2013-07-09 16:54:52

‘അദൃശ്യ ജീവിതം’ നയിക്കുന്ന അഭയാര്‍ത്ഥികള്‍


09 ജൂലൈ 2013, റോം
അഭയാര്‍ത്ഥി കേന്ദ്രമായ ലാംമ്പെദൂസാ ദ്വീപിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ഇടയ സന്ദര്‍ശനം അര്‍ത്ഥവത്തെന്ന് യുനിസെഫ് (UNICEF) ഇറ്റലിയുടെ പ്രസിഡന്‍റ് ജ്യാക്കൊമെ ഗ്വറേര അഭിപ്രായപ്പെട്ടു. യുദ്ധത്തിലും സംഘട്ടനങ്ങളിലും നിന്ന് രക്ഷപ്പെടാനോ ദാരിദ്ര്യത്തിന്‍ നിന്ന് മോചനം നേടാനോ വേണ്ടിയാണ് കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും സ്വദേശത്തു നിന്ന് പലായനം ചെയ്യുന്നത്. മെച്ചപ്പെട്ട ഒരു ഭാവി സ്വപ്നം കണ്ട് ലാമ്പെദൂസാ തീരത്തണയുന്നവരില്‍ കൊച്ചുകുട്ടികള്‍ പോലുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അനധികൃതമായി കുടിയേറി ‘അദൃശ്യ ജീവിതം’ നയിക്കുന്ന അനേകം എളിയ സഹോദരങ്ങളുടെ മനുഷ്യാന്തസ്സ് വീണ്ടെടുക്കാനുള്ള തീവ്രാഭിലാഷവും അവരോടുള്ള സഹാനുഭൂതിയുമാണ് പേപ്പല്‍ സന്ദര്‍ശനത്തില്‍ പ്രതിഫലിച്ചതെന്നും ഗ്വറേര അഭിപ്രായപ്പെട്ടു.

ലാമ്പെദൂസാ മൈതാനത്ത് അര്‍പ്പിച്ച ദിവ്യബലിയില്‍ പ്രശാന്തമായ അഭയകേന്ദ്രങ്ങള്‍ കണ്ടെത്തി അന്തസ്സോടെ ജീവിക്കാന്‍ കുടിയേറ്റക്കാര്‍ക്കു സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ച പാപ്പ, കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്തുക്കാരുടെ മാനസാന്തരത്തിനുവേണ്ടിയും മറിയത്തിന്‍റെ മാദ്ധ്യസ്ഥ സഹായം തേടിയിരുന്നു. അഭയം തേടിയെത്തുന്നവരുടെ അവസ്ഥ ദുഃസഹമാക്കുന്ന നിയമനിര്‍മ്മാണം നടത്തുന്നവരെ പാപ്പ തദവസരത്തില്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.

വാര്‍ത്താ സ്രോതസ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.