2013-07-04 17:37:40

പുറപ്പാടിലെ പൗരോഹിത്യ പാരമ്പര്യം
ഇസ്രായേല്‍ - ആരാധിക്കുന്ന ജനത (45)


ചരിത്രത്തില്‍ ദൈവം ഇസ്രായേല്‍ ജനതയ്ക്ക് നല്കിയ സാമൂഹ്യ-ധാര്‍മ്മിക നിയമങ്ങളുടെ സംഹിതയാണ് പത്തുകല്പനകളുടെ വ്യാഖ്യാനത്തില്‍, decalogue-ന്‍റെ വ്യാഖ്യാനത്തില്‍ നാം കണ്ടത്. യഹൂദ സമൂഹത്തിനും ക്രൈസ്തവര്‍ക്കും ഇന്നും അവരുടെ മതാത്മക ജീവിതത്തിന്‍റെയും സാമൂഹ്യ നിലനില്പിന്‍റെയും അടിത്തറ ഈ കല്പനകളാണ്. പരദേവങ്ങളുടെ ആരാധനയും വിഗ്രഹ പ്രതിഷ്ഠകളും നിഷേധിക്കുന്ന ഈ സാരോപദേശങ്ങള്‍ ഏകദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ഉല്പത്തിയും കെട്ടുറപ്പുമാണെന്ന് സ്പഷ്ടമായി മനസ്സിലാക്കാം. ദൈവിക വാഗ്ദാനങ്ങളുടെ പഠനങ്ങള്‍ പുറപ്പാടിന്‍റെ ഏടുകളിലൂടെ തുടരുമ്പോള്‍, മാനുഷീക ഇടപെടലുകളിലൂടെയും സംഭവങ്ങളിലൂടെയും ദൈവം തന്‍റെ ജനത്തെ രൂപപ്പെടുത്തി മെനഞ്ഞെടുക്കുന്നത് തുടര്‍ന്നും നമുക്കീ പ്രക്ഷേപണത്തില്‍ പഠിക്കാം.

ഒരുനാള്‍ കര്‍ത്താവു മോശയോട് അരുളിച്ചെയ്തു. “മലമുകളില്‍ എന്‍റെ സമീപത്തേയ്ക്കു കയറിവന്ന് കാത്തുനില്‍ക്കുക. നിയമങ്ങളും കല‍പനകളും എഴുതിയ കല്‍ഫലകങ്ങള്‍ ഞാന്‍ നിനക്കു തരാം. നീ അവ ജനത്തെ പഠിപ്പിക്കണം.”
മോശ തന്‍റെ സേവകനായ ജോഷ്വായോടുകൂടെ എഴുന്നേറ്റ് ദൈവത്തിന്‍റെ മലയിലേയ്ക്കു കയറും മുന്‍പേ ശ്രേഷ്ഠന്മാരോടു പറഞ്ഞു.
“ഞങ്ങള്‍ മടങ്ങുംവരെ നിങ്ങള്‍ ഇവിടെ കാത്തുനില്‍ക്കുവിന്‍. അഹറോനും ഹൂറും നിങ്ങളോടുകൂടെ ഉണ്ടല്ലോ. ജനമദ്ധ്യത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അവരെ സമീപിക്കുവിന്‍.”
എന്നിട്ട് മോശ മലയിലേയ്ക്കു കയറിപ്പോയി. അപ്പോള്‍ ഒരു മേഘം വന്ന് മലയെ ആവരണംചെയ്തു. കര്‍ത്താവിന്‍റെ മഹത്വം സീനായ് മലയില്‍ ആവസിച്ചു. ആറു ദിവസത്തേയ്ക്ക് മേഘം മലയെ മൂടിനിന്നു. ഏഴാം ദിവസം മേഘങ്ങളില്‍നിന്നു കര്‍ത്താവ് മോശയെ വിളിച്ചു. ദഹിപ്പിക്കുന്ന അഗ്നിക്കു തുല്യം മലമുകളില്‍ കര്‍ത്താവിന്‍റെ മഹത്വം ഇസ്രായേല്യര്‍ക്കു ദൃശ്യമായി. മോശ മേഘങ്ങള്‍ക്കപ്പുറം കടന്ന് മലമുകളിലേയ്ക്കു കയറിപ്പോയി.
നാല്പതു രാവും നാല്പതു പകലും മലമുകളില്‍ ദൈവമഹത്വത്തില്‍ കഴിഞ്ഞു.

