2013-07-04 08:32:34

ക്രൈസ്തവരെ തുരത്തുന്ന
സിറിയയുടെ രാഷ്ട്രീയ കുതന്ത്രം


3 ജൂലൈ 2013, ജനീവ
സിറിയയില്‍ സംഭവിച്ച കത്തോലിക്കാ പുരോഹിതന്‍റെ കൊലപാതം ഭരണകൂടത്തിന്‍റെ ന്യൂനപക്ഷ പീഡനത്തിന്‍റെ നീചമായ രാഷ്ട്രീയ കുതന്ത്രമാണെന്ന് ക്രൈസ്തവ സഭകളുടെ ആഗോള കൂട്ടായ്മ പ്രതികരിച്ചു. ജൂലൈ 2-ാം തിയതി ജനീവയിലെ ആസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്താവനയിലാണ് സഭകളുടെ കൂട്ടായ്മയുടെ സെക്രട്ടറി ജനറല്‍, ഓലിവ് ഫിക്സേ സിറിയന്‍ ഭരണകൂടത്തെ ഇങ്ങനെ ആരോപിച്ചത്.

വടക്കെ സിറിയയിലെ അല്‍-ഗസ്സാനിയ ഗ്രാമത്തില്‍ ശാന്തമായി ജീവിച്ചിരുന്ന 3000-ലേറെ വരുന്ന ക്രൈസ്തവ സമൂഹത്തെ അവിടെനിന്നും തുരത്തുവാന്‍ ഭരണകൂടം ഉപയോഗിച്ച രാഷ്ട്രീയ ഗൂഢാലോചനയും ഭീഷണിയുടെ കുതന്ത്രവുമാണ് അവരുടെ ആത്മീയ നേതാവായിരുന്ന ഫാദര്‍ ഫ്രാന്‍സിസ് മൗരാദിനെ വകവരുത്തിയ സംഭവമെന്ന് സഭകളുടെ കൂട്ടായ്മ കുറ്റപ്പെടുത്തി.
ജൂണ്‍ 22-ാം തിയതിയാണ് ഫാദര്‍ ഫ്രാന്‍സിസ് ദാരുണമായി കൊല്ലപ്പെട്ടത്.
വളരെ സൗമ്യനും ശാന്തനുമായിരുന്ന ഫാദര്‍ ഫ്രാന്‍സിസിനെ വകരുത്തിയതിനു പിന്നില്‍ ക്രൈസ്തവ സമൂഹത്തെ തുരത്തിയോടിക്കാനുള്ള വളരെ ആസൂത്രിതമായ, എന്നാല്‍ കിരാതമായ ഭരണപക്ഷത്തിന്‍റെ നീക്കമാണെന്ന് ഓലിവ് ഫിക്സേ കുറ്റപ്പെടുത്തി.

സിറിയയിലെ ഇസ്ലാം മത ഭൂരിപക്ഷത്തിന്‍റെ ശക്തിയും സ്വാധീനവും ന്യൂപക്ഷമായ ക്രൈസ്തവര്‍ക്കെതിരെ ദുരുപയോഗിച്ചുകൊണ്ടാണ് വളരെ ആസൂത്രിതമായി കൊലപാതകങ്ങള്‍ നടത്തുന്നതും കലാപം അഴിച്ചുവിടുന്നതുമെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. അതുപോലെ ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്മാരെ ബന്ധികളാക്കിയതും ഇനിയും ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതും ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള ഭീരത്വപരമായ വിവേചനത്തിന്‍റെയും പീഡനത്തിന്‍റെയും പ്രതീകമാണെന്നും പ്രസ്താവ വെളിപ്പെടുത്തി. ജനാധിപത്യ സ്വാതന്ത്യത്തിനും, മനുഷ്യാന്തസ്സിലും പൗരസമത്വത്തിനുമായി തുടങ്ങിയ ന്യായമായ ജനകീയ പ്രതിഷേധം സിറിയന്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയ കലാപവും അഭ്യന്തരയുദ്ധവുമായി മാറിയിരിക്കുകയാണെന്ന് ഓലിവ് ഫിക്സേ സഭകളുടെ കൂട്ടായ്മയ്ക്കുവേണ്ടി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.