2013-06-27 20:27:01

ക്രൈസ്തവികതയുടെ പൊയ്മുഖത്തെക്കുറിച്ച്
പാപ്പാ ഫ്രാന്‍സിസ്


27 ജൂണ്‍ 2013, വത്തിക്കാന്‍
ക്രൈസ്തവികതയ്ക്കൊരു പൊയ്മുഖമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് തന്‍റെ വചനചിന്തയില്‍ പങ്കുവച്ചു.
ജൂണ്‍ 27-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, കാസാ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ ‘പാറയില്‍ ഭവനം പണിത വിവേകമതിയെക്കുറിച്ചും, പൂഴിയില്‍ വീടു കെട്ടിയ ഭോഷനെക്കുറിച്ചും’ വ്യാഖ്യാനിക്കവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

വിശുദ്ധ മത്തായിയുടെ സുവിശേഷം (മത്തായി 7, 21-29) വരച്ചു കാട്ടുന്ന രണ്ടുതരം വിശ്വാസികള്‍ സഭയുടെ ചരിത്രത്തില്‍ ഉടനീളമുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ആദ്യ തരക്കാര്‍, ക്രൈസ്തവരാണെങ്കിലും ക്രിസ്തു ഇല്ലാത്തുപോലെ കപടതയില്‍ ജീവിക്കുന്നു, അല്ലെങ്കില്‍ ക്രിസ്തുവിനെക്കുറിച്ച് ‘അജ്ഞേയവാദി’കളായി (agnostic) കഴിഞ്ഞുകൂടുന്നു. രക്ഷയും നന്മയും സ്വയം നേടിയെടുക്കാവുന്നതാണെന്നും, അതിന് രക്ഷകനായ ക്രിസ്തുവിനെ ആവശ്യമില്ലെന്നുമുള്ള (pelagian) വ്യാജവാദത്തിന്‍റെ ചിന്താഗതിക്കാരാണ് അവരെന്നും പാപ്പാ വ്യാഖ്യാനിച്ചു. ഇവരെ ‘പേരിനുമാത്രം’, കൃസ്ത്യാനികളെന്നുന്നും, പൊള്ളയായ ക്രൈസ്തവികതയെന്നും പാപ്പാ കുറ്റപ്പെടുത്തി. ‘കര്‍ത്താവേ, കര്‍ത്തവേ,’ എന്നവര്‍ വിളിക്കുമെങ്കിലും, അവര്‍ ദൈവഹിതം കണ്ടെത്താനാവത്തവരും, വചനത്തിലോ, ദൈവഹിതത്തിലോ അടിത്തറയില്ലാത്തതുമായ ക്രൈസ്തവരാണെന്നും, അത് ആധുനികതയുടെ അജ്ഞേയവാദമാണെന്നും പാപ്പാ ആരോപിച്ചു.

ക്രിസ്തുവില്‍ സ്വാതന്ത്ര്യവും സന്തേഷവും അനുഭവിക്കുന്നവനാണ് യഥാര്‍ത്ഥ ക്രൈസ്തവര്‍. അവര്‍ ക്രിസ്തുവിനോടും സംവദിക്കുകയും അവിടുത്തെ വചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്‍റെ അരൂപിയാണ് അവര്‍ക്ക് സ്വാതന്ത്ര്യം നല്ക്കുന്നതും അവരെ ജീവിതാനന്ദത്തില്‍ നയിക്കുന്നതും. ക്രിസ്തുവാകുന്ന പാറയില്‍ പണിതുയര്‍ത്തപ്പെട്ട അവരുടെ ജീവിതങ്ങള്‍ ഒരിക്കലും പതറുകയില്ലെന്നും തകരുകയില്ലെന്നും ഉറപ്പിനല്കിക്കൊണ്ടാണ് പാപ്പ വിചിന്തനം സമാഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.