കര്‍ത്താവു മോശയോട് അരുള്‍ച്ചെയ്തു, “എനിക്ക് കാണിക്ക സമര്‍പ്പിക്കണമെന്ന് നീ ഇസ്രായേല്‍ ജനത്തോടു പറയുക. സ്വമനസ്സാ തരുന്നവരില്‍നിന്നും അവ സ്വീകരിക്കുക. കാഴ്ചദ്രവ്യങ്ങള്‍ ഇവയാണ് : സ്വര്‍ണ്ണം, വെള്ളി, ഓട്, നിലയും ധൂമ്രവും അരുണവുമായ നൂലുകള്‍, നേര്‍ത്ത ചണത്തുണി, കോലാട്ടിന്‍ രോമം, ഊറയ്ക്കിട്ട മുട്ടാടിന്‍റെ തോല്, നീലക്കരടിത്തോല്‍, കരുവേലത്തടി, വിളക്കുകള്‍ക്കുള്ള എണ്ണ, അഭിഷേക തൈലത്തിനുള്ള സുഗന്ധദ്രവ്യങ്ങള്‍,‍ ധൂപത്തിനുള്ള സുഗന്ധ വസ്തുക്കള്‍, പേടകവും ബലിപീഠവും, പിന്നെ അവ അലങ്കരിക്കാനുള്ള ഗോമേദക-വൈഡൂര്യ രത്നങ്ങളും. പിന്നെ ഞാന്‍ അവരുടെമദ്ധ്യേ എന്നാളും വസിക്കേണ്ടതിന് അവര്‍ എനിക്കായ് ഒരു വിശുദ്ധകൂടാരം സജ്ജമാക്കട്ടെ. ഞാന്‍ കാണിച്ചുതരുന്ന മാതൃക അനുസരിച്ചായിരിക്കണം കൂടാരവും അതിലെ സജ്ജീകരണങ്ങളും ഒരുക്കേണ്ടത്.”

25, 10 സാക്ഷൃപേടകം
പുറപ്പാടിന്‍റെ 25-മുതലുള്ള അദ്ധ്യായങ്ങള്‍ പൗരോഹിത്യ പാരമ്പര്യത്തില്‍ മറ്റൊരു കാലഘട്ടത്തില്‍ രചിക്കപ്പെട്ടിട്ടുള്ളതാണെന്ന് പണ്ഡിതന്മാര്‍ സ്ഥിരീകരിക്കുന്നു. തുടര്‍ന്നുള്ള പുറപ്പാടിന്‍റെ വിവരണം ഇസ്രായേലിന്‍റെ മതാനുഷ്ഠാനങ്ങളെ ആസ്പദമാക്കിയാണെന്നത് വ്യക്തമാണ്.
കരുവേലമരംകൊണ്ട് ഒരു പേടകം നിര്‍മ്മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും, ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം. ശുദ്ധിചെയ്ത സ്വര്‍ണംകൊണ്ട് അതിന്‍റെ അകവും പുറവും പൊതിയണം. അതിനുമീതേ ചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള ഒരരികുപാളി ഉറപ്പിക്കണം.

