2013-07-09 13:36:07

ഇസ്രായേലിന്‍റെ ജീവിതപരിസരത്തിലെ
ആരാധനക്രമ നിഷ്ഠകള്‍ (46)


RealAudioMP3 ുറപ്പാടിന്‍റെ 25-മുതലുള്ള അദ്ധ്യായങ്ങള്‍ ഈ ഗ്രന്ഥത്തിന്‍റെ പൗരോഹിത്യ പാരമ്പര്യത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്. ചരിത്രപരമായി ഇനിയും ക്ലിപ്തത ലഭിക്കാത്ത പുറപ്പാടു ഗ്രന്ഥം, വിവിധ കാലഘട്ടങ്ങളിലും പാരമ്പര്യങ്ങളിലുമായി ഹെബ്രായ സമൂഹത്തില്‍ വളര്‍ന്നു വന്നതാണെന്ന വസ്തുത നിരൂപകന്മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. E*lohistic J*ahweistic P*riestly എന്നീ മൂന്നു പാരമ്പര്യങ്ങളാണ് അവ. ദൈവത്തെ‘ഈലോയ്’ അല്ലെങ്കില്‍ ‘ഏലോയ്’ എന്നു വിളിക്കുന്ന പാരമ്പര്യമാണ് E*lohistic. J*ahweistic പാരമ്പര്യത്തില്‍ ദൈവത്തെ ‘യാവേ’ അല്ലെങ്കില്‍ ‘യഹോവ’ എന്നും അഭിസംബോധന ചെയ്തിരുന്നു. ഇസ്രായേലിലെ പുരോഹിത വര്‍ഗ്ഗത്തെ കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന കര്‍മ്മാദികളുടെയും ചുറ്റുവട്ടങ്ങളുടെയും കാലഘട്ടത്തെയാണ് P*riestly, പൗരോഹിത്യ പാരമ്പര്യമെന്ന് അറിയപ്പെടുന്നത്. പുറപ്പാടിന്‍റെ 25, 26 അദ്ധ്യായങ്ങള്‍ വിശദമായി വിവരിക്കുന്ന സാക്ഷൃപേടകം, അപ്പത്തിന്‍റെ തിരുസാന്നിദ്ധ്യ വേദി, ബലിപീഠം എന്നിവ പൗരോഹിത്യ പാരമ്പര്യത്തില്‍ വളര്‍ന്നുവന്നതും രചിക്കപ്പെട്ടതുമാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇങ്ങനെയുള്ള ത്രിവിധ പാരമ്പര്യങ്ങളിലൂടെ കൈമാറപ്പെട്ട പുറപ്പാടു ഗ്രന്ഥത്തിന്‍റെ പഠനം നമുക്കീ ഈ പ്രക്ഷേപണത്തില്‍ ശ്രവിക്കാം.

പൗരോഹിത്യ പാരമ്പര്യത്തില്‍ രൂപപ്പെട്ട രചനകളും വ്യാഖ്യാനങ്ങളും ഗ്രന്ഥത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നെയ്തു ചേര്‍ത്തിരിക്കുന്നതായി കാണപ്പെടുന്നു. അവ മുഖ്യമായും ഇസ്രായേലിന്‍റെ മതാനുഷ്ഠാനങ്ങളെ ആസ്പദമാക്കിയാണെന്നതും വ്യക്തമാണ്. കരുവേലമരംകൊണ്ട് ഒരു പേടകം നിര്‍മ്മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും, ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം. ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ട് അതിന്‍റെ അകവും പുറവും പൊതിയണം. അതിനുമീതേ ചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള ഒരു അരികുപാളി ഉറപ്പിക്കണം.

നാലു സ്വര്‍ണ്ണ വളയങ്ങളുണ്ടാക്കി പേടകത്തിന്‍റെ ചുവട്ടിലെ നാലു മൂലകളില്‍ ഘടിപ്പിക്കണം. രണ്ടെണ്ണം ഒരു വശത്തും രണ്ടെണ്ണം മറുവശത്തും ആയിരിക്കണം. കരുവേലമരംകൊണ്ടു തണ്ടുകളുണ്ടാക്കി അവയും സ്വര്‍ണ്ണംകൊണ്ടു പൊതിയണം. പേടകം വഹിച്ചുകൊണ്ടു പോകാന്‍ പാര്‍ശ്വവളയങ്ങളിലൂടെ മരത്തിന്‍റെ തണ്ടുകള്‍ സ്ഥാപിക്കണം. തണ്ടുകള്‍ എപ്പോഴും പേടകത്തിന്‍റെ വളയങ്ങളില്‍ത്തന്നെ ഉണ്ടായിരിക്കണം. അവയില്‍നിന്നെടുത്തു മാറ്റരുത്. ഞാന്‍ തരാന്‍ പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തില്‍ നിക്ഷേപിക്കണം.

