2013-06-24 10:18:27

നിര്‍ബന്ധിത കുടിയേറ്റ മേഖലയില്‍
സഭയുടെ ആര്‍ദ്രമായ അജപാലന സാന്നിദ്ധ്യം


‘വിപ്രവാസികളും പരിത്യക്തരുമായവരില്‍ ക്രിസ്തുവിനെ ദര്‍ശിക്കുക.’

- ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍

പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി
20-ാമത് സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധം
24 ജൂണ്‍ 2013, റോം

1. ആമുഖം
‘മൊസൈക്ക്’ ചിത്രണത്തിന്‍റെ സുഖകരമായ അനുഭവമാണ് വിപ്രവാസികള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സമ്പൂര്‍ണ്ണ സമ്മേളനം ഇത്തവണ നല്കിയത്. വൈവിദ്ധ്യമാര്‍ന്ന തരത്തിലും നിറത്തിലുമുള്ള മൊസൈക്ക് ശകലങ്ങള്‍ കൂട്ടിച്ചേര്‍ത്തല്ലേ മനോഹരമായ സമ്പൂര്‍ണ്ണ ചിത്രം രചിക്കുന്നത്. അതുപോലെ സംസ്ക്കാരത്തിന്‍റെയും ഭാഷകളുടെയും, ദേശങ്ങളുടെയും ആത്മീയതയുടെയും വൈവിദ്ധ്യമാര്‍ന്ന ഘടകങ്ങള്‍ ചേര്‍ത്ത് ആഗോള കുടിയേറ്റ പ്രതിഭാസത്തിന്‍റെ ചിത്രം വരയ്ക്കുകയായിരുന്നു ഈ ആഗോള സമ്മേളനം.

ക്രൈസ്തവ ജീവിതങ്ങള്‍ എന്നും ഉപവിക്കും സത്യത്തിനുമായി സമര്‍പ്പിച്ചുകൊണ്ട് ആധുനീകാനന്തര മാനവികതയുടെ നവപ്രതിഭാസമായ നിര്‍ബന്ധിത കുടിയേറ്റ മേഖലയില്‍ യാതനകള്‍ അനുഭവിക്കുന്നവര്‍ക്ക് സന്തോഷവും പ്രത്യാശയും പകരുവാന്‍ നമ്മെ ഓരോരുത്തരെയും ഈ കൂട്ടായ്മ വെല്ലുവിളിക്കുന്നു. നാടുകടത്തപ്പെട്ടവരും അഭയാര്‍ത്ഥികളും വിപ്രവാസികളുമായി വേദനിക്കുന്നവരില്‍ ക്രിസ്തുവിന്‍റെ മുഖമാണ് ദര്‍ശിക്കേണ്ടത്. ഈ കാഴ്ചപ്പാടില്‍ മാത്രമേ പരിചിത മേഖലകള്‍ വിട്ട് കുടിയേറ്റത്തിന്‍റെ പ്രേഷിതരംഗങ്ങളിലേയ്ക്ക് ക്രിസ്തുവിനു സാക്ഷികളായി നാം ഇറങ്ങി പുറപ്പെടുകയുള്ളൂ.
ശ്രദ്ധേയമായ ചില പ്രശ്നങ്ങള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കട്ടെ.

2. കുടിയേറ്റം ഇന്ന്
കുടിയേറ്റപ്രതിഭാസത്തില്‍ ഇന്ന് ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വരും നാളുകളില്‍ ഇനിയും കൂടുതല്‍ പ്രതീക്ഷിക്കേണ്ടതുമാണ്. രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളാല്‍ വിവിധ രാജ്യങ്ങളിലേയ്ക്കുള്ള ജനതകളുടെ കുടിയേറ്റം ഇന്ന് നിര്‍ബന്ധിതമായി തീര്‍ന്നിട്ടുണ്ട്. തകരുന്ന സാമൂഹ്യ സംവിധാനങ്ങളും ശുഷ്ക്കിച്ച സഹാനുഭാവവുംകൊണ്ട് മനുഷ്യവാസത്തിന്‍റെ സാമൂഹ്യാന്തരീക്ഷം വികലമായിട്ടുണ്ട്. ഒപ്പം കുടിയേറ്റക്കാരോടുള്ള വെറുപ്പും വിദ്വേഷവും വിവേചനവും ജനങ്ങളുടെ ഇടയില്‍ വര്‍ദ്ധിച്ചിട്ടുമുണ്ട്. വിപ്രവാസികളായവരെ അകറ്റി നിറുത്തുന്ന കുടുസ്സായ മനഃസ്ഥിതിയാണ് പൊതുവെ രാഷ്ട്രങ്ങള്‍ ഇന്ന് പ്രകടമാക്കുന്നത്. ഈ മനോഭാവം ഇന്നിന്‍റെ സാഹചര്യത്തില്‍ ആഗോള മനുഷ്യാവകാശ ലംഘനമാണ്. വിവിധ രാഷ്ട്രാതിര്‍ത്തികളില്‍ ഇന്നു കാണുന്ന കുടിയേറ്റക്കാരുടെ അവിഹിതമായ തടഞ്ഞുവയ്ക്കല്‍ ഇതിന് ഉദാഹരണവുമാണ്. അധോലോക പ്രവൃത്തികള്‍ക്കും മനുഷ്യക്കച്ചവടംപോലുള്ള സാമൂഹ്യ തിന്മകള്‍ക്കും ഇടമൊരുക്കുന്ന രാജ്യങ്ങളുടെ അഭയാര്‍ത്ഥി കേന്ദ്രങ്ങളുള്ള അതിര്‍ത്തികളിലേയ്ക്ക് പാവങ്ങളായ വിപ്രവാസികള്‍ക്ക് സുരക്ഷിതമായി ചെന്നെത്താന്‍‍ സാധിക്കാത്ത അവസ്ഥയാണിന്ന്. തങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക് സങ്കേതവും, സ്ഥായീഭാവമുള്ള പരിഹാരവും പുരോഗതിയും തേടിയെത്തുന്ന അധികവും പാവങ്ങളായ വിപ്രവാസികള്‍ക്ക് പല രാഷ്ട്രാതിര്‍ത്തികളും ഇന്ന് കെണിയായി മാറുന്നുണ്ട്.

