2013-06-25 16:43:24

ക്രിസ്തീയ ജീവിതം സ്നേഹത്തിലേക്കുള്ള വിളി


25 ജൂണ്‍ 2013, വത്തിക്കാന്‍
ക്രൈസ്തവനായിരിക്കുകയെന്നത് ആകസ്മികമായി സംഭവിക്കുന്ന ഒന്നല്ല. സ്നേഹത്തിലേക്കുള്ള വിളിയാണതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. ദിവ്യബലിയിലെ ഒന്നാം വായനയെ ആസ്പദമാക്കിയായിരുന്നു മാര്‍പാപ്പയുടെ വചന സമീക്ഷ. അബ്രാഹവും ലോത്തും സ്വത്ത് വിഭജിച്ച് പിരിയുന്ന സംഭവമാണ് (ഉല്‍പത്തി 13) വായനയില്‍ പ്രതിപാദിച്ചിരുന്നത്. സമാധാനത്തില്‍ സ്വത്ത് വിഭജിച്ചു പിരിയുന്ന അബ്രാഹത്തെയും ലോത്തിനേയും കുറിച്ച് ശ്രവിക്കുമ്പോള്‍ മധ്യപൂര്‍വ്വദേശത്തെ സമകാലിക സംഘര്‍ഷങ്ങളാണ് തന്‍റെ മനസിലെത്തുന്നത്. മധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷമെല്ലാം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ട വിവേകം ജനത്തിനു നല്‍കണമെന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും പാപ്പ തദവസരത്തില്‍ വെളിപ്പെടുത്തി.

ദൈവത്തിന്‍റെ വിളി ശ്രവിച്ച് തന്‍റെ വീടും നാടും ഉപേക്ഷിച്ച് വാഗ്ദത്തദേശത്തേക്ക് യാത്രയായ വ്യക്തിയാണ് അബ്രാഹം. ലോത്തില്‍ നിന്ന് വേര്‍പിരിയുമ്പോള്‍ അബ്രാഹത്തിന് തൊണ്ണൂറു വയസു പ്രായമെങ്കിലും ഉണ്ടായിരിക്കും, എങ്കിലും ദൈവം നല്‍കിയ വാഗ്ദാനത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് തന്‍റെ യാത്ര തുടരാന്‍ അദ്ദേഹം സന്നദ്ധനായിരുന്നുവെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ക്രിസ്തീയ ജീവിതത്തെ അബ്രാഹത്തിന്‍റെ യാത്രയോട് ഉപമിച്ച മാര്‍പാപ്പ അബ്രാഹത്തെപ്പോലെ ദൈവിക വാഗ്ദാനത്തില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന് ഉത്ബോധിപ്പിച്ചു.

ദൈവത്തിന് മനുഷ്യനോടുള്ള ബന്ധം അനന്യമാണ്. ഉല്‍പത്തി പുസ്തകത്തില്‍ സൃഷ്ടികര്‍മ്മത്തെക്കുറിച്ചുള്ള വിവരണം ശ്രദ്ധിച്ചാല്‍ മറ്റെല്ലാ ജീവജാലങ്ങളുടേയും സൃഷ്ടിയില്‍ നിന്ന് വിഭിന്നമാണ് മനുഷ്യന്‍റെ സൃഷ്ടിയെന്ന് കാണാം. ദൈവം തന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ് അവനെ സൃഷ്ടിച്ചത്. മനുഷ്യനോടുള്ള ദൈവത്തിന്‍റെ ബന്ധവും സവിശേഷമാണ്. അബ്രാഹത്തെ പേരുചൊല്ലി വിളിച്ചതുപോലെ ദൈവം തന്‍റെ വാഗ്ദാനത്തിലേക്ക് പേരുചൊല്ലി വിളിച്ചിരിക്കുന്നവരാണ് നാമോരോരുത്തരും.
ദൈവത്തിന്‍റെ വ്യക്തിപരമായ വിളി സ്വീകരിച്ചവരാണ് ഓരോ ക്രൈസ്തവനുമെന്ന് പ്രസ്താവിച്ച മാര്‍പാപ്പ തന്‍റെ വാഗ്ദാനത്തിലേക്ക് നമ്മെ ക്ഷണിച്ച ദൈവം എന്നും വിശ്വസ്തനാണെന്ന് സഭാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. സ്നേഹത്തിലേക്കുള്ള വിളിയാണ് ക്രിസ്തീയ ജീവിതം. ദൈവമക്കളാകാനും ക്രിസ്തുവിന്‍റെ സഹോദരങ്ങളാകാനുമുള്ള വിളിയാണത്. ആ വിളി അന്യരോട് പങ്കുവയ്ക്കുകയെന്ന ദൗത്യവും നമുക്കുണ്ട്. ഈ യാത്ര പ്രശ്നരഹിതമല്ല. വഴിയില്‍ നിരവധി വൈതരണികളുണ്ട്. യേശു ക്രിസ്തുവും നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ നമ്മെ വിളിച്ച ദൈവം എന്നും വിശ്വസ്തനാണെന്നും പ്രതിസന്ധികളില്‍ അവിടുന്നൊരിക്കലും നമ്മെ ഏകരായി വിടുകയില്ലെന്നും ഉറപ്പുനല്‍കി.
ജ്ഞാനസ്നാനം വഴി ദൈവത്തോട് ഐക്യപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍. “അച്ചോ, ഞാനൊരു പാപിയാണെന്ന്” ആരെങ്കിലും വിലപിച്ചേക്കാം. ശരിയാണ്, നാമെല്ലാവരും പാപികളാണ്. ദൈവത്തോടൊത്ത് സഞ്ചരിക്കുന്ന പാപികളാണ് നാം. വിശ്വസ്തനായ ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടവരാണ് പാപികളായ നാമോരോരുത്തരുമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. സുധീരം മുന്നോട്ടു സഞ്ചരിച്ച അബ്രാഹത്തെപ്പോലെ, പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടു പോകാന്‍ വേണ്ട ആത്മധൈര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാര്‍പാപ്പ ക്രൈസ്തവരെ ആഹ്വാനം ചെയ്തു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.