നാലു സ്വര്‍ണ്ണ വളയങ്ങളുണ്ടാക്കി പേടകത്തിന്‍റെ ചുവട്ടിലെ നാലു മൂലകളില്‍ ഘടിപ്പിക്കണം. രണ്ടെണ്ണം ഒരു വശത്തും രണ്ടെണ്ണം മറുവശത്തും ആയിരിക്കണം. കരുവേലമരംകൊണ്ടു തണ്ടുകളുണ്ടാക്കി അവയും സ്വര്‍ണ്ണംകൊണ്ടു പൊതിയണം. പേടകം വഹിച്ചുകൊണ്ടു പോകാന്‍ പാര്‍ശ്വവളയങ്ങളിലൂടെ തണ്ടുകള്‍ ഇടണം. തണ്ടുകള്‍ എപ്പോഴും പേടകത്തിന്‍റെ വളയങ്ങളില്‍ത്തന്നെ ഉണ്ടായിരിക്കണം. അവയില്‍നിന്നെടുത്തു മാറ്റരുത്. ഞാന്‍ നിനക്കു തരാന്‍ പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തില്‍ നിക്ഷേപിക്കണം. പിന്നെ ശുദ്ധിചെയ്ത സ്വര്‍ണ്ണംകൊണ്ട് ഒരു കൃപാസനം നിര്‍മ്മിക്കണം. അതിന്‍റെ നീളം രണ്ടരമുഴവും വീതി ഒന്നര മുഴവും ആയിരിക്കണം. കൃപാസനത്തിന്‍റെ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണ്ണംകൊണ്ട് രണ്ടു മാലാഖമാരെ നിര്‍മ്മിക്കണം. അതിന്‍റെ രണ്ടറ്റത്തും ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം അവ നിര്‍മ്മിക്കാന്‍. കൃപാസനം മൂടത്തക്കവിധം കെറൂബുകള്‍ ചിറകുകള്‍ മുകളിലേയ്ക്കു വിരിച്ചുപിടിച്ചിരിക്കണം. കെറൂബുകള്‍ കൃപാസനത്തിലേയ്ക്കു തിരിഞ്ഞ് മുഖാമുഖം നിലകൊള്ളണം. കൃപാസനം പേടകത്തിനു മുകളില്‍ സ്ഥാപിക്കണം. ഞാന്‍ നിനക്കു തരാന്‍ പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനു മുകളില്‍ സ്ഥാപിക്കണം. അവിടെവച്ചു ഞാന്‍ നിന്നെ കാണും.
കൃപാസനത്തിനു മുകളില്‍നിന്ന്, സാക്ഷൃപേടകത്തിനു മീതേയുള്ള കെറൂബുകളുടെ നടുവില്‍നിന്നു ഞാന്‍ നിന്നോടു സംസാരിക്കും. ഇസ്രായേലിനു വേണ്ടിയുള്ള എന്‍റെ കല്പനകളെല്ലാം ഞാന്‍ നിന്നെ അവിടെ അറിയിക്കും.

അപ്പത്തിന്‍റെ തിരുസാന്നിദ്ധ്യ മേശ
കരുവേലമരംകൊണ്ട് രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുള്ള ഒരു മേശ ഉണ്ടാക്കണം. തനി സ്വര്‍ണ്ണംകൊണ്ട് അതു പൊതിയുകയും സ്വര്‍ണ്ണംകൊണ്ടുതന്നെ അതിന് അരികുപാളി പിടിപ്പിക്കുകയും വേണം. അതിനു ചുറ്റും കൈപ്പത്തിയുടെ വീതിയിലുള്ള
ഒരു ചട്ടമുണ്ടാക്കുകയും ചട്ടത്തിനു ചുറ്റും സ്വര്‍ണ്ണംകൊണ്ടുള്ള അരികുപാളി പടിപ്പിക്കുകയും വേണം. സ്വര്‍ണ്ണംകൊണ്ടു നാലു വളയങ്ങളുണ്ടാക്കി, മേശയുടെ നാലു മൂലകളിലുള്ള കാലുകളില്‍ ഘടിപ്പിക്കുക. വളയങ്ങളിലൂടെ തണ്ടുകളിട്ട്, മേശചുമന്നുകൊണ്ടു പോകാനായി കരുവേലമരംകൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണ്ണംകൊണ്ടു പൊതിയണം. താലങ്ങളും തളികകളും കലശങ്ങളും സ്വര്‍ണ്ണംകൊണ്ടുണ്ടാക്കണം. തിരുസാന്നിദ്ധ്യത്തിന്‍റെ അപ്പം എപ്പോഴും എന്‍റെ മുന്‍പാകെ മേശപ്പുറത്തു വച്ചിരിക്കണം.

