2013-06-28 15:58:04

ശുഭാപ്തി വിശ്വാസത്തോടെ ആഗോള യുവജനസംഗമത്തിനായി കാത്തിരിക്കുന്ന ബ്രസീല്‍


28 ജൂണ്‍ 2013, റിയോ ദി ജനീറോ
ശുഭാപ്തി വിശ്വാസത്തോടെയാണ് ബ്രസീല്‍ ആഗോള യുവജനസംഗമത്തിനായി കാത്തിരിക്കുന്നതെന്ന് ബ്രസീലിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി. ആഗോള യുവജനസംഗമത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തിക്കൊണ്ട് ബ്രസീലിലെ പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തിലാണ് ആഗോള യുവജനസംഗമം സുരക്ഷിതമായി നല്ലരീതിയില്‍ നടക്കുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ബിഷപ്പ് ലെയൊനാര്‍ദോ സ്റ്റെയിനെര്‍ പ്രസ്താവിച്ചത്. ജൂലൈ 23 മുതല്‍ 28 വരെയാണ് ബ്രസീലിലെ റിയോ ദി ജനീറോയില്‍ ആഗോള യുവജനസംഗമം അരങ്ങേറുന്നത്. യുവജനസംഗമത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ജൂലൈ 22 മുതല്‍ 29വരെ ബ്രസീലിലേക്ക് അപ്പസ്തോലിക പര്യടനവും നടത്തുന്നുണ്ട്.
പ്രതിഷേധക്കാര്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്ന് ബിഷപ്പ് സ്റ്റെയിനെര്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. പ്രസിഡന്‍റ് ഡില്‍മ റൂസെഫുമായി ദേശീയ മെത്രാന്‍സമിതി കൂടിക്കാഴ്ച്ച നടത്തിയെന്നും യുവജന സംഗമത്തിന്‍റെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് തദവസരത്തില്‍ പ്രസിഡന്‍റുമായി സംസാരിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതിനിടെ, പൊതു അധികാരികള്‍ ആഗോള യുവജനസംഗമത്തിന്‍റെ സുരക്ഷ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ആഗോളയുവജനസംഗമത്തിന്‍റെ പ്രാദേശികതല ആസൂത്രണ സമിതിയദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജ്യാവോ തെംപസ്തയും പ്രസ്താവന ഇറക്കിയി. ബ്രസീല്‍ ജനത ഏറെ ആദരവോടെയാണ് ആഗോള യുവജന സംഗമത്തെ വീക്ഷിക്കുന്നതെന്നും സംഗമത്തിന് ഏവരുടേയും സഹകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീലില്‍ പൊതുഗതാഗത നിരക്ക് വര്‍ധനക്കെതിരായി ചെറിയ തോതില്‍ ആരംഭിച്ച പ്രതിഷേധമാണ് ക്രമേണം രാജ്യമെങ്ങളും വ്യാപിച്ച് നിരവധി അക്രമസംഭവങ്ങള്‍ക്ക് ഇടയാക്കിയത്. രാജ്യത്തെ 100 ഓളം നഗരങ്ങളിലായി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്നുണ്ട്. നിരവധി സ്ഥലങ്ങളില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
പൊതുഗതാഗത നിരക്ക് വര്‍ധനക്കെതിരെ ഉടലെടുത്ത പ്രതിഷേധം ഇപ്പോള്‍ അഴിമതിക്കെതിരായും 2014 ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഒരുക്കങ്ങള്‍ക്ക് എതിരായും തിരിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ പണം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ കായിക ഇനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.