2013-07-11 18:31:03

കുടിയേറ്റത്തിലെ മനുഷ്യക്കച്ചവടം
അടിമത്വത്തിന്‍റെ നവരൂപം


11 ജൂലൈ 2013, റോം
കുടിയേറ്റ മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന മനുഷ്യക്കച്ചവടം തടയേണ്ടത് രാഷ്ട്രങ്ങളുടെ ധാര്‍മ്മിക കടപ്പാടാണെന്ന്, വത്തിക്കാനിലേയ്ക്കുള്ള അമേരിക്കന്‍ എംബസിയുടെ പ്രവാസികാര്യങ്ങളുടെ വക്താവ്, മാരിയോ മെസ്ക്വീത്താ പ്രസ്താവിച്ചു. ലാമ്പദൂസാ പോലുള്ള കുടിയേറ്റ ദ്വീപുകളിലും, വിവിധ രാജ്യാതിര്‍ത്തികളിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലും നടമാടുന്ന മനുഷ്യക്കച്ചവടം ഇന്ന് രാഷ്ട്രങ്ങള്‍ സൂക്ഷ്മമായി നേരിടേണ്ട അടിമത്വത്തിന്‍റെ നവരൂപാമാണെന്നും, അത് രാഷ്ട്രങ്ങളുടെ രാജ്യാന്തര നയങ്ങളുടെയും നിയമങ്ങളുടെയും ഭാഗമായിരിക്കണമെന്നും മെസ്ക്വീത്താ റോമില്‍ ഇറക്കിയ പ്രസ്താവനിയില്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞൊരു വര്‍ഷത്തില്‍ ആഗോളതലത്തില്‍ നാല്പതിനായിരത്തിലേറെ മനുഷ്യക്കച്ചവടങ്ങള്‍ നടന്നതായി അമേരിക്ക തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, എന്നാല്‍ മറ്റു ചില സാമൂഹ്യ ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണത്തില്‍ അത് രണ്ടുകോടിയാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നതെന്നും മേസ്ക്വിത്താ വെളിപ്പെടുത്തി. കുടിയേറ്റത്തില്‍ പതിയിരിക്കുന്ന അല്ലെങ്കില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ‘മനുഷ്യക്കച്ചവടച്ചരക്കുകള്‍’ കണ്ടെത്തുകയാണ് പ്രഥമവും എന്നാല്‍ ശ്രമകരവുമായ കാര്യമെന്ന് അമേരിക്കന്‍ എംബസിയുടെ വക്താവ് ചൂണ്ടിക്കാട്ടി. രാഷ്ട്രങ്ങളുടെ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചും, കുടുംബങ്ങളെയും സമൂഹങ്ങളെയും കീറിമുറിച്ചും, എവിടെയും സാമൂഹ്യാന്തരീക്ഷം മലീമസമാക്കിയുമാണ് മ്ലേച്ചമായ ഈ അധാര്‍മ്മിക ക്രയവിക്രയം നടക്കുന്നതെന്ന് മേസ്ക്വിത്താ പ്രസ്താവിച്ചു. രാജ്യാന്തര തലത്തില്‍ മനുഷ്യക്കച്ചവടത്തിന്‍റെ സാമൂഹ്യതിന്മയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതോടൊപ്പം, മനുഷ്യക്കച്ചവടത്തിന് ഇരയായവരെ കണ്ടെത്തുക, മനുഷ്യക്കച്ചവടത്തില്‍ വ്യാപൃതരായിരിക്കുന്നവരെ നിയമപരമായി ശിക്ഷിക്കുക, എന്നിങ്ങനെ കര്‍ശനമായ അന്താരാഷ്ട്ര നിബന്ധനകളും നയങ്ങളും മനുഷ്യക്കച്ചവടത്തിനെതിരായി നടപ്പിലാക്കാന്‍ സമയം വൈകിയിരിക്കുകയാണെന്ന്, അമേരിക്കയുടെ സംസ്ഥാന സെക്രട്ടറി ജോണ്‍ കെറിയെ ഉദ്ധരിച്ചുകൊണ്ട്, റോമില്‍ നടത്തിയ അഭിമുഖത്തില്‍ മേസ്ക്വിത്താ സമര്‍ത്ഥിച്ചു. മനുഷ്യക്കച്ചവടത്തെക്കുറിച്ച് അവബോധം നല്കുകയും, അവരുടെ മോചനത്തിനായി പരിശ്രമിക്കുവാനുമുള്ള ആഗോളസഭയുടെയും പാപ്പാ ഫ്രാന്‍സിസിന്‍റെയും നയങ്ങളെയും അമേരിക്കയുടെ വക്താവ് അഭിമുഖത്തില്‍ അഭിനന്ദിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.