2013-06-28 15:58:18

സുപ്രീം കോടതി നടപടി ഖേഃദകരം: അമേരിക്കന്‍ മെത്രാന്‍ സമിതി


28 ജൂണ്‍ 2013, ന്യൂയോര്‍ക്ക്
സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം മാത്രം അംഗീകരിച്ചിരുന്ന അമേരിക്കന്‍ ഭരണഘടനാ നിയമം റദ്ദാക്കപ്പെട്ടത് ഒരു ദേശീയ ദുരന്തമാണെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസ്താവിച്ചു. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് സാധാരണ ദമ്പതികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന ഫെഡറല്‍ ഡിഫന്‍സ് ഓഫ് മാരേജ് ആക്ട് (DOMA)യിലെ ഭാഗമാണ് അമേരിക്കന്‍ സുപ്രീം കോടതി റദ്ദാക്കിയത്. നിയമം സ്വവര്‍ഗ്ഗാനുരാഗികകളായ വിവാഹിതരോടുള്ള വിവേചനമാണെന്നാണ് കോടതിയുടെ അഭിപ്രായം. എന്നാല്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കാലിഫോര്‍ണിയ സംസ്ഥാനത്തിന്‍റെ തീരുമാനം റദ്ദാക്കാന്‍ കോടതി തയ്യാറായില്ല. 50 അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ 12 സംസ്ഥാനങ്ങള്‍ മാത്രമാണ് സ്വവര്‍ഗ വിവാഹം അംഗീകരിച്ചിട്ടുള്ളത്.
സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധത്തിന്‍റെ സത്യം അംഗീകരിക്കുന്നതിലൂടെ സമൂഹത്തിന്‍റെ പൊതുക്ഷേമമാണ് ഉറപ്പാക്കപ്പെടുന്നതെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി പുറത്തിറക്കിയ സന്ദേശത്തില്‍ പ്രസ്താവിച്ചു. ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും ന്യൂയോര്‍ക്ക് അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ തിമോത്തി ഡോലനാണ് സന്ദേശത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. 2010ല്‍ അര്‍ജന്‍റീന സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാന്‍ പരിശ്രമിക്കുമ്പോള്‍ അന്നത്തെ കര്‍ദിനാള്‍ ബെര്‍ഗോളിയോ നടത്തിയ പ്രസിദ്ധമായ പ്രഭാഷണം കര്‍ദിനാള്‍ ഡോളന്‍ അനുസ്മരിച്ചു. ദൈവിക നിയമത്തോടുള്ള പൂര്‍ണ്ണ നിഷേധമെന്നാണ് സര്‍ക്കാര്‍ നടപടിയെ കര്‍ദിനാള്‍ ബെര്‍ഗോളിയോ അന്ന് വിശേഷിപ്പിച്ചത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം അംഗീകരിക്കുന്നത് സ്വാഭാവിക പ്രകൃതി നിയമത്തോടുള്ള ആദരവാണ്. അത് ആര്‍ക്കും നേരെയുള്ള വിവേചനമല്ലെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.