2013-07-09 16:55:17

ബോധഗയ ആക്രമണത്തെ കര്‍ദിനാള്‍ ഗ്രേഷ്യസ് അപലപിച്ചു


09 ജൂലൈ 2013, മുംബൈ
ബോധഗയ പട്ടണത്തിലും മഹാബോധി ക്ഷേത്രവളപ്പിലും നടന്ന ഭീകരാക്രമണത്തെ ഇന്ത്യയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അപലപിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ നടന്ന സ്‌ഫോടന പരമ്പരയില്‍ രണ്ടു ബുദ്ധസന്യാസിമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കു പരുക്കേറ്റു. പരിക്കേറ്റവരില്‍ മ്യാന്‍മര്‍, ടിബറ്റ്, തായ്‌ലന്‍ഡ് സ്വദേശികളുമുള്‍പ്പെടുന്നു. ഇവരെ മഗധ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ തീര്‍ഥാടകരും സന്യാസിമാരും കുറവായിരുന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവായെങ്കിലും സ്ഫോടന പരമ്പര ബോധ്ഗയ ക്ഷേത്രനഗരിയില്‍ മണിക്കൂറുകളോളം കടുത്ത പരിഭ്രാന്തി പരത്തി. കൃത്യമായി ആസൂത്രണംചെയ്ത് നടപ്പാക്കിയ സ്ഫോടനപരമ്പര ഭീകരാക്രമണം തന്നെയാണെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിലപാട്. സ്ഫോടനത്തെത്തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള പൊതുജനസന്ദര്‍ശനം തത്കാലം നിര്‍ത്തിവെച്ചു. എന്നാല്‍ പൂജകള്‍ പതിവുപോലെ നടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഒരു ആരാധാനാകേന്ദ്രത്തിനു നേരെ നടന്ന ഹീനമായ ഈ ആക്രമണത്തില്‍ താന്‍ അത്യധികം ഉത്കണ്ഠാകുലനാണെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ്, ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. ആക്രമണത്തില്‍ പരിക്കുപറ്റിയവര്‍ക്കും മാനസിഘാകാതമേറ്റവര്‍ക്കും അദ്ദേഹം തന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്‍കി. ലോകമെമ്പാടും നിന്നുള്ള ബുദ്ധമത തീര്‍ത്ഥാടകരോട് ഖേഃദം രേഖപ്പെടുത്തിയ കര്‍ദിനാള്‍ ഗ്രേഷ്യസ് സമാധാനത്തിന്‍റേയും സഹാനുഭൂതിയുടേയും ഐക്യത്തിന്‍റേയും നാടാണ് ഇന്ത്യയെന്ന് അവരെ അനുസ്മരിപ്പിക്കുകയും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. മനസാക്ഷിക്കു നിരക്കാത്ത ഈ ആക്രമണത്തിനു നേരെ ഇന്ത്യയിലെ കത്തോലിക്കാ സഭയും ക്രൈസ്തവ സമൂഹവും ഇതര മതസമൂഹങ്ങളും കൈകോര്‍ക്കണം. തിന്‍മയെ തിന്‍മകൊണ്ടു നേരിടാനല്ല, നന്മ കൊണ്ട് തിന്‍മയ്ക്കു മേല്‍ വിജയം നേടാനും സ്നേഹത്തിലും സേവനത്തിലും നീതിയിലും അധിഷ്ഠിതമായ, കൂടുതല്‍ സ്വതന്ത്രവും സുരക്ഷിതവുമായ ഒരു സമൂഹം പടുത്തുയര്‍ത്താനുമാണ് മതസമൂഹങ്ങള്‍ ഒരുമിച്ച് അണിനിരക്കേണ്ടതെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്: ഏഷ്യാ ന്യൂസ് ഏജന്‍സി








All the contents on this site are copyrighted ©.