2013-06-29 14:59:27

കാണാതായ ആടിന്‍റെ കഥ
ദൈവത്തിന്‍റെ കരുണാര്‍ദ്ര സ്നേഹം


RealAudioMP3
വി. ലൂക്കാ 15, 1-15
വി. ലൂക്കായുടെ സുവിശേഷത്തിലെ 15-ാം അദ്ധ്യായത്തെ ‘കാരുണ്യത്തിന്‍റെ സുവിശേഷ’മെന്നാണ് വിളിക്കുന്നത്. ദൈവത്തിന്‍റെ അപരിമേയമായ സ്നേഹവും കാരുണ്യവും വെളിപ്പെടുത്തുന്ന കഥകളാണ് ക്രിസ്തു അതില്‍ പറഞ്ഞുവച്ചിരിക്കുന്നത്. നല്ലിടയന്‍റെയും, ക്ഷമിക്കുന്ന പിതാവിന്‍റെയും, നഷ്ടപ്പെട്ട നാണയം അന്വേഷിച്ചിറങ്ങുന്ന സ്ത്രീയുടെയും കഥകള്‍ അവിടെയാണ്. ‘ദൈവം നമ്മുടെ പിതാവ്’ എന്ന സംജ്ഞയെ അതിമനോഹരമായി ചിത്രീകരിക്കുന്ന ഈ സുവിശേഷ ഭാഗത്തെ ‘സുവിശേഷങ്ങളിലെ സുവിശേഷ’മെന്നും നിരൂപകന്മാര്‍ വ്യാഖ്യനിക്കാറുണ്ട്.

മനുഷ്യപുത്രനായ ക്രിസ്തു, എന്ന പ്രസിദ്ധമായ കൃതിയില്‍ ഖലീല്‍ ജിബ്രാന്‍ മഗ്ദലന മറിയം നല്കുന്ന സാക്ഷൃം ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. അവള്‍ യേശുവിനോട് ചോദിച്ചു, “അങ്ങ് എന്‍റെ ഭവനത്തിലേയ്ക്ക് വരില്ലേ? എന്‍റെ വീട്ടില്‍ ഭക്ഷണം കഴിക്കില്ലേ?”
ക്രിസ്തു പറഞ്ഞു. “മറിയമേ തീര്‍ച്ചയായും വരും. പക്ഷേ, ഇപ്പോഴല്ല. ”

ഇപ്പോഴല്ല, എന്നാ മറുപടി സമുദ്രത്തിന്‍റെ ഇടിനാദമായിരുന്നിരിക്കണം മറിയം കേട്ടത്. ഒപ്പം കാറ്റിന്‍റെയും വൃക്ഷത്തിന്‍റെയും ആരവവും കേട്ടുകാണും. കാരണം, “ഞാന്‍ മഗ്ദലേനയിലെ മറിയമാണ്. ഞാന്‍ മരിച്ചവളായിരുന്നു. ആത്മാവിനെ വര്‍ജ്ജിച്ചവളായിരുന്നു. പല പുരുഷന്മാര്‍ക്കും അവകാശപ്പെട്ടവളും, എന്നാല്‍ ആരുടെയുമല്ലാത്തവളുമായിരുന്നു. അവര്‍ എന്നെ വേശ്യയെന്നും,
ഏഴു പിശാചുക്കള്‍ ബാധിച്ചവളെന്നും വിളിച്ചു. ശപ്തയായിരുന്നു ഞാന്‍, എല്ലാവരാലും ശപിക്കപ്പെട്ടവള്‍! എന്നാല്‍ എല്ലാവരുടെയും അസൂയാപാത്രവുമായിരുന്നു!” എന്നിട്ടും ക്രിസ്തു എന്നെ നോക്കി.
ആ മിഴികളിലെ കാരുണ്യത്തിന്‍റെ അപരാഹ്നം എന്നില്‍ പതിച്ചു.
മറ്റൊരു പുരുഷനും കണ്ടിട്ടില്ലാത്ത വിധം അവിടുത്തെ നിശാനേത്രങ്ങള്‍ എന്നെക്കണ്ടു. എന്നിട്ട് അവിടുന്നിങ്ങനെ പറയുന്നതുപോലെ എനിക്കു തോന്നി. ‘മറ്റുള്ളവര്‍ അവര്‍ക്കുവേണ്ടി നിന്നെ സ്നേഹിക്കുന്നു. ഞാനാകട്ടെ, നിനക്കായി നിന്നെ സ്നേഹിക്കുന്നു.’ പിന്നെ അവിടുന്നു നടന്നകന്നു.
നമുക്കുവേണ്ടി നമ്മെ സ്നേഹിക്കുന്ന പിതാവിന്‍റെ കഥയാണ് ക്രിസ്തു ഇന്നത്തെ സുവിശേഷ ഭാഗത്ത് പറയുന്നത് - ധൂര്‍ത്തപുത്രന്‍റ കഥ അല്ലെങ്കില്‍ ഉപമ!. കഥയുടെ ആരംഭം സ്തോഭജനകമാണ്, വിഷമം തോന്നിക്കുന്നതാണ്. പ്രഭാഷക്ന്‍റെ പുസ്തകത്തില്‍ നാം വായിക്കുന്നു (33, 19-21).
‘ജീവിത കാലത്തിലൊരിക്കലും പുത്രനോ ഭാര്യയ്ക്കോ സഹോദരനോ സ്നേഹിതനോ, നിന്‍റെ മേല്‍ അധികാരം കൊടുക്കരുത്, വസ്തുവകകളും നല്കരുത്.’ ഒരാളുടെ കാലശേഷമേ സ്വത്ത് ഭാഗിച്ചുകൊടുക്കാവൂ എന്നതാണ് ധ്വനി. ഇങ്ങനെയുള്ള നിര‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും മകന്‍ സ്വത്തിന്‍റെ വീതം ചോദിച്ചപ്പോള്‍, തെല്ലും ശങ്കിക്കാതെ സ്വത്ത് വീതിച്ചുകൊടുക്കുന്ന പിതാവിന്‍റെ പെരുമാറ്റമാണ് ക്രിസ്തുവന്‍റെ കഥയില്‍ നമ്മില്‍ വിസ്മയം ജനിപ്പിക്കുന്നത്. ‘എല്ലാം നന്നായി വരും,’ എന്ന ദൈവിക മനസ്സാണ് ആ പിതാവിനുള്ളത്. അല്ല, ദൈവംതന്നെയാണ്
ആ പിതാവ്.

