2013-07-13 19:20:53

ക്രിസ്തുവിന്‍റെ കുരിശ്
സുവിശേഷ പ്രഘോഷകരുടെ ഈടും ഉറപ്പും


7 ജൂലൈ 2013, വത്തിക്കാന്‍
വിശ്വാസ വര്‍ഷാചരണത്തിന്‍റെ ഭാഗമായി സന്ന്യാസാര്‍ത്ഥികള്‍ക്കും വൈദികാര്‍ത്ഥികള്‍ക്കുമായി വത്തിക്കാനില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തിന്‍റെ സമാപനദിനമായ ജൂലൈ 7-ാം തിയതി ഞായറാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസ് അവര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിച്ചു. ദിവ്യബലിമദ്ധ്യേ പാപ്പാ നല്കിയ സുവിശേഷചിന്തകളുടെ പ്രസക്തഭാഗമാണിത്:

ഇന്നത്തെ വചനഭാഗം (വി. ലൂക്കായുടെ സുവിശേഷം 10, 1-13) നമ്മോട് ജീവിത ദൗത്യത്തെക്കുറിച്ചാണ് ഉദ്ബോധിപ്പിക്കുന്നത്. എവിടെനിന്നാണ് ദൗത്യമുണ്ടാകുന്നത്? അത് വിളിയില്‍നിന്നാണ്, ദൈവത്തിന്‍റെ വിളിയില്‍നിന്നാണ്. താന്‍ വിളിച്ച ശിഷ്യന്മാരെ ദൈവരാജ്യത്തിന്‍റെ സന്ദേശം അറിയിക്കാന്‍ പറഞ്ഞയക്കണമെന്ന് ക്രിസ്തുവിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ‘അയക്കപ്പെട്ടരു’ടെ ജീവിതദൗത്യത്തിന്‍റെ ഉള്‍പ്പൊരുള്‍ വെളിപ്പെടുത്തുന്നതാണ് ഇന്നത്തെ വചനഭാഗം. അപരന്‍റെ ശുശ്രൂഷയില്‍നിന്നും ലഭ്യമാകുന്ന സന്തോഷം, ജീവിതക്കുരിശുകള്‍ വഹിക്കാനുള്ള സന്നദ്ധത, പ്രാര്‍ത്ഥനാ ചൈതന്യം – ഇവ മൂന്നും അയക്കപ്പെട്ടവരുടെ ജീവിത ഭാഗധേയമാണ്.

1. വിപ്രവാസത്തിന്‍റെ ഇരുളില്‍ കഴിഞ്ഞിരുന്ന ജനതയ്ക്ക് ഏശയാ പ്രവാചകനാണ് പ്രത്യാശയുടെ സന്തോഷം പകര്‍ന്നത്. “ജരൂസലേമിന് ഇതാ, സമാശ്വാസത്തിന്‍റെ നാളുകള്‍ ആസന്നമായിരിക്കുന്നു.” ദുഃഖവും ഭീതിയും മറന്ന് പ്രത്യാശയുള്ള സന്തോഷത്തോടെ ജീവിക്കാന്‍ പ്രവാചകന്‍ ജനങ്ങളെ ആഹ്വാനംചെയ്യുന്നു. “ജരൂസലേമിനെ സ്നേഹിക്കുന്ന നിങ്ങള്‍ അവളോടുകൂടെ ആനന്ദിച്ചുല്ലസിക്കുവിന്‍. അവളെപ്രതി വിലപിക്കുന്ന നിങ്ങള്‍ അവളോടൊത്തു സന്തോഷിച്ചു തിമിര്‍ക്കുവിന്‍!” (ഏശയ്യാ 66, 10).
ദൈവമായ കര്‍ത്താവ് ജരൂസലേമിന്‍റെമേല്‍ അവിടുത്തെ കാരുണ്യവും സമാശ്വാസവും വര്‍ഷിക്കും എന്ന സദ്വാര്‍ത്തയാണ് ഇവിടെ സന്തോഷകാരണം. അവിടുത്തെ അനുഗ്രഹസമൃദ്ധി ധാരളമായി ഇതാ, വര്‍ഷിക്കപ്പെടാന്‍ പോകുന്നു. കര്‍ത്താവ് അരുള്‍ചെയ്യുന്നു, “ഐശ്വര്യം നദിപോലെ അവളിലേയ്ക്കു ഞാന്‍ ഒഴുക്കും, ജനതകളുടെ ധനം കവിഞ്ഞൊഴുകുന്ന അരുവിപോലെ നിന്നെ അവള്‍ പാലൂട്ടുകയും എളിയില്‍ എടുത്തുകൊണ്ടു നടക്കുകയും മടിയിലിരുത്തി ലാളിക്കുകയും ചെയ്യും. അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജരൂസലേമില്‍വച്ചു നീ സാന്ത്വനം അനുഭവിക്കും.” (ഏശയ്യ 66 12-13).

