2013-07-08 17:12:52

കുടിയേറ്റക്കാര്‍ക്ക് സാന്ത്വനമായ് ഫ്രാന്‍സിസ് മാര്‍പാപ്പ


08 ജൂലൈ 2013, വത്തിക്കാന്‍
കുടിയേറ്റക്കാര്‍ക്ക് സ്നേഹ സാന്ത്വനമേകാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലാംമ്പെദൂസാ ദ്വീപിലെത്തി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിനു സമീപം സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ ഭൂപ്രദേശമായ ലാമ്പദൂസ ദ്വീപ്, യുദ്ധത്തിന്‍റെയും, ആഭ്യന്തരകലാപത്തിന്‍റെയും, വര്‍ഗ്ഗീയ പ്രക്ഷോഭത്തിന്‍റെയും കാലാവസ്ഥാക്കെടുതിയുടെയും പ്രകൃതിക്ഷോഭത്തിന്‍റെയും കെടുതികളില്‍ നിന്ന് രക്ഷനേടാന്‍ ആയിരക്കണക്കിനാളുകള്‍ അഭയം തേടുന്നിടമാണ്. തിങ്കളാഴ്ച രാവിലെ ലാമ്പെദൂസ ദ്വീപിലെത്തിയ മാര്‍പാപ്പ അഭയാര്‍ത്ഥികളുടെ പരിവേദനങ്ങള്‍ ശ്രവിക്കുകയും അവരെ സമാശ്വസിപ്പിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

പ്രതീക്ഷയുടെ കരകാണും മുന്‍പേ മരണം വരിച്ച അനേകരുടെ ശ്മശാന ഭൂമിയായ മദ്ധ്യധരണാഴിയില്‍ മാര്‍പാപ്പ ഒരു പുഷ്പചക്രം സമര്‍പ്പിച്ചു. കുടിയേറ്റശ്രമത്തില്‍ ജീവന്‍ പൊലിഞ്ഞവരെ അനുസ്മരിച്ച് പ്രാര്‍ത്ഥിച്ച പാപ്പ കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥവും തേടി.