‘നിയന്ത്രണങ്ങളില്ലാതെ സന്തോഷമനുഭവിക്കണം,’ ധൂര്‍ത്തടിച്ച് ജീവിക്കണം, എന്ന തത്ത്വശാസ്ത്രത്താല്‍ നയിക്കപ്പെടുന്ന വ്യക്തിയാണ് ക്രിസ്തുവന്‍റെ കഥയിലെ യുവാവായ ഇളയപുത്രന്‍. പിതാവിന്‍റെ ഭവനം ആഹ്ലാദത്തിന്‍റെ തോട്ടമായിരുന്നെന്ന് മനസ്സിലാക്കാന്‍, അതിനു പുറത്താകുംവരെ കാത്തിരിക്കേണ്ടി വന്ന ആദിമാതാപിതാക്കളുടെ ഭാവരൂപമാണ് ധൂര്‍ത്തപുത്രന്‍റേതും. തോട്ടത്തില്‍നിന്നു പുറത്താക്കപ്പെട്ടപ്പോഴാണ് ആദിമാതാപിതാക്കള്‍ക്ക് തോട്ടത്തിന്‍റെ വില മനസ്സിലായത്. പിതൃഭവനം വിട്ടിറങ്ങിയപ്പോള്‍ മാത്രമാണ് അതിന്‍റെ സുരക്ഷിതത്വവും സ്നേഹാന്തരീക്ഷവും നഷ്ടപ്പെട്ടതിന്‍റെ വേദന പുത്രന്‍ അനുഭവിച്ചറിഞ്ഞത്.

