2013-07-09 16:53:55

അഭയാര്‍ത്ഥികളുടെ കദനകഥകള്‍ക്ക് കാതോര്‍ത്ത് മാര്‍പാപ്പ


08 ജൂലൈ 2013, ലാമ്പെദൂസാ
ഇറ്റലിയുടെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് സമീപം സ്ഥിതിചെയ്യുന്ന ലാമ്പെദൂസാ ദ്വീപിലേയ്ക്ക് ജൂലൈ 8ന് അപ്പസ്തോലിക പര്യടനം നടത്തിയ മാര്‍പാപ്പ അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അഭയാര്‍ത്ഥികളോട് സംസാരിക്കുകയും അവരുടെ പരിവേദനങ്ങള്‍ ശ്രവിക്കുകയും ചെയ്തു. ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു അഭയാര്‍ത്ഥികളില്‍ സിംഹഭാഗവും. സാഹസികമായ കുടിയേറ്റയാത്രയ്ക്കിടയില്‍ ജീവന്‍ പൊലിഞ്ഞ ഇരുപതിനായിരത്തോളം അഭയാര്‍ത്ഥികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അവരുടെ സ്മരാണര്‍ത്ഥം ഒരു പുഷ്പ ചക്രം സമുദ്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് മാര്‍പാപ്പ കുടിയേറ്റക്കാരുമായി സ്നേഹസംവാദത്തിലേര്‍പ്പെട്ടത്. അറബിഭാഷയില്‍ മാര്‍പാപ്പയോട് സംസാരിച്ച കുടിയേറ്റക്കാരുടെ പ്രതിനിധി പാപ്പായുടെ സന്ദര്‍ശനത്തിന് നന്ദി പറഞ്ഞു. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളാണ് തങ്ങളെ കുടിയേറാന്‍ നിര്‍ബന്ധിക്കുന്നത്. യാത്രയില്‍ പ്രതിസന്ധികള്‍ നിരവധിയുണ്ട്. യാത്രയ്ക്കിടയില്‍ പലരും മനുഷ്യക്കടത്തുക്കാരുടെ കയ്യില്‍പ്പെട്ടുപോകുന്നു. നീണ്ട സഹനത്തിന്‍റെ കദനകഥകള്‍ മാര്‍പാപ്പയോട് വിവരിച്ച കുടിയേറ്റക്കാര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മാര്‍പാപ്പയ്ക്ക് സാധിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. ഇറ്റലിയും ഇതര യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളെ സഹായിക്കാന്‍ സന്നദ്ധമാകുമെന്ന പ്രതീക്ഷയും അവര്‍ തദവസരത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.