2013-06-25 16:43:35

അര്‍ജ്ജന്‍റീനയിലെ ഗോത്രനേതാവുമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച്ച


25 ജൂണ്‍ 2013, വത്തിക്കാന്‍
അര്‍ജ്ജന്‍റീനയിലെ ക്വും ഗോത്രനേതാവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തി. സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവും അര്‍ജ്ജന്‍റീന സ്വദേശിയുമായ അഡോള്‍ഫ് പേരെസ് എസ്ക്വിയലിനൊപ്പമാണ് ഗോത്രനേതാവ് ഫെലിക്സ് ദിയാസും പത്നി അമാന്ത അസിജിക്കും മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ വത്തിക്കാനിലെത്തിയത്. അര്‍ജന്‍റീനയിലെ ഫോര്‍മോസ് രൂപതയില്‍ തദ്ദേശീയ ജനതയ്ക്കുവേണ്ടിയുള്ള എപ്പിസ്ക്കോപ്പല്‍ വികാരി ഫാ.ഫ്രാന്‍സിസ്ക്കോ നാസറും അവര്‍ക്കൊപ്പമുണ്ടായിരുന്നു. മാര്‍പാപ്പ തിങ്കളാഴ്ച രാവിലെയാണ് അവരുമായി കൂടിക്കാഴ്ച്ച നടത്തിയത്.
മാര്‍പാപ്പയെ നേരില്‍ കണ്ട് സംസാരിക്കാന്‍ സാധിച്ചതില്‍ ക്വും ഗോത്രനേതാവ് ഫെലിക്സ് ദിയാസ് ഏറെ സന്തോഷവാനായിരുന്നു. തനിക്ക് ഈ അവസരം ലഭിച്ചതില്‍ അദ്ദേഹം ഹൃദയംഗമമായി കൃതജ്ഞത രേഖപ്പെടുത്തിയെന്ന് കൂടിക്കാഴ്ച്ചാനന്തരം വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അര്‍ജന്‍റീനയിലും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമുള്ള ഗോത്രവര്‍ഗക്കാരോട് മാര്‍പാപ്പയുടെ സ്നേഹത്തിന്‍റേയും പ്രോത്സാഹനത്തിന്‍റേയും അടയാളമായിട്ടാണ് താന്‍ ഈ കൂടിക്കാഴ്ച്ചയെ വിലയിരുത്തുന്നതെന്ന് ദിയാസ് അഭിപ്രായപ്പെട്ടു. ആദിവാസി സമൂഹങ്ങള്‍ സ്വന്തം സാംസ്ക്കാരിക തനിമ നിലനിറുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നടത്തുന്ന പ്രയത്നങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഭൂമി കൈവശാവകാശത്തെ സംബന്ധിച്ച് തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മാര്‍പാപ്പയോട് പങ്കുവയ്ച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.