2013-07-06 18:03:05

മാറ്റങ്ങളെ ഭയപ്പെടരുതെന്നും
അവയോട്
നിസ്സംഗത കാട്ടരുതെന്നും


6 ജൂലൈ 2013, വത്തിക്കാന്‍
പ്രവര്‍ത്തന ബദ്ധരായിരിക്കുന്നതിനേക്കാള്‍ ക്രിസ്തുവില്‍ നവീകൃതരായിരിക്കുകയാണ് പ്രധാനമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂലൈ 6-ാം തിയതി ശനിയാഴ്ച പേപ്പല്‍ വസതിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പാപ്പായുടെ സഹകാര്‍മ്മികനായിരുന്നു.

മത്തായിയുടെ സുവിശേഷത്തില്‍ (9, 14-17) ക്രിസ്തു പറഞ്ഞ പുതുവീഞ്ഞിന്‍റെയും തോല്‍ക്കുടത്തിന്‍റെയും ഉപമയെ അടിസ്ഥാനമാക്കി ക്രിസ്തുവില്‍ നേടിയെടുക്കേണ്ട നവജീവനെക്കുറിച്ചാണ് പാപ്പാ ചിന്തകള്‍ പങ്കുവച്ചത്. ക്രിസ്തുവില്‍ ലോകത്തിന് ലഭ്യമായ പഴയ നിയമങ്ങളുടെ പൂര്‍ത്തീകരണവും പുതിയ ജീവിതക്രമവുമാണതെന്ന് പാപ്പാ വ്യക്തമാക്കി. സകലതും ക്രിസ്തുവില്‍ സമ്പന്നമാവുകയും നവീകരിക്കപ്പെടുകയും ചെയ്യുന്നു എന്നു പ്രസ്താവിച്ച പാപ്പാ, അവിടുന്നാണ് പഴയനിയമത്തെ നവീകരിച്ച് പക്വമാക്കിയതെന്നും ഉദ്ബോധിപ്പിച്ചു. എന്നാല്‍ ക്രിസ്തു പ്രഘോഷിച്ച ദൈവരാജ്യമാണ് നിയമങ്ങള്‍ക്കപ്പുറം മനുഷ്യര്‍ക്കു ലഭ്യമാകുന്ന നവജീവന്‍റെ സ്രോതസ്സെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ദൈവരാജ്യം അവിടെയും ഇവിടെയുമല്ല, അത് മനുഷ്യഹൃദയങ്ങളിലാണെന്ന് പാപ്പാ ഫ്രാന്‍സിസ് എടുത്തുപറഞ്ഞു. ഒത്തിരി പ്രവൃത്തികളില്‍ വ്യാപൃതരായിരിക്കുന്നതിലല്ല, ക്രിസ്തു മാര്‍ഗ്ഗത്തില്‍ നവീകൃതരായി അനുദിനം ജീവിക്കുക എന്നതാണ് ക്രൈസ്തവ വിളിയും ധര്‍മ്മവും എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിന്‍റെ വചനം മനുഷ്യര്‍ക്കായുള്ള പുതുവീഞ്ഞാണ്. നമ്മുടെ ജീവിതങ്ങളും ജീവിത പരിസരവും ദൈവവചനത്താല്‍ നവീകരിക്കപ്പെടുവാന്‍ ശിഷ്യാന്മാരോട് അവിടുന്ന് അനുദിനം ആവശ്യപ്പെടുന്നുണ്ട്. പുതുവീഞ്ഞ് പഴയ തോല്‍ക്കുടങ്ങളില്‍ നിറയ്ക്കാനാവില്ല. പുതുവീഞ്ഞിന്‍റെ വീര്യത്താല്‍ തോല്‍ക്കുടം കീറിപ്പോകും. അതുപോലെ ക്രിസ്തുവിന്‍റെ നവീനത ഉള്‍ക്കൊള്ളാന്‍ സഭയിലെ പഴയ ഘടനകളും സംവിധാനങ്ങളും നാം നവീകരിക്കേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ പരാമര്‍ശിച്ചു. കാലത്തിനും സംസ്ക്കരങ്ങള്‍ക്കും അനുരൂപപ്പെടുന്ന രീതിയിലും ശൈലിയിലും സുവിശേഷ ചൈതന്യത്താല്‍ സഭ പരിവര്‍ത്തന വിധേയമാകേണ്ടതുണ്ടെന്നു പാപ്പാ അഭിപ്രായപ്പെട്ടു. ഇതു സഭയുടെ ചരിത്രമാണ്. ക്രൈസ്തവനാകാന്‍ ആദ്യം പരിച്ഛേദനകര്‍മ്മത്തിലൂടെ യഹൂദനായിട്ടു വേണമായിരുന്നു. ഇങ്ങനെയുള്ള ആചാരാനുഷ്ഠാനങ്ങളുടെ കടമ്പകള്‍ കടന്നാണ് സഭ രൂപീകൃതമായത്. അങ്ങനെ ഘടനയിലുള്ള നവീകരണമായിരുന്നു സഭ ആദ്യം അഭിമുഖീകരിച്ചത്. സഭയുടെ ഘടനകളെ കാലാകാലങ്ങളില്‍ നവീകരിച്ചുകൊണ്ടുവേണം പരിശുദ്ധാരൂപിയില്‍ നിറഞ്ഞ് നാം വളരുവാനും നവീകരിക്കപ്പെടുവാനും. മാറ്റങ്ങള്‍ക്കു വിധേയരാകുന്നതിലും നവീകൃതരാകുന്നതിലും ഭയപ്പെടരുത്. സുവിശേഷത്തിന്‍റെ നവീനതയെ നാം തള്ളിക്കളയരുത്, മാറ്റിനിര്‍ത്തരുത്. കര്‍ത്താവിന്‍റെ അരൂപിയാല്‍ നിറഞ്ഞുള്ള നവീകരണത്തോട് നാം നിസങ്കത കാണിക്കയുമരുത്.