ദൈവത്തിന്‍റെ കാരുണ്യാതിരേകത്താലും സമാശ്വാസത്താലും പ്രത്യാശ പകരുന്നതും, ഏവരിലും സമാധാനവും സന്തോഷവും വര്‍ഷിക്കപ്പെടുന്നതുമായ നാളുകളെക്കുറിച്ചാണ് പ്രവാചകന്‍ ജനത്തെ അനുസ്മരിപ്പിച്ചത്. ഇതുപോലെ പ്രത്യാശയുടെ സാന്ത്വനവും സന്തോഷവും കാരുണ്യവും ജനങ്ങളെ അറിയിക്കാനാണ് ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവം നമ്മോട് കാരുണ്യവും സ്നേഹവും ധാരാളമായി കാണിച്ചിട്ടുള്ളതിനാല്‍, നാം അത് മറ്റുള്ളവരോടും കാണിക്കണം, സഹോദരങ്ങളുമായി അത് പങ്കുവയ്ക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഇതാണ് ക്രൈസ്തവരുടെ ജീവിതദൗത്യം. “നിങ്ങളുടെ ദൈവം അരുള്‍ച്ചെയ്യുന്നു, ആശ്വസിപ്പിക്കുവിന്‍, എന്‍റെ ജനത്തെ നിങ്ങള്‍ സമാശ്വസിപ്പിക്കുവിന്‍. ജരൂസലേമിനോടു സൗമ്യമായി സംസാരിക്കുകയും അവളോടു പ്രഘോഷിക്കുകയും ചെയ്യുവിന്‍” (ഏശയ്യ 40, 1). ഏശയ്യാ പ്രവാചകന്‍റെ ക്ഷണം നമ്മുടെ ഹൃദയത്തില്‍ മാറ്റൊലിക്കൊള്ളട്ടെ, അതു നമ്മെ ജീവിത ദൗത്യത്തിലേയ്ക്ക് നയിക്കട്ടെ.

പ്രത്യാശയുടെ വചസ്സുകള്‍ ഇന്നും ജനങ്ങള്‍ക്ക് ആവശ്യമാണ്. അവരുടെ ഹൃദയങ്ങളെ ഊഷ്മളമാക്കുന്നതും, പ്രത്യാശ ഉണര്‍ത്തുന്നതും, നന്മയിലേയ്ക്ക് അവരെ ആകര്‍ഷിക്കുന്നതുമായ വാക്കുകള്‍ക്കായി അവര്‍ കാതോര്‍ക്കുന്നുണ്ട്. ജനതകള്‍ക്കു മുന്നില്‍ ദൈവിക കാരുണ്യത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സാക്ഷികളാകുവാന്‍ ക്രിസ്തുശിഷ്യര്‍ക്കു സാധിക്കണം. ദൈവിക സമാശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുമ്പോള്‍ എന്തൊരാനന്ദമാണത് നമുക്ക് നല്കുന്നത്! സന്തോഷം ജീവിത ലക്ഷൃമല്ല, ഒരവസ്ഥയാണ്. ദൈവത്തിന്‍റെ സമാശ്വാസം പങ്കുവയ്ക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദമുഹൂര്‍ത്തമാണത്.

2. ക്രിസ്തുവിന്‍റെ ദൗത്യത്തില്‍ പങ്കുചേരുന്നവര്‍ക്കുള്ള രണ്ടാമത്തെ അടയാളം കുരിശ്ശാണ്. സുവിശേഷത്തിന്‍റെ അപ്പസ്തോലനുള്ള അടിസ്ഥാന അടയാളമായി പൗലോശ്ലീഹാ ചൂണ്ടിക്കാണിക്കുന്നത് ക്രിസ്തുവിന്‍റെ കുരിശ്ശാണ്. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ. അവിടുത്തെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.” (ഗലാത്തിയ 6, 14). തന്‍റെ പ്രേഷിതദൗത്യ നിര്‍വ്വഹണത്തില്‍ ക്രിസ്തുവിന്‍റെ കുരിശിനെപ്രതി അപ്പസ്തോലന്‍ ഏറെ ക്ഷീണവും യാതനകളും പരാജയങ്ങളും അപമാനങ്ങളും അനുഭവിച്ചു. ക്രൂശിതന്‍റെ തിരുമുറിപ്പാടുകളെക്കുറിച്ച് ശ്ലീഹാ പ്രസ്താവിക്കുന്നത് വിജയത്തിന്‍റെ കൈയ്യടയാളമായിട്ടാണ്. പ്രതിസന്ധികളുടെ കൂരിരുട്ടില്‍ ദൈവികപ്രഭയുടെയും രക്ഷയുടെയും പൊന്‍പുലരി ക്രിസ്തുവിന്‍റെ കുരിശില്‍ ഇതാ, വിരിഞ്ഞിരിക്കുന്നു. അവിടുത്തെ പെസഹാരഹസ്യങ്ങളാണ് സഭാദൗത്യത്തിന്‍റെ ഹൃദയസ്പന്ദനം. നേട്ടങ്ങളുടെ ലൗകിക കാഴ്ചപ്പാടും, പീഡനങ്ങളില്‍ ഉതിരുന്ന നിരാശയുടെ മനോഭാവവും, രണ്ടും ഒരുപോലെ നാം വെടിയേണ്ടതാണ്.

