2013-07-10 19:51:50

റിയോ മേളയുടേ ഹരവും
ആനന്ദവും പാപ്പാ ഫ്രാന്‍സിസ്


10 ജൂലൈ 2013, വത്തിക്കാന്‍
റിയോ യുവജനമേളയുടെ ഹരവും ആനന്ദവും പാപ്പാ ഫ്രാന്‍സിസായിരിക്കുമെന്ന് അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവുസ് റയില്‍ക്കോ പ്രസ്താവിച്ചു. റിയോ യുവജന മേളയെക്കുറിച്ച് പാപ്പായുമായി വത്തിക്കാനില്‍ നടന്ന സ്വാകാര്യ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കര്‍ദ്ദിനാള്‍ ഇങ്ങനെ പങ്കുവച്ചത്. “ആകയാല്‍ നിങ്ങള്‍ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍,” (മത്തായി 28, 19) എന്ന സുവിശേഷ സന്ദേശവുമായി ജൂലൈ 23-മുതല്‍ 28-വരെ ബ്രസിലീല്‍ സംഗമിക്കുന്ന യുവജനമേളയെക്കുറിച്ച് ജൂലൈ 9-നു റോമില്‍ നടത്തിയ പ്രസ്താവനയിലാണ് വത്തിക്കാനുവേണ്ടി മേളയുടെ ഉത്തരവാദിത്വം വഹിക്കുന്ന കര്‍ദ്ദിനാള്‍ റയില്‍ക്കോ ഇങ്ങനെ പ്രസ്താവിച്ചത്.

സ്വാഭാവിക ഭാഷണ ശൈലികൊണ്ടും, അനുഭാവം വളര്‍ത്തുന്ന ലളിതവും പച്ചയുമായ വാക്കുകളുടെ പ്രയോഗംകൊണ്ടും, പെരുമാറ്റ രീതികൊണ്ടും ചുരുങ്ങിയ നാളില്‍ യുവജനങ്ങളുടെ പിതാവും സ്നേഹിതനുമായി തീര്‍ന്നിരിക്കുന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യം മേളയ്ക്ക് ഹരമാകുമെന്നും, യുവജനങ്ങളെ ക്രിസ്തുശിഷ്യരും അവിടുത്തെ പ്രേഷിതരുമാക്കുവാന്‍ പ്രചോദിപ്പിക്കുമെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ പ്രസ്താവനയില്‍ വെളിപ്പെടുത്തി. ലാറ്റിനമേരിക്കന്‍ മെത്രാന്‍ സമിതി 2007-ല്‍ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോയുടെ, ഇന്നത്തെ പാപ്പാ ഫ്രാന്‍സിസിന്‍റെ, നേതൃത്വത്തില്‍ രൂപംനല്കിയ ലാറ്റിനമേരിക്കന്‍ പ്രവിശ്യയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ നവീകരണത്തിനുള്ള അജപാലനപദ്ധതിയുടെ കരടുരൂപവും, മുന്‍പാപ്പ ബനഡിക്ട് 16-ാമന്‍‍ പ്രഖ്യാപിച്ച വിശ്വാസവര്‍ഷവും, റിയോ മേളയുടെ പ്രഖ്യാപിത സന്ദേശവും ഒത്തിണങ്ങുന്ന സഭയുടെ നവമായ പ്രേഷിത തീക്ഷ്ണത പുതുയുഗത്തില്‍ വിളിച്ചോതുന്ന പരിശുദ്ധാത്മ പ്രചോദനമായ മഹാമേളയുമാണിതെന്നും കര്‍ദ്ദിനാല്‍ റയില്‍ക്കോ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.

മേളയുടെ അടിസ്ഥാന രൂപം മുന്‍കാലങ്ങളില്‍ ചെയ്തതുപോലെയാണെങ്കിലും
ആതിഥേയ രാഷ്ട്രങ്ങളുടെ സാമൂഹ്യ സാംസ്ക്കാരിക മതാത്മക പരസരങ്ങള്‍ സംഗമത്തിന്‍റെ പൊതുഘടനയില്‍ ആവര്‍ത്തിക്കാനാവാത്തതും അനന്യവുമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ റയില്‍ക്കോ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc








All the contents on this site are copyrighted ©.