2013-06-28 15:57:00

സഭൈക്യം അടിയന്തരാവശ്യം: മാര്‍പാപ്പ


28 ജൂണ്‍ 2013, വത്തിക്കാന്‍
സഭൈക്യം അടിയന്തരാവശ്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധരായ പത്രോസ് പൗലോസ് അപ്പസ്തോലന്‍മാരുടെ തിരുന്നാളിനോടനുബന്ധിച്ച് വത്തിക്കാനില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് പ്രതിനിധിസംഘവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ജൂണ്‍ 29ന് വി. പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ തിരുന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ ഓര്‍ത്തഡോക്സ് പ്രതിനിധി സംഘം വത്തിക്കാനിലേക്കും നവംബര്‍ 30ന് വി.അന്ത്രയോസ് ശ്ലീഹായുടെ തിരുന്നാളില്‍ പങ്കെടുക്കാന്‍ കത്തോലിക്കാ പ്രതിനിധി സംഘം കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്കും സന്ദര്‍ശനം നടത്തുന്ന പാരമ്പര്യമനുസരിച്ചാണ് ഓര്‍ത്തഡോക്സ് പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരിക്കുന്നത്. ജൂണ്‍ 28ന് രാവിലെ അപ്പസ്തോലിക അരമനയില്‍ വച്ച് മാര്‍പാപ്പ എക്യുമെനിക്കല്‍ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച്ച നടത്തി. കൂടിക്കാഴ്ച്ചാനന്തരം തന്നോടൊത്ത് ഉച്ചഭക്ഷണം കഴിക്കാനും മാര്‍പാപ്പ അവരെ ക്ഷണിച്ചു.
ഓര്‍ത്തഡോക്സ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സഭൈക്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മാര്‍പാപ്പ ഊന്നിപ്പറഞ്ഞു. തങ്ങളെ ഭിന്നിപ്പിച്ചു നിറുത്തുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കാതെ, ഇരുക്കൂട്ടര്‍ക്കും പൊതുവായുള്ള കാര്യങ്ങളെക്കുറിച്ച് സത്യസന്ധമായും സ്നേഹത്തോടെയും വിചിന്തനം ചെയ്യാന്‍ സാധിച്ചതില്‍ താന്‍ സന്തോഷവാനാണെന്ന് മാര്‍പാപ്പ പറഞ്ഞു. ഐക്യം ദൈവിക ദാനമാണ്. ഐക്യമെന്ന ദൈവിക ദാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം ആ ദാനം സ്വീകരിക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ നാം ഒരുക്കുകയും വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.