സുവിശേഷപ്രഘോഷണ ദൗത്യത്തിന്‍റെ മാനദണ്ഡം മാനുഷികമായ വിജയാപജയങ്ങളുടെ അളവല്ല, മറിച്ച് ക്രിസ്തുവിന്‍റെ കുരിശ്ശിനോട് സാരൂപ്യപ്പെടുന്ന അടിസ്ഥാന വരവും മൗലികമായ യുക്തിയുമാണ്. ശൂന്യവത്ക്കരണത്തിലൂടെ സ്വാംശീകരിക്കേണ്ട വ്യക്തിത്വത്തിന്‍റെ തനിമയാര്‍ന്ന യുക്തിയാണത്. ഇത് ക്രിസ്തുവിന്‍റെ കുരിശിനെ ആശ്ലേഷിക്കുന്ന പ്രക്രിയയാണ്, ക്രിസ്ത്വാനുകരണമാണ്. ‘പരിച്ഛേദനകര്‍മ്മം നടത്തുന്നതിലോ, നടത്താതിരിക്കുന്നതിലോ’ കാര്യമില്ല. കൂദാശകള്‍ സ്വീകരിക്കുകയും അതു ജീവിക്കാതിരിക്കുകയും ചെയ്യുന്നതിലും എന്തു പ്രയോജനം!? ക്രിസ്തുവിന്‍റെ പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം (ഗലാത്തി. 6, 15). കുരിശിലെ പരമോന്നത യാഗത്തില്‍നിന്നും ഉതിരുന്ന സ്നേഹവും കാരുണ്യവുമാണ് നാം പുനര്‍ജനിപ്പിക്കുന്നതും, ക്രിസ്തുവിന്‍റെ നവസൃഷ്ടിയാക്കി മാറ്റുന്നതും.

3. സുവിശേഷ പ്രഘോഷകന്‍റെ ജീവിതത്തിന് അനിവാര്യമായ മൂന്നാമത്തെ ഘടകം പ്രാര്‍ത്ഥനയാണ്. ക്രിസ്തു അവരോടു പറഞ്ഞു, “കൊയ്ത്ത് അധികം, എന്നാല്‍ വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാന്‍ വിളവിന്‍റെ നാഥനോടു നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍.” (ലൂക്കാ 10, 2). കര്‍ത്താവിന്‍റെ വിളഭൂമിയിലേയ്ക്ക് വേലക്കാരെ വിളിക്കുന്നത് പരസ്യംചെയ്തോ, നിര്‍ബന്ധിച്ചോ, കാലുപിടിച്ചോ അല്ല. ദൈവമാണ് അവരെ തിരഞ്ഞെടുക്കുന്നത്. ദൈവമാണ് അവരെ വിളിക്കുന്നതും അയയ്ക്കുന്നതും. എന്നാസ്‍ ഇതിന് വ്യക്തിയുടെ ഭാഗത്തുനിന്നും പ്രാര്‍ത്ഥന ആവശ്യമാണ്. മുന്‍പാപ്പാ ബനഡിക്ട് ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുള്ളതുപോലെ, “സഭ നമ്മുടേതല്ല, ദൈവത്തിന്‍റേതാണ്. കൃഷിയിടം ദൈവത്തിന്‍റേതാണ്.” അങ്ങനെ പ്രേഷിതദൗത്യം പ്രഥമമായും ദൈവകൃപയില്‍ ആശ്രയിച്ചിരിക്കുന്നു. അപ്പസ്തോലന്‍ അല്ലെങ്കില്‍ മിഷണറി ജീവിക്കുന്നതും വളരുന്നതും പ്രാര്‍ത്ഥനയിലാണ്. പ്രാര്‍ത്ഥനയാണ് അയാളുടെ പ്രവൃത്തിക്ക് വെളിച്ചവും ശക്തിയും പകരുന്നത്. പ്രാര്‍ത്ഥന ഇല്ലാതാകുമ്പോള്‍ സ്രോതസ്സായ ദൈവവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നു. അങ്ങനെ നമ്മിലെ പ്രേഷിതചൈതന്യവും തീക്ഷ്ണതയും നിലയ്ക്കുന്നു, കെട്ടുപോകുന്നു.