ഫലമോ? അന്തസ്സും തനിമയും ഇല്ലാതായി, പിന്നെ പന്നികളെ മേയ്ക്കുക എന്ന നികൃഷ്ടമായ ജോലിയിലേയ്ക്ക് പ്രവേശിക്കുന്നു. പന്നിക്കു കൊടുക്കുന്ന തവിടുപോലും തിന്നാന്‍ കൊതിച്ചു. അതുപോലും ആരും അവന് കൊടുത്തില്ല. തകര്‍ച്ചയുടെ നെല്ലിപ്പടിയാണ് ഇവിടെ കാണുന്നത്. തന്‍റെ ജീവിതം മുഴുവന്‍ ഇരുണ്ടു പോയതായി അവന്‍ തിരിച്ചറിഞ്ഞു. ഈ തിച്ചറിവ് മറ്റൊരു അവബോധത്തിലേയ്ക്കു നയിക്കുന്നു. പിതൃഭവനത്തിന്‍റെ നിയന്ത്രണങ്ങളും പരിമിതികളും സ്വീകിരിച്ച് അവിടെ പാര്‍ക്കുന്നതാണ് യഥാര്‍തഥ ആനന്ദത്തിലേയ്ക്കുള്ള വഴിയെന്ന ബോധം കൈവന്നിരിക്കുന്നു. മകനായിട്ടല്ല, ദാസനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവനെ, എല്ലാം മറന്ന്, ക്ഷമിച്ച് പിതാവും സ്വീകരിക്കുന്നു. സ്നേഹമുള്ള ആ പിതാവ് അവന് നഷ്ടപ്പെട്ട അന്തസ്സ് തിരികെക്കൊടുക്കുന്നു. ധൂര്‍ത്തനായ മകന്‍ തിരിച്ചെത്തിയപ്പോള്‍ പിതാവ് നല്കിയെന്ന് സുവിശേഷം വിവരിക്കുന്ന പിതൃസമൃദ്ധ്യയുടെ അടയാളങ്ങള്‍ - മോതിരവും മേല്‍ത്തരം വസ്ത്രവും ചെരിപ്പും, അദ്ദേഹം കൊന്നു വരുന്നൊരുക്കിയ കൊഴുത്ത കാളക്കുട്ടിയുമെല്ലാം അവന്‍റെ അന്തസ്സിലേയ്ക്കുള്ള തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്.

സ്വന്തം ഭവനത്തില്‍ നിന്നുമുള്ള പുറത്താകല്‍, അല്ലെങ്കില്‍ ഇങ്ങിപ്പോക്ക് ഒരുവന്‍റെ ആത്മനാശമാണ്. പിതാവിന്‍റെ പക്കലേയ്ക്കുള്ള തിരിച്ചുവരവ് അനുരഞ്ജനമാണ്, നവജീവനാണ്.
“എന്‍റെ ഈ മകന്‍ മരിച്ചവനായിരുന്നു. ഇപ്പോള്‍ ജീവിക്കുന്നു.” പിതൃസന്നിധിയില്‍, ദൈവിക സഹവാസത്തില്‍, ആയിരിക്കുന്നതാണ് ജീവനും ആനന്ദവും. നമുക്കു വേണ്ടി നമ്മെ സ്നേഹിക്കുന്നവന്‍റെ കൂടെയുള്ള വാസമാണ് സഹവാസം.
നല്ലിടയന്‍റെയും, നഷ്ടപ്പെട്ട നാണം അന്വേഷിച്ചിറങ്ങിയ സ്ത്രീയുടെയും, ധൂര്‍ത്തപുത്രനെ ആലിംഗനം ചെയ്തു സ്വീകരിച്ച പിതാവിന്‍റെയും വ്യക്തിത്വങ്ങളിലൂടെ നാളതുവരെ കേട്ടിട്ടില്ലാത്ത വിധത്തില്‍ ദൈവസ്നേഹത്തെ പ്രത്യക്ഷവത്ക്കരിക്കുകയാണ് ക്രിസ്തു.

സ്നേഹം മാത്രം മൂലധനമാക്കി ഏര്‍പ്പെടാവുന്ന ജീവിതക്രമമാണ് ഇടയവൃത്തി. ക്രിസ്തുവിനെ സംബന്ധിച്ച് ബുദ്ധി, പ്രായോഗികത, പേശീബലം ഇവയൊക്കെ ഇടയന് അപ്രസക്തങ്ങളാണ്. അതാണ് ക്രിസ്തു തന്‍റെ സ്നേഹിതരില്‍ പ്രധാനിയായിരുന്ന പീറ്ററില്‍നിന്നും അവശ്യപ്പെട്ടത്. മൂന്നാവര്‍ത്തി ചോദിച്ചു. “പീറ്റര്‍ പറയുക. നീ എന്നെ സ്നേഹിക്കുന്നുണ്ടോ. സ്നേഹത്തിന് ചില സ്ഥീരീകരണങ്ങള്‍ ആവശ്യമുണ്ട്. ഇല്ലെങ്കില്‍ അത് ആലിപ്പഴംപോലെ അലിഞ്ഞുപോയേക്കും. ഓരോ പ്രാവശ്യവും ആ ചോദ്യം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഉത്തരം ദുര്‍ബ്ബലമാകും. ആദ്യത്തേതിന് ഉറപ്പില്ല. രണ്ടാമത്തെ ചോദ്യത്തിനുശേഷം വ്യക്തി തെല്ലു സന്ദേഹിയാകുന്നു. മൂന്നാമത്തേതില്‍ അയാളുടെ മിഴികള്‍ നിറഞ്ഞൊഴുകന്നു.