സഭയെന്നും നവപെന്തക്കൂസ്തയാണ്. മണവാളനെ സ്വീകരിക്കാന്‍ ഒരുങ്ങിനില്ക്കുന്ന മണവാട്ടിയെപ്പോലെ സദാ തയ്യാറായി നില്ക്കണം. ദുശ്ശീലങ്ങള്‍ക്കും ദുരാഗ്രഹങ്ങള്‍ക്കും അടിമപ്പെട്ടു കിടക്കാതെ ക്രൈസ്തവന്‍ അരൂപിയുടെ ആന്തരിക സ്വാതന്ത്ര്യത്തോട് തുറവുള്ളവനായിരിക്കണം. അപ്പോസ്തോലന്മാര്‍ പരിശുദ്ധ കന്യകാ മറിയത്തോടു ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ കര്‍ത്താവിന്‍റെ അരൂപിയെ സ്വീകരിച്ച നിറവിലാണ്
സഭ ഉണര്‍ന്നതും വളര്‍ന്നതുമെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

അമ്മയോടൊത്ത് ജീവിക്കുന്ന മക്കള്‍ സുരക്ഷിതരാണ്. സുവിശേഷത്തിന്‍റെ നവീനതയെ ഭയപ്പെടാതെ ജീവിക്കാനും, പൊള്ളയായ സാമൂഹ്യ ഘടനകള്‍ക്ക് അടിമപ്പെട്ടു പോകാതിരിക്കുവാനുമുള്ള അനുഗ്രഹങ്ങള്‍ തരണമേയെന്ന് ദിവ്യജനനിയോട് പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു. ലൗകായത്വത്തിന്‍റെ ആഞ്ഞടിക്കുന്ന അലമാലകളാല്‍ ജീവിതം ഭീതിദമാകുമ്പോള്‍ അങ്ങേ സ്വര്‍ഗ്ഗീയ ഉടയാടയുടെ ചുവടെ ഞങ്ങളെ ചേര്‍ത്തണയ്ക്കണമേ, എന്നു പരിശുദ്ധ ദിവ്യജനനിയോടു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പ വചനചിന്തകള്‍ ഉപസംഹരിച്ചത്.








All the contents on this site are copyrighted ©.