2013-07-04 18:03:27

വികസനത്തിന്‍റെ തന്ത്രപ്രധാനമായ
സ്രോതസ്സ് സംസ്ക്കാരം


4 ജൂലൈ 2013, ജനീവ
മാനവപുരോഗതിയുടെ തന്ത്രപ്രധാനമായ സ്രോതസ്സ് സംസ്ക്കാരമായിരിക്കണമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ ജനീവ ആസ്ഥാനത്തുള്ള സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി ആവശ്യപ്പെട്ടു. ജൂലൈ 4-ാം തിയതി വ്യാഴാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള സാമൂഹ്യ-സാമ്പത്തിക സമിതിയുടെ ഉന്നതതല സമ്മേളനത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായം പ്രകടമാക്കിയത്.

ശാസ്ത്ര-സാങ്കേതിക കണ്ടുപിടുത്തങ്ങളുടെ പുരോഗതി അഭ്യൂതപൂര്‍വ്വവും, ക്രമാനുഗതവുമാണെന്നും; എന്നാല്‍ മനുഷ്യന്‍റെ സുസ്ഥിതി വികസനം സത്യസന്ധവും സമഗ്രവുമായിരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി. അറിവിനും പുരോഗതിക്കും വിമര്‍ശനാത്മകമായ വശമുണ്ടെന്നും, അത് സാങ്കേതിക വിജയങ്ങള്‍ക്കപ്പുറം മനുഷ്യന്‍റെ പാരസ്പരികതയെയും പാരിസ്ഥിതിക ബന്ധങ്ങളെയും മാനിക്കുന്നതായിരിക്കണമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി യോഗത്തില്‍ അഭിപ്രായപ്പെട്ടു.
ശാസ്ത്രവും സാങ്കേതികതയും പരിവര്‍ത്തനത്തിന്‍റെ ശക്തമായ ഉപാധികളാണെങ്കിലും, കാലക്രമത്തില്‍ അവയെല്ലാം സംസ്ക്കാരത്തിന്‍റെ ഭാഗമായി തീരുകയാണെന്നും, അതിനാല്‍ സംസാരവും, ഭാഷയും യുക്തിയും സ്വാതന്ത്ര്യവുമെല്ലാം ഭാഗമായിരിക്കുന്ന സംസ്ക്കാരമായിരിക്കണം മാനവവികസനത്തിന്‍റെ മാനദണ്ഡമെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി തന്‍റെ പ്രബന്ധത്തിലൂടെ സമര്‍ത്ഥിച്ചു.

സാമൂഹ്യ സാമ്പത്തിക വ്യതിയാനങ്ങളുടെ സംസ്കൃതിയും, മാനവികതയുടെ സംവേദനോപാധിയും സംസ്ക്കാരമാണെന്ന് വിശേഷിപ്പിച്ച വത്തിക്കാന്‍റെ പ്രതിനിധി, സംസ്ക്കാരത്തെ പുതിയ ഉല്പന്നങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും സാങ്കേതികതയുടെയും വിതരണോപാധിയോ, വില്പനവേദിയോ ആയി കാണരുതെന്നും; മറിച്ച് മനുഷ്യവ്യക്തി, സമൂഹം, മത-രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാന്തസ്സ് എന്നീ ഘടകങ്ങളുടെ കേന്ദ്രവും ഉറവിടവുമായി കാണണമെന്നും പ്രബന്ധത്തിലൂടെ ലോക നേതാക്കളോട് അവശ്യപ്പെട്ടു.
Reported : nellikal sedoc








All the contents on this site are copyrighted ©.