2013-07-08 17:14:47

ട്രിനിഡാഡ് ആന്‍റ് ടൊബാഗോയുടെ പ്രഡിഡന്‍റുമായി ഫ്രാന്‍സിസ് പാപ്പയുടെ കൂടിക്കാഴ്ച്ച


08 ജൂലൈ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്‍റ് ടൊബാഗോയുടെ പ്രസിഡന്‍റ് ആന്‍റണി തോമാസ് അക്വിനാസ് കാര്‍മോണയുമായി കൂടിക്കാഴ്ച്ച നടത്തി. ജൂലൈ 6ാം തിയതി ശനിയാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക് മെംമ്പേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റും സംഘവും കൂടിക്കാഴ്ച്ച നടത്തി.

തെക്കന്‍ കരീബിയനിലെ ഒരു ദ്വീപസമൂഹമായ റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടൊബാഗോയിലെ സാമൂഹ്യ സാംസ്ക്കാരിക വളര്‍ച്ചയില്‍ കത്തോലിക്കാ സഭ നല്‍കുന്ന നിര്‍ണ്ണായ സംഭാവനകള്‍, വിശിഷ്യാ വിദ്യാഭ്യാസം, ആരോഗ്യം, ആതുര സേവനം എന്നീ മേഖലകളില്‍ സഭയുടെ സേവനങ്ങള്‍ കൂടിക്കാഴ്ച്ചയില്‍ സംഭാഷണവിഷയമായി. യുവജന പരിപാലന രംഗത്തും അക്രമങ്ങളും കുറ്റകൃത്യങ്ങളും പ്രതിരോധിക്കാനുള്ള പരിശ്രമത്തിലും രാഷ്ട്രവും സഭയും കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും സംഭാഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടുവെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. സമഗ്ര മാനവ വികസനം, കുടുംബസംരക്ഷണം തുടങ്ങി ഗൗരവമേറിയ മറ്റുവിഷയങ്ങളെക്കുറിച്ചും ചര്‍ച്ചനടന്നുവെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.