2013-07-01 19:14:06

ദൈവിക കാരുണ്യം ലഭ്യമാക്കുന്ന
ക്രിസ്തുവുമായുള്ള ആത്മബന്ധം


01 ജൂലൈ 2013, വത്തിക്കാന്‍
ക്രിസ്തുവുമായുള്ള ആത്മബന്ധം ദൈവികസ്നേഹവും കാരുണ്യവും ലഭ്യമാക്കുമെന്ന് പാപ്പ് ഫ്രാന്‍സിസ് യുവാജനങ്ങളെ ഉദ്ബോധിപ്പിച്ചു. ലിത്വേനിയായിലെ സാല്‍ഗ്രിസ് മൈതാനിയില്‍ സമ്മേളിച്ച കത്തോലിക്കാ യുവജനങ്ങള്‍ക്ക് ജൂണ്‍ 30-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍നിന്നും അയച്ച പ്രത്യേക സന്ദേശിലാണ് പാപ്പ ആത്മീയ ജീവിതത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്.
“ഞാന്‍ നിങ്ങളെ സ്നേഹിതരെന്നു വിളിക്കുന്നു,” (യോഹ. 15, 15) എന്ന ആപ്തവാക്യവുമായി ചേര്‍ന്ന യുവജനമേള ദേശീയതലത്തിലെ 6-ാമത്തെ സംഗമമായിരുന്നു. പൗരോഹിത്യത്തിലും സന്ന്യാസത്തിലും സന്നദ്ധ ശുശ്രൂഷയിലും തങ്ങളെത്തന്നെ ദൈവത്തിനു സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ സമ്മേളനത്തില്‍ യുവജനങ്ങളുടെ ആത്മീയ വളര്‍ച്ചയ്ക്കും, സഭയിലും ലോകത്തെിലുമുള്ള അവരുടെ പ്രേഷിതദൗത്യത്തെയും ജീവിത സമര്‍പ്പണത്തെയും ഉത്തേജിപ്പിക്കുന്ന സന്ദേശമാണ് പാപ്പ നല്കിയത്.

ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ നമുക്ക് ദൈവസ്നേഹവും കാരുണ്യവും ദാനമായി ലഭിക്കുന്നുവെന്നു, നാം ബലഹീനരായിരിക്കുമ്പോഴും അവിടുത്തെ സ്നേഹം നമ്മെ സ്പര്‍ശിക്കുകയും നവീകരിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. ക്രിസ്തുവിനോടുള്ള സ്നേഹത്തില്‍ ദൈവസ്നേഹം നമ്മിലേയ്ക്ക് വര്‍ഷിക്കപ്പെടുന്നത് ദിവ്യകാരുണ്യത്തിലും അനുരഞ്ജനത്തിന്‍റെ കൂദാശയിലും വചനത്തിന്‍റെ ധ്യാനാത്മകമായ പ്രാര്‍ത്ഥനയിലുമാണെന്ന് (contemplative prayer) പാപ്പാ വിശദീകരിച്ചു. പിതാവിനര്‍പ്പിച്ച പരമായഗത്തിന്‍റെ അനുസ്മരണമായ ദിവ്യബലിയില്‍ നാം ക്രിസ്തുവിനെ സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. അനുരഞ്ജനത്തിന്‍റെ കൂദാശയില്‍ ദൈവത്തിന്‍റെ കാരുണ്യം കലവറയില്ലാതെ നമ്മിലേയ്ക്ക് വര്‍ഷിക്കപ്പെടുന്നതുവഴി നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകയും നാം രൂപാന്തരപ്പെട്ട് ക്രിസ്തുവില്‍ നവജീവന്‍ പ്രാപിക്കുന്നുവെന്നും പാപ്പ വ്യക്തമാക്കി. പ്രാര്‍ത്ഥനാപൂര്‍ണ്ണമായ വചനധ്യാനത്തില്‍ മനസ്സാക്ഷിയുടെ ആഴങ്ങളിലാണ് ദൈവം നമ്മോടു സംസാരിക്കുന്നതെന്നും ക്രിസ്തു-സ്നേഹത്തിന്‍റെ സാമീപ്യം അനുഭവിക്കുവാന്‍ പ്രാര്‍ത്ഥന സഹായിക്കുമെന്നും പാപ്പ യുവജനങ്ങളെ ആഹ്വാനംചെയ്തു.

അതുപോലെ ക്രിസ്തുവലേയ്ക്ക് നമ്മെ നയിക്കുന്ന മേരിയന്‍ പ്രാര്‍ത്ഥനയാണ് ജപമാലയെന്നും, അവിടുത്തെ അമ്മയോടുചേര്‍ന്ന് ക്രിസ്തുരഹസ്യം ധ്യാനിക്കുന്ന ആര്‍ക്കും ദൈവത്താല്‍ നിറഞ്ഞും, സ്വാര്‍ത്ഥതവെടിഞ്ഞും കുടുബത്തിലും സമൂഹത്തിലും ലോകത്തും മറിയത്തെപ്പോലെ അനുദിനം ജീവിതപരിസരങ്ങളില്‍ ദൈവസ്നേഹത്തിന്‍റെ സാക്ഷികളാകാന്‍ സാധിക്കുമെന്നും പാപ്പാ യുവജനങ്ങളെ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc









All the contents on this site are copyrighted ©.