിലെ യുവജനസംഗമത്തില്‍ നടത്തുന്ന കുരിശിന്‍റെ വഴി ലോകയുവജനതയുടെ ഐക്യദാര്‍ഡ്യത്തിന്‍റെ സന്ദേശം പങ്കുവയ്ക്കുന്നു. റിയോ ദീ ജനീറോയിലെ പ്രസിദ്ധമായ കോപാകമ്പാന കടല്‍ത്തീരത്ത് ഏകദേശം ഒരു കിലോമീറ്ററിലാണ് യേശുവിന്‍റെ പീഡാസഹന ചരിത്രസ്മരണയുണര്‍ത്തുന്ന 14 സ്ഥലങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ആഗോളയുവജന സംഗമത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളിലൊന്നായ കുരിശിന്‍റെ വഴിയില്‍ ആനുകാലിക സമൂഹത്തില്‍ യുവജനങ്ങളുടെ ജീവിത പശ്ചാത്തലവും അവരുടെ നോവും നൊമ്പരവും സ്വപ്നങ്ങളും സന്തോഷങ്ങളുമെല്ലാം രംഗസംവിധാനം ചെയ്തിട്ടുണ്ട്. കുരിശിന്‍റെ വഴിയുടെ ഒരോസ്ഥലവും അനുകാലിക യുവജന ജീവിതവുമായി ബന്ധപ്പെടുത്തി രംഗാവിഷ്ക്കാരം നടത്താന്‍ 280 കലാകാരന്‍മാര്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
കുരിശിന്‍റെ വഴിക്ക് രംഗപശ്ചാത്തലം ഒരുക്കിയിരിക്കുന്നത് വിഖ്യാത ബ്രസീലിയന്‍ കലാസംവിധായന്‍ റവേല്‍ കാബ്രാലാണ്. ക്രിസ്തുവിന്‍റെ പീഡാസഹനത്തെക്കുറിച്ച് യുവജനങ്ങളോട് ഫലപ്രദമായി സംവദിക്കുന്ന വിധത്തിലാണ് രംഗചിത്രീകരണം. യുവജനങ്ങളുടെ ജീവിത പ്രതിസന്ധികള്‍ അവതരിപ്പിക്കുക മാത്രമല്ല, യേശുവിനോടൊത്ത് പ്രവര്‍ത്തിക്കുകയെന്ന സന്ദേശവും ഉള്‍ച്ചേര്‍ത്താണ് കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതെന്ന് റവേല്‍ കാബ്രാല്‍ പ്രസ്താവിച്ചു.
ഏകദേശം ഒന്നര മണിക്കൂര്‍ നീളുന്ന കുരിന്‍റെ വഴിയില്‍ സമകാലിക യുവജന ലോകം വിവിധ രൂപത്തിലും ഭാവത്തിലും അവതരിപ്പിക്കപ്പെടും : യുവപ്രേഷിതര്‍, മാനസാന്തരപ്പെട്ട യുവത്വം, സമര്‍പ്പിതര്‍, ലഹരിവിമുക്ത കേന്ദ്രങ്ങളിലെ യുവജനങ്ങള്‍, സാമൂഹ്യസമ്പര്‍ക്ക മാധ്യമ രംഗത്തെ യുവജന പ്രേഷിതത്വം, രോഗികളായ യുവതീയുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, യുവദമ്പതികള്‍, അമ്മമാര്‍ അങ്ങനെ നീളുന്നു ഈ നിര. ഓരോ ഭൂഖണ്ഡത്തിന്‍റേയും പ്രതിനിധികളേയും യുവജന ജീവിതത്തിന്‍റെ രംഗാവതരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.