2013-06-28 15:57:31

ജീവന്‍ ഇല്ലാതാക്കുകയല്ല അതു സംരക്ഷിക്കുകയാണ് ആരോഗ്യപരിപാലനം ലക്ഷൃമാക്കേണ്ടത്: ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട്


28 ജൂണ്‍ 2013, വത്തിക്കാന്‍
ജീവന്‍ നശിപ്പിക്കാനാല്ല അതു സംരക്ഷിക്കാനാണ് ആരോഗ്യപരിപാലനം ലക്ഷൃമിടേണ്ടതെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് അസ്സീസി ചുള്ളിക്കാട്ട്. യു.എന്‍ 2015 സുസ്ഥിര വികസന പദ്ധതികളിലെ ആരോഗ്യപരിപാലന നയരൂപീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആരോഗ്യം, ജനസംഖ്യാ പരിവര്‍ത്തനം” എന്ന ശീര്‍ഷകത്തില്‍ ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തായിരുന്നു സമ്മേളനം നടന്നത്. ആരോഗ്യസംരക്ഷണം ജനപ്പെരുപ്പവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയ ആര്‍ച്ചുബിഷപ്പ് ജനംസഖ്യ നിയന്ത്രിച്ചുകൊണ്ട് ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തകയല്ല വേണ്ടതെന്നും, അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അനേകരുടെ ആരോഗ്യസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുകയാണ് യു.എന്‍ ചെയ്യേണ്ടതെന്നും അഭിപ്രായപ്പെട്ടു. 5,400ലേറെ ആശുപത്രികളും 17,500 ലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, 567 കുഷ്ഠരോഗ പരിചരണ കേന്ദ്രങ്ങളും 15,7000 ലേറെ വൃദ്ധമന്ദിരങ്ങളും കത്തോലിക്കാ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആതുരസേവനരംഗത്ത് കത്തോലിക്കാ സഭയുടെ അനുഭവപരിചയം അന്തര്‍ദേശീയ – ദേശീയ ആരോഗ്യ നയ രൂപീകരണത്തില്‍ പരിഗണിക്കപ്പെടേണ്ടതാണെന്നും ആര്‍ച്ചുബിഷപ്പ് പറഞ്ഞു.
അടിസ്ഥാന ആരോഗ്യ സുരക്ഷാ പദ്ധതികളുടേയും മരുന്നു വിതരണത്തിന്‍റേയും കാര്യത്തില്‍ സ്വാര്‍ത്ഥലാഭവും അത്യാഗ്രഹവും വെടിഞ്ഞ് നിസ്വാര്‍ത്ഥസേവനത്തിന് മുന്‍തൂക്കം നല്‍കണമെന്നും ആഗോള സമൂഹത്തോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മനുഷ്യജീവന്‍ വികസനത്തിന് പ്രതിബന്ധമായി കണക്കാക്കുന്ന കാലഹരണപ്പെട്ട മാല്‍ത്തൂഷ്യന്‍ സിദ്ധാന്തം ഇന്നും പ്രയോഗിക്കപ്പെടുന്നതില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ അമ്പരപ്പ് വെളിപ്പെടുത്തിയ ആര്‍ച്ചുബിഷപ്പ് ചുള്ളിക്കാട്ട് സുസ്ഥിര വികസനത്തിന് സര്‍ഗാത്മസംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള എത്രയേറെ പ്രതിഭകള്‍ക്കായിരിക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ പോലും അവസരം ലഭിക്കാതെ പോയതെന്നും പ്രസ്താവിച്ചു. ജീവനെന്ന ദാനം കാത്തുസംരക്ഷിക്കപ്പടുന്ന സുസ്ഥിര വികസനത്തിനുവേണ്ടി ശക്തമായ വാദഗതികളാണ് അദ്ദേഹം സമ്മേളനത്തില്‍ പങ്കുവയ്ച്ചത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.