പിന്നെ ശുദ്ധിചെയ്ത സ്വര്‍ണ്ണംകൊണ്ട് ഒരു കൃപാസനം നിര്‍മ്മിക്കണം. അതിന്‍റെ നീളം രണ്ടര മുഴവും, വീതി ഒന്നര മുഴവും ആയിരിക്കണം. കൃപാസനത്തിന്‍റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണ്ണംകൊണ്ട് രണ്ടു മാലാഖമാരെ, ചെറൂബുകളെ നിര്‍മ്മിക്കണം. അവയുടെ രണ്ടറ്റവും ഒന്നായി ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം അവ നിര്‍മ്മിക്കാന്‍. കൃപാസനം മൂടത്തക്കവിധം ചെറൂബുകള്‍, മാലാഖമാര്‍ ചിറകുകള്‍ മുകളിലേയ്ക്കു വിരിച്ചുപിടിച്ചിരിക്കണം. കെറൂബുകള്‍ കൃപാസനത്തിലേയ്ക്കു തിരിഞ്ഞ് മുഖാമുഖം നിലകൊള്ളട്ടെ. കൃപാസനം പേടകത്തിനു മുകളില്‍ സ്ഥാപിക്കണം. ഞാന്‍ നിനക്കു നല്കുന്ന ഉടമ്പടിപ്പത്രിക പേടകത്തിനു മുകളില്‍ വച്ചിരിക്കണം. അവിടെവച്ചു ഞാന്‍ നിന്നെ മുഖാമുഖം ദര്‍ശിക്കും. കൃപാസനത്തിനു മുകളില്‍നിന്ന്, സാക്ഷൃപേടകത്തിനു മീതേയുള്ള കെറൂബുകളുടെ നടുവില്‍നിന്നു ഞാന്‍ നിന്നോടു സംസാരിക്കും. ഇസ്രായേലിനു വേണ്ടിയുള്ള എന്‍റെ കല്പനകളെല്ലാം ഞാന്‍ അവിടെവച്ച് നിന്നെ അറിയിക്കും, ഏല്പിക്കും.

പൗരോഹിത്യ പാരമ്പര്യത്തിലുള്ള പുറപ്പാടിന്‍റെ വ്യാഖ്യാനങ്ങള്‍ തുടരുകയാണ്. ... കരുവേലമരംകൊണ്ട് രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുള്ള ഒരു മേശ ഉണ്ടാക്കണം. തനി സ്വര്‍ണ്ണംകൊണ്ട് അതു പൊതിയുകയും സ്വര്‍ണ്ണംകൊണ്ടുതന്നെ അതിന് അരികുപാളി പിടിപ്പിക്കുകയും വേണം. അതിനു ചുറ്റും കൈപ്പത്തിയുടെ വീതിയിലുള്ള ഒരു ചട്ടമുണ്ടാക്കുകയും, ചട്ടത്തിനു ചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളി പടിപ്പിക്കുകയും വേണം. സ്വര്‍ണ്ണംകൊണ്ടു നാലു വളയങ്ങളുണ്ടാക്കി, മേശയുടെ നാലു മൂലകളിലുള്ള കാലുകളില്‍ ഘടിപ്പിക്കുക. വളയങ്ങളിലൂടെ തണ്ടുകളിട്ട്, മേശ ചുമന്നുകൊണ്ടു പോകാനായി, കരുവേലമരംകൊണ്ടുണ്ടാക്കിയതും സ്വര്‍ണ്ണംകൊണ്ടു പൊതിഞ്ഞതുമായ തണ്ടുകള്‍ ഉപയോഗിക്കുക. താലങ്ങളും തളികകളും കലശങ്ങളും സ്വര്‍ണ്ണം കൊണ്ടുണ്ടാക്കണം. തിരുസാന്നിദ്ധ്യത്തിന്‍റെ അപ്പം എപ്പോഴും എന്‍റെ മുന്‍പാകെ മേശപ്പുറത്തു വച്ചിരിക്കണം. സ്വര്‍ണ്ണംകൊണ്ട് വിളക്കു കാലുകളും ഉണ്ടാക്കണം. അതിന്‍റെ ചുവടും തണ്ടും ചഷകങ്ങളും മുകുളങ്ങളും പുഷ്പങ്ങളും ഓരേ സ്വര്‍ണ്ണത്തകിടില്‍ തീര്‍ത്തതായിരിക്കണം. ഒരു വശത്തുനിന്നും മൂന്ന്, മറുവശത്തുനിന്ന് മൂന്ന് എന്ന കണക്കില്‍ വിളക്കുകാലിന്‍റെ ഇരുവശത്തുമായി ആറു ശാഖകളുണ്ടായിരിക്കണം. ഓരോ ശാഖയിലും ബദാംപൂവിന്‍റെ ആകൃതിയില്‍ മകുളങ്ങളോടും പുഷ്പ ദലങ്ങളോടുംകൂടിയ മൂന്നു ചഷകങ്ങളുണ്ടായിരിക്കണം.

വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ആറു ശാഖകളില്‍ ഓരോ ജോടിയുടെയും അടിയില്‍ ഓരോ മുകുളം എന്ന കണക്കിന് മൂന്നു മുകുളങ്ങള്‍ ഉണ്ടായിരിക്കണം. അടിച്ചു പരത്തിയ തനി സ്വര്‍ണ്ണത്തിന്‍റെ ഒരേ തകിടിലായിരിക്കണം മുകുളങ്ങളും ശാഖകളുമെല്ലാം നിര്‍മ്മിക്കുന്നത്.
തണ്ടിന്മേലും അതിന്‍റെ ശാഖകളിന്മേലും വയ്ക്കാന്‍വേണ്ടി ഏഴു വിളക്കുകള്‍ ഉണ്ടാക്കണം. അവ വിളക്കുകാലിനു മുന്‍പില്‍ പ്രകാശം വീശത്തവിധം സ്ഥാപിക്കണം. തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും സ്വര്‍ണ്ണംകൊണ്ടു നിര്‍മ്മിച്ചതായിരിക്കട്ടെ. വിളക്കുകാലും ഉപകരണങ്ങളുമെല്ലാം സ്വര്‍ണ്ണംകൊണ്ടുവേണം നിര്‍മ്മിക്കാന്‍. സീനായില്‍വച്ചു നിന്നെ ഞാന്‍ കാണിച്ച മാതൃകയില്‍ ഇവയെല്ലാം നിര്‍മ്മിക്കാനും ശ്രദ്ധിക്കണം. മോശയ്ക്കു ദൈവം നേരിട്ടു നല്കുന്നതുപോലെയാണ് ഈ വിവരണങ്ങള്‍ പൗരോഹിത്യ പാരമ്പര്യത്തിലെ ഗ്രന്ഥകാരന്‍ ചേര്‍ത്തിരിക്കുന്നത്.

ഇനി നാം 26- അദ്ധ്യായത്തിലേയ്ക്കാണ് കടക്കുന്നത്. പുറപ്പാടിലെ പൗരോഹിത്യ പാരമ്പര്യത്തില്‍ രൂപപ്പെട്ട ഈ ഭാഗം സാക്ഷൃകൂടാരത്തെക്കുറിച്ചുള്ള വിവരണമാണ്. പത്തു വിരികള്‍കൊണ്ടു നീ വിശുദ്ധകൂടാരം നിര്‍മ്മിക്കണം. നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളോടുകൂടി നെയ്തെടുത്ത നേര്‍ത്ത ചണവസ്ത്രം കൊണ്ടായിരിക്കണം വിരികള്‍ നിര്‍മ്മിക്കേണ്ടത്. കെറൂബുകളെക്കൊണ്ടു വിദഗ്ദ്ധമായി അലങ്കരിച്ചതുമായിരിക്കണം. ഒരു വിരിയുടെ നീളം ഇരുപത്തെട്ടു മുഴവും, വീതി നാലു മുഴവുമായിരിക്കട്ടെ. എല്ലാ വിരികളും ഒരേ അളവിലുള്ളതായിരിക്കട്ടെ. അഞ്ചു വിരികള്‍ ഒന്നോടൊന്നു ചേര്‍ത്തു തുന്നണം. അതുപോലെ മറ്റേ അഞ്ചു വിരികളും. ആദ്യഗണം വിരികളില്‍ നീല നൂല്‍കൊണ്ടു വളയങ്ങള്‍ തുന്നിച്ചേര്‍ക്കണം. അപ്രകാരം തന്നെ, രണ്ടാംഗണം വിരികളിലും അവസാനത്തേതിന്‍റെ വക്കിലും. ആദ്യത്തെ വിരിയില്‍ അന്‍പതു വളയങ്ങള്‍ ഉണ്ടായിരിക്കണം. വളയങ്ങള്‍ ഒന്നിനുനേരേ ഒന്നു വരത്തക്ക വിധത്തിലായിരിക്കട്ടെ.