സ്നേഹവും സ്നേഹശൂന്യതയും നമ്മെ കരയിപ്പിക്കുന്നു എന്ന ഉറപ്പു കിട്ടുമ്പോള്‍ നിയോഗത്തിന് തെളിമയും കിട്ടുന്നു. “എന്‍റെ ആടുകളെ മേയിക്കുക.” സ്നേഹത്തിന്‍റെ ഒരു ചെമ്പുതുട്ട് എടുക്കാന്‍ വകയില്ലാതെ ഇടയവൃത്തിയില്‍ ഏര്‍പ്പെടുന്നവരെ കൂലിക്കാരന്‍ എന്നാണ് ക്രിസ്തു വിശേഷിപ്പിക്കുന്നത്. ആടൊഴിച്ച് ബാക്കിയുള്ളതെല്ലാമാണ് അയാള്‍ക്ക് പ്രധാനം. പുറത്തുള്ള ചെന്നായ്ക്കളെക്കാള്‍ ആലയിലെ സ്നേഹമില്ലാത്ത ഇടയന്മാരെയാണ് കൂടുതല്‍ ഭയക്കേണ്ടതെന്ന് ക്രിസ്തുവിന് അറിയാം.

കരുതലും കാവലും കരുണ്യുമുള്ള ആരെയും വിളിക്കേണ്ട പേരാണ് ഇടയന്‍. ജീവിതത്തോട് ഒരാള്‍ പുലര്‍ത്തുന്ന സീമപനത്തിന്‍റെ പേരാണ് ഇടയനെന്ന് ഹൈഡഗര്‍ നിരീക്ഷിക്കുന്നുണ്ട്. അതിന്‍റെ വിപരീതം പ്രഭുവെന്ന് അര്‍ത്ഥം വരുന്ന ദോമിനൂസ് എന്ന ലാറ്റിന്‍ വാക്കാണ്. ഇടയന്‍ പരിപാലിക്കുമ്പോള്‍, രണ്ടാമത്തെയാള്‍ ദോമിനൂസ് അധിപന്‍, നാഥന്‍... എല്ലാത്തിനെയും കീഴ്പ്പെടുത്തുന്നതാണ്.

ഒരു ഗൂഹയ്ക്കുള്ളില്‍ രാപാര്‍ക്കാനായി നിശ്ചയിക്കപ്പെട്ട ആടുകളെ നോക്കി ക്രിസ്തു പറഞ്ഞു “ഞാന്‍ ആടുകളുടെ വാതിലാണ്”. ആടുകളെക്കാത്ത് പ്രവേശന കവാടത്തില്‍ ഇടന്‍ രാത്രികളില്‍ കുറുകെ കിടക്കും.
അവന്‍റെ നെഞ്ചില്‍ ചവിട്ടിവേണം ഒരാടിനു പുരത്തുപോകാന്‍, ഒരു കുറുനരിക്ക് അകത്തു പ്രവേശിക്കാന്‍... ഇടയന്‍തന്നെ വാതില്‍പ്പടി. കാലാന്തരത്തോളം അവിടുന്ന്, ക്രിസ്തു പുണ്യവാന്‍റെയും പാപിയുടെയു വാതിലാണ്, രക്ഷയുടെ കവാടമാണ്.

തൊഴിലുകൊണ്ട് ക്രിസ്തു തച്ചനായിരുന്നെങ്കിലും അവിടുത്തെ പ്രതീകങ്ങളില്‍ ഇടയബിംബങ്ങള്‍ക്ക് പഞ്ഞമൊന്നുമില്ല. കൂട്ടംതെറ്റിയ ആടിനെ തിരഞ്ഞു പോകുന്ന കരുണയാണ് അവിടുന്ന്. സ്വന്തം ജീവതംകൊണ്ട് ആടിന് മോചനദ്രവ്യമകുന്ന സഹനമാണ് അവിടുത്തേത്. വിശക്കുന്നവരുടെമേല്‍ സ്പന്ദിക്കുന്ന അനുഭാവമാണവന്‍. ഏതൊരാള്‍ക്കൂട്ടത്തിലും വിശ്വസ്തരായ ചെറിയൊരജഗണത്തെ കണ്ടെത്താനാവുമെന്ന ആത്മവിശ്വാസമുണ്ടവന്.
സ്വയം നല്ലിടയന്‍ എന്നു വിശേഷിപ്പിക്കാനുള്ള തെളിമയുണ്ടവന്. ഈ ഭൂമിയെക്കുറിച്ചുള്ള അവന്‍റെ സ്വപ്നംതന്നെ ഒരു തൊഴുത്തും ഒരു ഇടയനും എന്നുള്ളതാണ്.








All the contents on this site are copyrighted ©.