2013-07-08 17:14:37

ഉത്സാഹവും ആനന്ദവും പങ്കുവയ്ക്കുന്ന വൈദിക - സന്ന്യസ്ത അര്‍ത്ഥികള്‍


08 ജൂലൈ 2013, വത്തിക്കാന്‍
ഉത്സാഹത്തോടെ ക്രിസ്തുവിനെ പിന്തുടര്‍ന്ന് ദൈവിക ആനന്ദം അന്യര്‍ക്കു പകര്‍ന്നു നല്‍കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വൈദിക വിദ്യാര്‍ത്ഥികളേയും സന്ന്യസ്താര്‍ത്ഥികളേയും അര്‍ത്ഥിനികളേയും ആഹ്വാനം ചെയ്തു. വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് ജൂലൈ 4 മുതല്‍ 7 വരെ റോമില്‍ നടന്ന വൈദിക - സന്ന്യസ്ത അര്‍ത്ഥികളുടെ സംഗമത്തില്‍ പങ്കെടുത്ത യുവതീയുവാക്കളുമായി ശനിയാഴ്ച വൈകീട്ട് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ആനന്ദത്തില്‍ ജീവിക്കാന്‍ അവരെ ആഹ്വാനം ചെയ്തത്. 66 രാജ്യങ്ങളില്‍ നിന്ന് വൈദിക വിദ്യാര്‍ത്ഥികളും സന്ന്യാസാര്‍ത്ഥികളും അര്‍ത്ഥിനികളും ആദ്യവ്രതവാഗ്ദാനം നടത്തിയവരുമായ ആറായിരത്തോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.
വിശുദ്ധിയുടെ ജീവിതത്തില്‍ സങ്കടത്തിന് സ്ഥാനമില്ലെന്ന് മാര്‍പാപ്പ അവരെ ഓര്‍മ്മിപ്പിച്ചു. ക്ഷണികസുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സമകാലിക സംസ്ക്കാരത്തില്‍ സ്വജീവിതത്തെ സംബന്ധിച്ച നിര്‍ണ്ണായക തിരുമാനങ്ങള്‍ സ്വീകരിക്കുക എളുപ്പമല്ല. തന്‍റെ യൗവ്വനകാലത്തെ സാംസ്ക്കാരിക സാഹചര്യം ഉറച്ച മനസോടെ സമര്‍പ്പണ ജീവിതത്തിലേക്കോ വിവാഹ ജീവിതത്തിലേക്കോ പ്രവേശിക്കാന്‍ അനുകൂലമായിരുന്നുവെന്ന് പാപ്പ അനുസ്മരിച്ചു. എന്നാല്‍ ഇക്കാലത്ത് ക്ഷണിക സംസ്ക്കാരത്തിന്‍റെ ഇരകളായിക്കൊണ്ടിരിക്കുകയാണ് നാമെന്ന് പാപ്പ അഭിപ്രായപ്പെട്ടു.
സമര്‍പ്പണ ജീവിതം ആത്യന്തികമായി അര്‍ത്ഥിയുടെ വ്യക്തിഗതമായ ഒരു തീരുമാനമല്ല. ദൈവത്തിന്‍റെ വിളിക്കുള്ള പ്രത്യുത്തരമാണത്. സ്നേഹത്തിന്‍റെ വിളിയോട് പ്രത്യുത്തരിച്ച് തങ്ങളുടെ ജീവിതം പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിക്കുന്നവര്‍ ദൈവം നല്‍കുന്ന ആനന്ദത്തില്‍ ജീവിക്കണം. ക്ഷണികമായ ലൗകിക ആനന്ദമല്ല താന്‍ ഉദേശിക്കുന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി. വൈദിക വിദ്യാര്‍ത്ഥികളും സന്ന്യാസ അര്‍ത്ഥിനികളും സമര്‍പ്പിത ജീവിതം തന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട പ്രതീതിയില്‍ ദുഃഖത്തോടെ ജീവിക്കുന്നതു കാണുന്നത് വേദനാജനകമാണ്. അത്തരത്തില്‍ ജീവിക്കുന്നവര്‍ ഒഴിഞ്ഞുപോകുന്നതാണ് ഭേദമെന്നും മാര്‍പാപ്പ പറഞ്ഞു
ആത്മീയ പരിശീലനം, ബൗദ്ധിക വളര്‍ച്ച, അപ്പസ്തോലിക ജീവിതം, സഹജീവനം (Community Living) എന്നീ നാല് അടിസ്ഥാന ശിലകള്‍ ദൈവവിളി സ്വീകരിച്ചവരുടെ പരിശീലനത്തില്‍ അത്യന്താപേക്ഷിതമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.