സുവിശേഷവത്ക്കരണം നടക്കേണ്ടത് മുട്ടിപ്പായ പ്രാര്‍ത്ഥനവഴിയാണ്. അതിനാല്‍ പ്രാര്‍ത്ഥനയുടെ മാനുഷ്യരായി നമുക്കു ജീവിക്കാം. പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി നിരന്തരമായി ബന്ധമില്ലാത്ത പ്രേഷിതവൃത്തി സാധാരണ തൊഴിലായി മെല്ലെ പരിണമിക്കും. ഘടനകളുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങി നില്ക്കുന്ന അമിതമായ പ്രവര്‍ത്തനപരതയുടെ മനോഭാവം സഭയില്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് പ്രേഷിതപ്രവൃത്തിക്ക് ചേര്‍ന്നതല്ല. തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിലും ക്രിസ്തു കാണിച്ചു തന്നിട്ടുള്ള തീവ്രവും ദൈര്‍ഘ്യവുമായ പ്രാര്‍ത്ഥനാവേളകള്‍ നമുക്ക് മാതൃകയാക്കാവുന്നതാണ്. സമ്മര്‍ദ്ദം ചെലുത്തുന്ന കടമകളുടെ കടമ്പകള്‍ക്കു മുന്നിലും, ജീവിതവ്യഗ്രതയുടെ അതിവേഗതയുള്ള കൊടുംകയത്തിലും വിളിക്കപ്പെട്ടവര്‍ എപ്പോഴും ഒരു ധ്യാനാത്മക ചൈതന്യം വളര്‍ത്തിയെടുക്കണം.
പ്രേഷിതദൗത്യത്തിന്‍റെ തീക്ഷ്ണതയും തീവ്രതയും പരിത്യക്തരിലേയ്ക്കും പാവങ്ങളിലേയ്ക്കും നമ്മെ മാടിവിളിക്കുമ്പോള്‍ ആര്‍ദ്രമായ സ്നേഹവും കരുണ്യവുമുള്ള ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തോട് എപ്പോഴും നമുക്ക് ചേര്‍ന്നിരിക്കാം. അതായിരിക്കട്ടെ ക്രിസ്തുശിഷ്യന്‍റെ ഫലപ്രാപ്തിയുടെ രഹസ്യം!

മടിശ്ശീലയോ ചെരിപ്പോ ബാണ്ഡമോ നിങ്ങള്‍ കൊണ്ടുപോകരുത് (ലൂക്കാ 10, 4). ആള്‍ബലമോ സ്ഥാപനത്തിന്‍റെ പെരുമയോ വലുപ്പമോ, ഉപായസാദ്ധ്യതകളുടെ - മൂലധനത്തിന്‍റെയോ വസ്തുവകകളുടെയോ അളവോ വലുപ്പമോ അല്ല സുവിശേഷ പ്രഘോഷണത്തിനുള്ള ഊടും ഉറപ്പും എന്ന് മനസ്സിലാക്കിയിരിക്കുക. ക്രിസ്തുവിന്‍റെ സ്നേഹത്താല്‍ പ്രചോദിതരായി മുന്നേറുക, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുക, ജീവന്‍റെദാരുവായ ക്രിസ്തുവിന്‍റെ കുരിശിനോടു ചേര്‍ന്നിരിക്കുക - ഇവയാണ് യഥാര്‍ത്ഥമായ സുവിശേഷവത്ക്കരണത്തിന്‍റെ മുഖമുദ്ര.

ദൈവിക സമാശ്വാസത്തിന്‍റെ സാക്ഷികളായി ജീവിക്കുന്നതിനും, ക്രിസ്തുവിന്‍റെ കുരിശിനെ സ്നേഹിക്കുന്നൊരു യുക്തി എന്നും ജീവിതത്തില്‍ പാലിക്കുന്നതിനും, ക്രിസ്തുവിനോട് ആഴമായി ഐക്യപ്പെട്ടു ജീവിക്കുന്നതിനും പരിശുദ്ധ കന്യകാമറിയം, സുവിശേഷനാഥ നമ്മെ സഹായിക്കട്ടെ! അങ്ങനെ നമ്മുടെ ജീവിതങ്ങള്‍ ക്രിസ്തുവില്‍ സമ്പന്നവും ഫലസമൃദ്ധവുമായിത്തീരട്ടെ!
Translated from the original text : fr. William Nellikal, Radio Vatican









All the contents on this site are copyrighted ©.