2013-07-05 17:12:21

ജോണ്‍ 23-ാമനെയും
ജോണ്‍ പോള്‍ രണ്ടാമനെയും
വിശുദ്ധരായി പ്രഖ്യാപിക്കും


5 ജൂലൈ 2013, വത്തിക്കാന്‍
വാഴ്ത്തപ്പെട്ടവരായ തന്‍റെ രണ്ടു മുന്‍ഗാമികളെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള പ്രമാണരേഖയിലും മറ്റ് അന്വേഷണ പത്രികകളിലും ജൂലൈ 5-ാം തിയതി വെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയും സംഘത്തിലെ മറ്റു ഉദ്യോഗസ്ഥരും പാപ്പാ ഫ്രാന്‍സിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുന്‍പാപ്പാമാരുടെ വിശുദ്ധപദ പ്രഖ്യാപനത്തിനുള്ള രേഖകള്‍ പരിശോധിച്ച് പാപ്പ ഒപ്പുവച്ചത്.

ജോണ്‍ പോള്‍ രാണ്ടാമന്‍ പാപ്പായുടെ വിശുദ്ധപദ പ്രഖ്യാപനത്തിനാവശ്യമായ അത്ഭുത രോഗശാന്തി ലബ്ദിയുടെ രേഖകള്‍ പാപ്പാ ഫ്രാന്‍സിസ് ആദ്യം പരിശോധിച്ച് അംഗീകരിച്ചു. എന്നാല്‍ ജോണ്‍ 23-ാമന്‍ പാപ്പായെ അദ്ദേഹത്തിന്‍റെ വാഴ്ത്തപ്പെട്ട പദവിയും അനിതരസാധാരണമായ ജീവിത വിശുദ്ധിയും പുണ്യങ്ങളും പരിഗണിച്ച്, അത്ഭുത രോഗശാന്തി ലബ്ദിയുടെ തെളിവ് ഇല്ലാതെതന്നെയാണ് വിശുദ്ധിയുടെ പദവിയിലേയ്ക്ക് ഉയര്‍ത്താന്‍, പതിവുകള്‍ തെറ്റിക്കുന്ന പാപ്പാ ഫ്രാന്‍സിസ് തീരുമാനിച്ചത്.
വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് തെളിവായി ദൈവദാസന്‍റെ മാദ്ധ്യസ്ഥ്യത്തില്‍ ലഭിക്കുന്ന അത്ഭുതരോഗ ശാന്തിതന്നെവ്യക്തിയുടെ ജീവിതവിശുദ്ധിക്ക് തെളിവാണെന്ന നവദൈവശാസ്ത്ര പണ്ഡിതന്മാരുടെ ഇടയില്‍ നിലനില്ക്കുന്ന വാദഗതിയെ പിന്‍തുണച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ജോണ്‍ 23-ാമന്‍ പാപ്പായെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്താന്‍ പോകുന്നത്. നാമകരണ നടപടികളുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ കണ്‍സിസ്ട്രി ചേരുന്ന ദിവസമോ, വിശുദ്ധപദപ്രഖ്യാപന ദിവസമോ കൂടിക്കാഴ്ചയില്‍ പാപ്പാ പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും അടുത്തു ചേരുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ യോഗത്തിലായിരിക്കും (consistory) രണ്ടു പാപ്പാമാരുടെയും വിശുദ്ധപദ പ്രഖ്യാപന തിയതി തീരുമാനിക്കുന്നത്. എന്നാല്‍ രണ്ടുപേരുടെയും ചടങ്ങ് ഒരുമിച്ച് വത്തിക്കാനില്‍ വര്‍ഷാവസാനം നടത്താനാണ് സാദ്ധ്യതയെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

സഭയുടെ ജാലകങ്ങള്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ ആധുനീക ലോകത്തിന് തുറന്നിട്ടുകൊണ്ട് ക്രൈസ്തവീകതയ്ക്ക് നവീകരണപാത തെളിച്ചുതന്ന ലാളിത്യമാര്‍ന്ന പുണ്യാത്മാവായിരുന്നു ജോണ്‍
23-ാമന്‍ പാപ്പായെങ്കില്‍ (1958-1963), ആധുനീകാനന്തര കാലഘട്ടത്തില്‍ ലോകത്തിന് ക്രിസ്തു സ്നേഹത്തിന്‍റെയും സാമാധാനത്തിന്‍റെയും തീര്‍ത്ഥാടകനായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ
(1978-2005).

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കുള്ള സംഘം പാപ്പായ്ക്കു സമര്‍പ്പിച്ച 12 ഡിക്രികളില്‍ അദ്യത്തേത് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ മദ്ധ്യസ്ഥ്യത്താല്‍ ലഭിച്ച അത്ഭുതരോഗ ശാന്തിയുടെ അംഗീകാരമായിരുന്നു. തുടര്‍ന്ന് സ്പെയിന്‍, ഇറ്റലി രാജ്യക്കാരായ രണ്ടു ദൈവദാസരുടെ അത്ഭുതങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു. തുടര്‍ന്നുള്ള 4 പ്രഖ്യാപനങ്ങള്‍ സ്പെയിനില്‍ വിശ്വാസത്തെപ്രതി ജീവന്‍ ഹോമിച്ച ധന്യാത്മാക്കളുടെ രക്ഷസാക്ഷിത്വത്തിന് അംഗീകാരമായിരുന്നു. ബാക്കി 5 പ്രഖ്യാപനങ്ങളിലുടെ മെക്സിക്കോ, പോര്‍ച്ചുഗല്‍, വെനിസ്വേലാ, ഇറ്റലി എന്നീ രാജ്യക്കാരായ 5 ദൈവദാസരുടെ വീരോചിതപുണ്യങ്ങളും പാപ്പാ ഒപ്പുവച്ച് അംഗീകരിച്ചു. തുടര്‍ന്ന പാപ്പാ സഭാപഠനങ്ങളെയും പാരമ്പര്യങ്ങളെയും അടിസ്ഥാനമാക്കിയും സ്വാധികാരത്തിലുമാണ് ജോണ്‍ 23-ാമന്‍ പാപ്പായുടെ നാമകരണനടപടികള്‍ക്കുള്ള ഔദ്യോഗിക ക്രമങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കണമെന്ന് നാമകരണ നടപടികളുടെ സംഘത്തിലവന്‍ കര്‍ദ്ദിനാള്‍ അമാത്തോയോട് അഭ്യര്‍ത്ഥിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.