2013-07-10 19:33:22

സഭയുടെ അപ്പസ്തോലിക സ്വഭാവം
സുവിശേഷാധിഷ്ഠിതം


10 ജൂലൈ 2013, റോം
അപ്പസ്തോല കൂട്ടായ്മയില്‍ വിശ്വസിക്കുകയും പങ്കുചേരുകയും ചെയ്യുന്ന സഭ പൂര്‍ണ്ണമായും ‘അപ്പസ്തോലിക’മാണെന്ന് ദൈവശാസ്ത്ര പണ്ഡിതന്‍, ഡേരിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു.
ജൂലൈ 9-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ മതബോധന പ്രഭാഷണ പരമ്പരയിലാണ് റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി പ്രഫസറായ ഫാദര്‍ കൊവാല്‍സിക്ക് സഭയുടെ അപ്പസ്തോലിക സ്വഭാവത്തെ ഇങ്ങനെ വിവരിച്ചത്. കത്തോലിക്കരുടെ വിശ്വാസസത്യങ്ങളില്‍ ഒന്നാണ് സഭയുടെ അപ്പസ്തോലിക സ്വഭാവമെന്നും, അത് തെളിയിക്കാവുന്ന മൂന്നു കാരണങ്ങള്‍ ഫാദര്‍ കൊവാല്‍സിക്ക് തന്‍റെ പ്രഭാഷണത്തില്‍ ഉദ്ധരിച്ചു.

ആദ്യമായി (1) ക്രിസ്തുവിന്‍റെ ജീവിത-മരണോത്ഥാന സത്യങ്ങള്‍ സാക്ഷൃപ്പെടുത്തിയിരിക്കുന്ന സുവിശേഷങ്ങള്‍ അപ്പസ്തോലന്മാരുടെ അടിസ്ഥാനത്തിലാണ് സഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതെന്ന് തെളിയിക്കുന്നു. (2) ആരംഭം മുതല്ക്കേ സഭ അപ്പസ്തോലിക പഠനങ്ങളുടെയും പാരമ്പര്യങ്ങളുടെയും സ്രോതസ്സാണ് എന്ന വസ്തുത സഭയുടെ അപ്പസ്തോലിക സ്വഭാവം വെളിപ്പെടുത്തുന്ന രണ്ടാമത്തെ കാരണമാണ്. (3) അപ്പസ്തോലന്മാരായ പത്രോസും പൗലോസും, പിന്നീട് അവരുടെ പിന്‍ഗമികളായ വിശുദ്ധരായ പാപ്പാമാരുമാണ് സഭയെ ചരിത്രത്തിലുടനീളം നയിച്ചത്, ഇന്നും നയിക്കുന്നത് എന്ന സത്യവും സഭയുടെ അപ്പസ്തോലിക ഭാവത്തിന്‍റെ മൂന്നാമത്തെ തെളിവായും ഫാദര്‍ കൊവാല്‍സിക്ക് സമര്‍ത്ഥിച്ചു.

‘അപ്പസ്തലോസ്’ apostolos എന്ന ഗ്രീക്കു വാക്കിനര്‍ത്ഥം, ‘അയക്കുക,’ ‘അയക്കപ്പെട്ടവന്‍’ എന്നാണെന്നും, ക്രിസ്തു 12 പേരെ വിളിച്ച്, അവരെ തന്‍റെ കൂടെ സ്നേഹിതരും ശിഷ്യരുമായി നയിച്ച്, അവസാനം തന്‍റെ ആശയങ്ങളുടെയും പഠനങ്ങളുടെയും പ്രബോധകരായി അവരെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേയ്ക്കും അയച്ചുവെന്ന് സുവിശേഷങ്ങളും ആദിമ ക്രൈസ്തവരുടെ ജീവിതം ചിത്രീകരിക്കുന്ന അപ്പസ്തോല നടപടിക്രമവും സാക്ഷൃപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു,” (യോഹ. 20, 21)
എന്ന ക്രിസ്തുവിന്‍റെ പ്രസ്താവം ‘അയക്കപ്പെട്ടവര്‍’ എന്ന സംജ്ഞ വ്യക്തമാക്കുവാന്‍ ഫാദര്‍ കൊവാല്‍സിക് ഉദ്ധരിച്ചു.

അപ്പോസ്തോലിക പിന്‍തുടര്‍ച്ച ഇന്ന് ആഗോള സഭാദ്ധ്യക്ഷനായ പാപ്പായിലൂടെ മെത്രാന്മാരിലേയ്ക്കും അജപാലന ശുശ്രൂഷകരായ വൈദികരിലേയ്ക്കും, ഡീക്കന്മാരിലേയ്ക്കും ചെന്നെത്തുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നുവെന്നും ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു. എന്നാല്‍ അപ്പസ്തോലിക പാരമ്പര്യത്തില്‍ കൈമാറ്റം ചെയ്യപ്പെടാനാവാത്ത വസ്തുതയാണ് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട സാക്ഷികളാകുക എന്നത്. അവര്‍, അപ്പസ്തോലന്മാര്‍ ജീവന്‍റെ വചനമായ ക്രിസ്തുവിനെ ശ്രവിക്കുകയും കാണുകയും അവിടുത്തെ സ്പര്‍ശിക്കുകയും ചെയ്തവരാണ്. “ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചു വീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയുന്നു” (1യോഹ. 1, 1).
Reported : nellikal, sedoc








All the contents on this site are copyrighted ©.