2013-07-11 18:11:26

ഭരണാനുമതിക്രമങ്ങളും ശിക്ഷാനിയമങ്ങളും
പാപ്പാ ഫ്രാന്‍സിസ് ക്രോഡീകരിച്ചു


11 ജൂലൈ 2013, വത്തിക്കാന്‍
വത്തിക്കാന്‍റെ ശിക്ഷാനിയമങ്ങളെയും ഭരണാനുമതി ക്രമങ്ങളെയും നവീകരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് സ്വാധികാര പ്രബോധനം motu proprio വിളംമ്പരംചെയ്തു. ജൂലൈ 11-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇറക്കിയ പ്രസ്താവനയിലൂടെയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ നിയമപരിഷ്ക്കാരങ്ങള്‍ പുറത്തുവിട്ടത്. ശിക്ഷാനിയമങ്ങള്‍, ഭരണാനുമതി എന്നീ രണ്ടു മേഖലകളിലുള്ള നിയമനടപടിക്രമങ്ങളെ കാലികമായും അന്താരാഷ്ട്ര നിയമ നടപടികള്‍ക്ക് അനുസൃതമായും പാപ്പാ ഫ്രാന്‍സിസ് സ്വാധികാരത്തില്‍ നവീകരിക്കുന്ന വസ്തുതകളാണ് വത്തിക്കാന്‍ വെളിപ്പെടുത്തിയത്.

വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കയുള്ള സെക്രട്ടറി, ബിഷപ്പ് ഡോമിന്ക്ക് മംമ്പേര്‍ത്തി, വത്തിക്കാന്‍റെ നിയമകാര്യങ്ങള്‍ക്കായുള്ള കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, പ്രഫസര്‍ ജുസേപ്പ് ദെല്ലാ തൊറേ, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിയമ പരിഷ്ക്കാരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടത്.

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന ശിക്ഷാനിയമ നവീകരണത്തില്‍ ശ്രദ്ധേയമാകുന്നത് കുട്ടികളുടെ ലൈംഗിക പീഡനം, മനുഷ്യക്കച്ചവടം, ബാലവേശ്യാവൃത്തി, അശ്ലീലനിര്‍മ്മാണം, അവയുടെ ശേഖരം, സൂക്ഷിപ്പ് എന്നീ മേഖലകളിലാണ്. കൂടാതെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളോ കൂട്ടുകെട്ടോവഴി നേടുന്ന സമ്പത്തും ജംഗമവസ്തുക്കളും കണ്ടുകെട്ടാനും മരവിപ്പിക്കാനുമുള്ള നിയമാനുമതിയും പരിഷ്ക്കരണത്തില്‍ പാപ്പാ വരുത്തിയിട്ടുണ്ട്.

വസ്തുവകകളുടെ നടത്തിപ്പു സംബന്ധിച്ച ഭരണാനുമതിയുടെ ഭേദഗതിയില്‍ സുതാര്യത പാലിക്കാനും, പൊതുതാല്പര്യവും പൊതുനന്മയും കൂടുതല്‍ കൈവരിക്കുന്നതിനും ഉതകുന്ന നിയമക്രോഡീകരണങ്ങളും നവീകരണത്തില്‍ പാപ്പാ കൊണ്ടുവന്നിരിക്കുന്നതായി പ്രസ്താവന വ്യക്തമാക്കുന്നുണ്ട്.

പാപ്പായുടെ കാലികവും ആഗോള പ്രസക്തവുമായ ഈ നിയമ നവീകരണങ്ങള്‍ സഭാ ദൗത്യത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയും സ്ഥായീഭാവവും കൊണ്ടുവരുന്നതിനുള്ള പരിശ്രമത്തിന്‍റെ ഭാഗമാണെന്നും വത്തിക്കാന്‍ സംസ്ഥാനത്തെ എന്നതുപോലെ തന്നെ പരിശുദ്ധ സിംഹാസനത്തിന്‍റെയും എല്ലാ പ്രവര്‍ത്തന വിഭാഗങ്ങള്‍ക്കും ഈ നിയമഭേദഗതികള്‍ ഒരുപോലെ ബാധകമാണെന്നത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണെന്നും വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ബിഷപ്പ് ഡോമിന്ക്ക് മംമ്പേര്‍ത്തി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.