കൂടാതം സ്വര്‍ണ്ണംകൊണ്ട് വിളക്കുണ്ടാക്കണം. അതിന്‍റെ ചുവടും തണ്ടും ചഷകങ്ങളും മുകളങ്ങളും പുഷ്പങ്ങളും ഓരേ സ്വര്‍ണ്ണത്തകിടില്‍ തീര്‍ത്തതായിരിക്കണം. ഒരു വശത്തുനിന്നും മൂന്ന്, മറുവശത്തുനിന്ന് മൂന്ന് എന്ന കണക്കില്‍ വിളക്കുകാലിന്‍റെ ഇരുവശത്തുമായി ആറുശാഖകളുണ്ടായിരിക്കണം. ഓരോ ശാഖയിലും ബദാംപൂവിന്‍റെ ആകൃതിയില്‍ മകുളങ്ങളോടും പുഷ്പ ദലങ്ങളോടുംകൂടിയ മൂന്നു ചഷകങ്ങളുണ്ടായിരിക്കണം. വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ആറു ശാഖകളില്‍ ഓരോ ജോടിയുടെയും അടിയില്‍ ഓരോ മുകുളം എന്ന കണക്കിന് മൂന്നു മുകുളങ്ങളുണ്ടായിരിക്കണം. അടിച്ചു പരത്തിയ തനി സ്വര്‍ണ്ണത്തിന്‍റെ ഒരേ തകിടിലായിരിക്കണം മുകുളങ്ങളും ശാഖകളുമെല്ലാം നിര്‍മ്മിക്കുന്നത്.
തണ്ടിന്മേലും അതിന്‍റെ ശാഖകളിന്മേലും വയ്ക്കാന്‍വേണ്ടി ഏഴു വിളക്കുകള്‍ ഉണ്ടാക്കണം. അവ വിളക്കുകാലിനു മുന്‍പില്‍ പ്രകാശം വീശത്തവിധം സ്ഥാപിക്കണം. തിരിയണയ്ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വര്‍ണ്ണംകൊണ്ടുള്ളവയായിരിക്കണം. വിളക്കുകാലും ഉപകരണങ്ങളുമെല്ലാം കൂടി സ്വര്‍ണ്ണംകൊണ്ടു വേണം നിര്‍മ്മിക്കാന്‍. മലയില്‍വച്ചു നിന്നെ ഞാന്‍ കാണിച്ച മാതൃകയില്‍ ഇവയെല്ലാം നിര്‍മ്മിക്കാന്‍ ശ്രദ്ധിക്കണം.

പിന്നെയും പുറപ്പാടിന്‍റെ ഈ ഭാഗത്ത് പൗരോഹിത്യ പാരമ്പര്യപ്രകാരമുള്ള നിര്‍ദ്ദേശങ്ങളും വിവരണങ്ങളും തുടരുകയാണ്. ഇന്നു നാം കണ്ട (25) അദ്ധ്യായത്തിന്‍റെ പഠനം പുറപ്പാടു ഗ്രന്ഥത്തിന്‍റെ പൗരോഹിത്യ പാരമ്പര്യത്തിലേയ്ക്കാണ് നമ്മെ നയിക്കുന്നത്, എന്ന് നേരത്തെ സൂചിപ്പിച്ചതാണ്.
ചരിത്രപരമായി ഇനിയും സൂക്ഷ്മത ലഭിക്കാതിരിക്കുന്ന പുറപ്പാടു ഗ്രന്ഥം വിവിധ ഘട്ടങ്ങളിലും പാരമ്പര്യങ്ങളിലുമായി ഹെബ്രായ സമൂഹത്തില്‍ വളര്‍ന്നു വന്നതാണെന്ന വസ്തുത നിരൂപകന്മാരാല്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളതാണ്. മൂന്നു പാരമ്പര്യങ്ങള്‍ - E*lohistic J*ahweistic P*riestly എന്നിവയാണ്. ദൈവത്തെ ഈലോയ് അല്ലെങ്കില്‍ ഏലോയ് എന്നു വിളിക്കുന്ന പാരമ്പര്യമാണ് E*lohistic, J*ahweistic പാരമ്പര്യത്തില്‍ ദൈവത്തെ യാവേ എന്നു അഭിസംബോധന ചെയ്തിരുന്നു. ഇസ്രായേലിലെ പുരോഹിത വര്‍ഗ്ഗത്തെ കേന്ദ്രീകരിച്ച് വിപുലീകരിക്കപ്പെട്ട കര്‍മ്മാദികളുടെയും ചുറ്റുവട്ടങ്ങളുടെയും കാലഘട്ടത്തെ P*riestly, പൗരോഹിത്യ പാരമ്പര്യമെന്നും അറിയപ്പെടുന്നു.. ഇന്നു നാം ശ്രവിച്ച സാക്ഷൃപേടകം, അപ്പത്തിന്‍റെ തിരുസാന്നിദ്ധ്യ പീഠം, ബലിപീഠം എന്നിവ പൗരോഹിത്യ പാരമ്പര്യത്തില്‍ വളര്‍ന്നുവന്നതും രചിക്കപ്പെട്ടതുമാണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.








All the contents on this site are copyrighted ©.