സ്വര്‍ണ്ണംകൊണ്ടു അന്‍പതു കൊളുത്തുകള്‍ ഉണ്ടാക്കണം. എന്നിട്ട് ഇരുഗണം വിരികളും കൊളുത്തുകൊണ്ട് യോജിപ്പിക്കുമ്പോള്‍ അതൊരു കൂടാരമാകും. കൂടാരത്തിന്‍റെ മുകള്‍ഭാഗം മൂടുന്നതിനായി ആട്ടിന്‍രോമം കൊണ്ടു പതിനൊന്നു വിരികള്‍ ഉണ്ടാക്കണം. ഓരോ വിരിക്കും മുപ്പതുമുഴം നീളവും നാലുമുഴം വീതിയുമുണ്ടായിരിക്കണം. പതിനൊന്നു വിരികളും ഒരേ അളവിലായിരിക്കട്ടെ. അഞ്ചു വിരികള്‍ യോജിപ്പിച്ച് ഒരു ഗണവും,
ആറു വിരികള്‍ യോജിപ്പിച്ച് വേറൊരു ഗണവും ഉണ്ടാക്കണം. ആറാമത്തെ വിരി കൂടാരത്തിന്‍റെ മുന്‍ഭാഗത്തു മടക്കിയിടാവുന്നതായിരിക്കണം. ഒന്നാമത്തെ ഗണം വിരികളില്‍ അവസാനത്തേതിന്‍റെ വക്കില്‍, അന്‍പതു വളയങ്ങളും, രണ്ടാം ഗണം വിരികളില്‍ അവസാനത്തേതിന്‍റെ വക്കില്‍ അന്‍പതു വളയങ്ങളും തുന്നിച്ചേര്‍ക്കുക. ഓടുകൊണ്ടുള്ള അന്‍പതു കൊളുത്തുകളുണ്ടാക്കി, അവ വളയങ്ങളിലൂടെ ഇട്ട് കൂടാരം ഒന്നായി യോജിപ്പിക്കുക.


ഈജിപ്തില്‍ നിന്നുമുള്ള ഇസ്രായേല്‍ ജനത്തിന്‍റെ മോചനം വിവിരിക്കുന്ന ഐതിഹാസിക രചനയാണ് പുറപ്പാട്. ഈ സംഭവം തന്നെ രക്ഷാകര ചരിത്രത്തിലെ മറ്റു മോചന കഥകള്‍ക്ക് മാതൃകയായിട്ടുണ്ട്. പുറപ്പാടിന്‍റെ ക്ലിപ്തമായ കാലഘട്ടം സൂചിപ്പിക്കുന്ന സംഭവങ്ങളൊന്നും പഠനങ്ങളില്‍ ലഭിച്ചിട്ടില്ല. പുറപ്പാടിന്‍റെ കാലഘട്ടം തെളിയിക്കുന്ന രേഖകള്‍ ഈജിപ്ഷ്യന്‍ ഗ്രന്ഥശേഖരങ്ങളിലും അപ്രാപ്യമാണ്.
നമുക്കു ലഭിച്ചിട്ടുള്ള ‘ഇലോഹിസ്റ്റ്,’ ‘യാവിസ്റ്റ്,’ ‘പ്രൊഫെറ്റിക്ക്’ എന്നീ പാരമ്പര്യങ്ങളെ ആസ്പദമാക്കിയുള്ള പുറപ്പാടു ഗ്രന്ഥത്തിന്‍റെ പഠനം തുടരാം.








All the contents on this site are copyrighted ©.