2013-06-29 16:30:36

പെരിയാറിന്‍റെ തീരത്തുനിന്നും
ആഫ്രിക്കയ്ക്കൊരു അജപാലകന്‍


29 ജൂണ്‍ 2013, വത്തിക്കാന്‍
ആഫ്രിക്കയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുന്ന ലാസറിസ്റ്റ് സഭാംഗം ഫാദര്‍ വര്‍ഗ്ഗീസ് തോട്ടംകരയെ പാപ്പാ ഫ്രാന്‍സിസ് എത്യോപ്യായിലെ നെകംതേ വികാരിയത്തിന്‍റെ അപ്പസ്തോലിക വികാരിയായി (Coadjutor Apostolic Vicar) നിയോഗിച്ചു. ജൂണ്‍ 28-ാം തിയതി വെള്ളിയാഴ്ച രാവിലെയാണ് വത്തിക്കാനില്‍ ഇതു സംബന്ധിച്ച് പാപ്പായുടെ പ്രഖ്യാപനമുണ്ടായത്. കേരളത്തിലെ എറണാകുളം-അങ്കമാലി അതിരുപതയില്‍ കാലടി ഭാഗത്ത് പെരിയാര്‍ നദിയെ തൊട്ടുരുമ്മി സ്ഥിതിചെയ്യുന്ന തോട്ട്വാ ഇടവകാംഗമാണ് നിയുക്ത അപ്പസ്തോലിക വികാര്‍.

1982-ല്‍ ലാസറിസ്റ്റ് സഭയില്‍ സന്ന്യാസവ്രതമെടുത്ത വര്‍ഗ്ഗീസ് തോട്ടംകര, റോമിലെ പൊന്തിഫിക്കല്‍ ആഞ്ചെലിക്കും യൂണിവേഴ്സിറ്റിയില്‍നിന്നും സാന്മാര്‍ഗ്ഗ ശാസ്ത്രത്തില്‍ ബിരുദവും ബുരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 1987-ല്‍ വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഒറീസ്സായില്‍ പ്രേഷിത ജോലി ആരംഭിച്ച അദ്ദേഹം 1988-ലാണ് ആഫ്രിക്കന്‍ മിഷനിലേയ്ക്കു പോയത്. വീണ്ടും ‍‍‍റോമില്‍നിന്നും ദൈവശാസ്ത്രത്തില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ ഫാദര്‍ വര്‍ഗ്ഗിസ് ആഫ്രിക്കയിലെ വിവിധ സെമിനാരികളില്‍ വൈദികവിദ്യാര്‍ത്ഥികളുടെ പഠനത്തിലും രൂപീകരണത്തിലും വ്യാപൃതനായിരുന്നു. ലാസറിസ്റ്റ് സഭയുടെ ഇന്ത്യന്‍ സമൂഹങ്ങളുടെ പ്രൊവിന്‍ഷ്യാള്‍, സഭയുടെ ജനറള്‍ കൗണ്‍സില്‍ അംഗം, വൈസ് സുപ്പീരിയര്‍ ജനറല്‍ എന്നീ നിലകളിലും അദ്ദേഹം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1982-ല്‍ സ്ഥാപിതമായ എത്യോപ്യായിലെ നെകംതേ സഭാ പ്രവിശ്യയുടെ
72 ലക്ഷത്തോളംവരുന്ന നിവാസികളില്‍ അന്‍പത്തയ്യായിരത്തോളം പേര്‍ മാത്രമാണ് കത്തോലിക്കര്‍. 91 ഇടവകകളുള്ള നെകംതെ വികാരിയത്തില്‍ 19 വൈദികരും 9 സന്ന്യസ്തരും 85 സന്ന്യാസിനികളും ഇപ്പോള്‍ സേവനംചെയ്യുന്നു.

Reported : nellikal, sedoc








All the contents on this site are copyrighted ©.