2013-07-01 17:25:55

നിരന്തരമായ പ്രാര്‍ത്ഥന
ഫലമണിയുമെന്ന്
പാപ്പാ ഫ്രാന്‍സിസ്


01 ജൂലൈ 2013, വത്തിക്കാന്‍
നിരന്തരവും നിര്‍ബന്ധിതവുമായ പ്രാര്‍ത്ഥനയാണ് ഫലണിയുന്നതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂലൈ 1-ാം തിയതി തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതി, കാസാ മാര്‍ത്തയിലര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
സോദോം പട്ടണത്തിന്‍റെ രക്ഷാര്‍ത്ഥം ദൈവത്തോട് നിര്‍ബന്ധമായും നിരന്തരമായും അബ്രാഹം നടത്തിയതും നാം ഉല്പത്തി പുസ്തകത്തില്‍ വായിക്കുന്നതുമായ പ്രാര്‍ത്ഥനയുടെ ‘വിലപേശലാ’ണ് പാപ്പായുടെ ചിന്തയ്ക്ക് ഇന്നു വിഷയീഭവിച്ചത്.

ദൈവത്തോട് അടുപ്പവും ആത്മബന്ധവും ഉണ്ടായിരുന്നതുകൊണ്ടാണ് മുഖാമുഖം സംവദിക്കുന്നതിനും, സോദൊം പട്ടണത്തെയും തന്‍റെ ജനത്തെയും രക്ഷിക്കുവാന്‍ ദൈവത്തെ നിര്‍ബന്ധിക്കുന്നതിന് അബ്രാഹത്തിനു സ്വാതന്ത്ര്യമുണ്ടായിതും സാധിച്ചതുമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. 50-ല്‍നിന്നു തുടങ്ങി വിലപേശി അവസാനം ഒന്നിലെത്തിയ അബ്രാത്തിന്‍റെ പ്രാര്‍ത്ഥന ധീരവും പതറാത്തതെന്നും പാപ്പാ വിശേഷിപ്പിച്ചു. അര്‍ദ്ധരാത്രിയില്‍ അപ്പത്തിനായി നിരന്തരമായി വാതില്ക്കല്‍ മുട്ടി നിര്‍ബന്ധിച്ച സ്നേഹിതന്‍റെയും (ലൂക്കാ 11, 8), അശുദ്ധാത്മാവു ബാധിച്ച തന്‍റെ മകളുടെ സൗഖ്യത്തിനായി ക്രിസ്തുവിനെ നിര്‍ബന്ധിച്ച വിജാതിയായ സീറോ-ഫിനീഷ്യക്കാരി സ്ത്രീയുടെയും പ്രാര്‍ത്ഥനയുടെ ശക്തിയും മനോഭാവവും തന്‍റെ വചനചിന്തയില്‍ പാപ്പാ മാതൃകായി എടുത്തുപറഞ്ഞു.

അങ്ങനെ അബ്രാഹത്തിന്‍റെ പ്രാര്‍ത്ഥനയുടെ യുക്തിയും വാദമുഖങ്ങളുമാണ് പുതിയ നിയമത്തില്‍ ക്രിസ്തു പഠിപ്പിക്കുന്ന പ്രാര്‍ത്ഥനയുടെ ശക്തിയും ബലതന്ത്രവുമെന്ന് പാപ്പ സമര്‍ത്ഥിച്ചു.
ദുഷ്ടന്‍റെയും ശിഷ്ടന്‍റെയും മേല്‍ ഒരുപോലെ മഴപെയ്യിക്കുകയും നിതിമാന്‍റെയും പാപിയുടെമേല്‍ സൂര്യനെ ഉദിപ്പിക്കുകയുംചെയ്യുന്ന ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും അപാരമാണെന്ന് പ്രസ്താവിച്ച പാപ്പ,
ഇന്ന് ആരാധനക്രമത്തില്‍ ഉരുവിടുന്ന 101, 2-ാം സങ്കീര്‍ത്തനം പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് തന്‍റെ വചനസമീക്ഷ ഉപസംഹരിച്ചത്. “കര്‍ത്താവേ, ഞാന്‍ അങ്ങയുടെ കരുണയും നീതിയും എന്നും പ്രകീര്‍ത്തിക്കും, ഞാന്‍ അങ്ങേയ്ക്ക് കീര്‍ത്തനമാലപിക്കും...”

Reported : nellikal, sedoc








All the contents on this site are copyrighted ©.