ലാമ്പെദൂസ പൗരന്‍മാരും കുടിയേറ്റക്കാരുമടക്കം പന്ത്രണ്ടായിരത്തിലേറെ പേരാണ് ലാമ്പദൂസ ദ്വീപിലെ “അരേന”മൈതാനത്ത് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹദിവ്യബലിയില്‍ സംബന്ധിച്ചത്. ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തില്‍, കുടിയേറ്റക്കാര്‍ക്ക് സ്വാഗതമേകുന്ന ലാമ്പദൂസാ പൗരസമൂഹത്തിന് മാര്‍പാപ്പ പ്രത്യേകം നന്ദി പറഞ്ഞു. കുടിയേറ്റക്കാരുടെ ദുരന്താനുഭവങ്ങളേയും ദാരുണഅന്ത്യത്തേയും സംബന്ധിച്ച വാര്‍ത്തകള്‍ ഹൃദയഭേദകമാണ്. അവരുടെ സമീപത്തെത്തി ആശ്വസിപ്പിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമാണ് താന്‍ ഈ സന്ദര്‍ശനം നടത്തുന്നതെന്ന് പറഞ്ഞ പാപ്പ തന്‍റെ സന്ദര്‍ശനം മാനവ മനസാക്ഷിയെ തൊട്ടുണര്‍ത്താന്‍ ഇടയാകുമെന്ന പ്രത്യാശയും തദവസരത്തില്‍ പ്രകടിപ്പിച്ചു.
ഇസ്ലാം മതസ്ഥരായ കുടിയേറ്റക്കാരെ പ്രത്യേകം അഭിവാദ്യം ചെയ്ത മാര്‍പാപ്പ റമദാന്‍ നോമ്പ് ആരംഭിക്കുന്ന അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനയും ആശംസകളുമേകി.
“നിന്‍റെ സഹോദരന്‍ എവിടെ”? എന്ന് ആബേലിനെക്കുറിച്ച് കായേനോട് ദൈവം ചോദിച്ച ചോദ്യം ഇന്ന് നാമോരോരുത്തരോടും ദൈവം ആവര്‍ത്തിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ആബേലിന്‍റെ രക്തം ഭൂമിയില്‍ നിന്ന് ദൈവത്ത വിളിച്ചു കരഞ്ഞതുപോലെ കുടിയേറ്റ പ്രക്രിയയില്‍ മരണമടഞ്ഞവരുടേയും, അവഗണനയുടേയും ചൂഷണത്തിന്‍റേയും കയ്പ്പുനീര്‍ രുചിക്കുന്നവരുടേയും വിലാപം ദൈവസന്നിധിയിലേക്ക് ഉയരുന്നു. ദരിദ്രരെ ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്തുകാര്‍ക്കെതിരേ ആഞ്ഞടിച്ച പാപ്പ, അന്യരുടെ നിസഹായത അവര്‍ സ്വന്തം നേട്ടത്തിനുള്ള മാര്‍ഗമാക്കി മാറ്റുന്നുവെന്ന് കുറ്റപ്പെടുത്തി. സാഹോദര്യത്തിന്‍റേയും കരുതലിന്‍റേയും മനോഭാവം ലോകത്തില്‍ ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ‘അവഗണനയുടെ ആഗോളവല്‍ക്കരണ’മാകട്ടെ വ്യാപകമായിക്കൊണ്ടിരിക്കുന്നു.
കുടിയേറ്റ യാത്രയില്‍ മരണമടഞ്ഞവരെ പ്രതി കരഞ്ഞവരുണ്ടോ? എന്ന ചോദ്യമുന്നയിച്ച മാര്‍പാപ്പ അന്യരുടെ വേദനയില്‍ പങ്കുചേരാനും അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുവാനുമുള്ള കഴിവ് ‘അവഗണനയുടെ ആഗോളവല്‍ക്കരണ’ത്തിനിടയില്‍ നമുക്ക് നഷ്ടമായിക്കൊണ്ടിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
അനേകം സഹോദരീ സഹോദരന്‍മാരോട് നാം കാണിച്ച അവഗണനയെ പ്രതി ദൈവത്തോട് ക്ഷമ യാചിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ വചന സന്ദേശം ഉപസംഹരിച്ചത്.


ദിവ്യബലിയുടെ സമാപന ആശീര്‍വാദത്തിനു മുന്‍പ് മാര്‍പാപ്പ കുടിയേറ്റക്കാര്‍ക്കുവേണ്ടി പരിശുദ്ധ മറിയത്തിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു പ്രാര്‍ത്ഥിച്ചു. പ്രശാന്തമായ അഭയകേന്ദ്രങ്ങളില്‍ അന്തസ്സോടെ ജീവിക്കാന്‍ കുടിയേറ്റക്കാര്‍ക്കു സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിച്ച പാപ്പ, കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന മനുഷ്യക്കടത്തുക്കാരുടെ മാനസാന്തരത്തിനുവേണ്ടിയും മറിയത്തിന്‍റെ സഹായം തേടി.

ദിവ്യബലിയുടെ സമാപനത്തില്‍ ലാമ്പദൂസ ദ്വീപ് ഉള്‍പ്പെടുന്ന അഗ്രിജെന്തോ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് മൊന്തെനെഗ്രോ ലാമ്പെദൂസ നിവാസികളുടേയും കുടിയേറ്റക്കാരുടേയും പേരില്‍ മാര്‍പാപ്പയ്ക്ക് കൃതജ്ഞതയര്‍പ്പിച്ചു.

റോമാ രൂപതയ്ക്കു വെളിയില്‍ മാര്‍പാപ്പ നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്‍ശനമായിരുന്നു ഇറ്റലിയുടെ തെക്കു-പടിഞ്ഞാറ് ഭാഗത്ത്, മദ്ധ്യധരണി ആഴിയില്‍ ടുണീഷ്യയ്ക്കു സമീപം സ്ഥിതിചെയ്യുന്ന ലാമ്പെദൂസാ ദ്വീപിലേയ്ക്കുള്ള അപ്പസ്തോലിക പര്യടനം.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.