3. പരിത്യക്തരുടെ ശുശ്രൂഷ വിശ്വസസാക്ഷൃമാണ്
അടിസ്ഥാന മനുഷ്യാവകാശങ്ങളെ ബലപ്പെടുത്തിക്കൊണ്ടുള്ള സംരക്ഷിതവും നിയമപരവുമായ കുടിയേറ്റ നയങ്ങള്‍ ഇനിയും ആവശ്യമായിരിക്കുകയാണ്. അഭയാര്‍ത്ഥികളായവരെ ഉള്‍ക്കൊള്ളുന്നതും അവര്‍ക്ക് പുനര്‍ജ്ജനി നല്കുന്നതുമായ രാജ്യങ്ങളോടു ചേര്‍ന്ന്, തങ്ങളുടെ പുനരധിവാസ പദ്ധതികളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സഹാനുഭാവത്തിന്‍റെ വികാസം കാണിക്കേണ്ടതാണ്. ഇങ്ങനെ മാത്രമേ രാഷ്ട്രങ്ങള്‍ ഏറ്റെടുക്കേണ്ട കുടിയേറ്റക്കാരെ സംബന്ധിക്കുന്ന അന്തര്‍ദേശീയ ഉത്തരവാദിത്വങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂ. അഭയാര്‍ത്ഥികളും, കുടിയേറ്റക്കാരും, നാടുകടത്തപ്പെട്ടവരും വ്യക്തികളാകയാല്‍ അവരുടെ മനുഷ്യാന്തസ്സ് എവിടെയും എപ്പോഴും മാനിക്കപ്പെടേണ്ടതാണ്.
ഇത് രാഷ്ട്രങ്ങളുടെ പ്രഥമ ദൗത്യവും ഉത്തരാദിത്വവുമായി പാലിക്കേണ്ടതാണ്.

പ്രാദേശിക സഭകളുടെ അജപാലന ശുശ്രൂഷാ പരിപാടികള്‍ ഈ ചുറ്റുവട്ടത്തിലാണ് വളര്‍ത്തിയെടുക്കേണ്ടത്. വിമോചനത്തിനായി സഹായംതേടുന്ന ഏവര്‍ക്കും സഭ അവളുടെ കരങ്ങള്‍ എപ്പോഴും നീട്ടുന്നുണ്ട്. രാഷ്ട്രങ്ങളിലെ നിര്‍ബന്ധിത കുടിയേറ്റ ചുറ്റുപാടുകളില്‍ ജീവന്‍ പരിരക്ഷിക്കുക, മനുഷ്യാന്തസ്സ് വീണ്ടെടുക്കുക, തകരുന്ന ജീവിതങ്ങള്‍ക്ക് പ്രത്യാശപകരുക എന്നിവയ്ക്കൊപ്പം നാടിനോടും സമൂഹത്തോടും പ്രതിബദ്ധത വളര്‍ത്തുക എന്നതും ധാര്‍മ്മിക മൂല്യങ്ങളുടെയും ക്രിസ്തീയ വീക്ഷണത്തിന്‍റെയും ഭാഗമാണ്. അപരിചിതരെ സ്വീകരിക്കുകയും അവര്‍ക്ക് ആതിഥ്യം നല്കുകയും ചെയ്യുന്ന മനോഭാവം ഇതിനാവശ്യമാണ്. ആതിഥേയത്വത്തിന്‍റെ ആത്മീയതയാണ് അവസാനം പൂര്‍ണ്ണസേവനത്തിന്‍റെയും ശുശ്രൂഷയുടെയും മൂര്‍ത്തരൂപമാകുന്നത്. സമൂഹത്തിന്‍റെയും സഭയുടെയും ഭാഗത്തുനിന്നുള്ള നിരന്തര സമര്‍പ്പണത്തിന്‍റെ ഭാഗമായിട്ടു മാത്രമേ വിപ്രവാസികളെ സ്വീകരിക്കുന്ന പ്രക്രിയ യാഥാര്‍ത്ഥ്യമാവുകയുള്ളൂ. ക്രിസ്തുവിനോടും സുവിശേഷ മൂല്യങ്ങളോടും വിശ്വസ്തത പുലര്‍ത്തണമെങ്കില്‍ വിവിധ കാരണങ്ങളാല്‍ നിര്‍ബന്ധമായി പുറംതള്ളപ്പെടുകയും പ്രവാസികളാക്കപ്പെടുകയും ചെയ്തവരോട് ചേര്‍ന്നുനില്കണമെന്ന് സഭ ആഗ്രഹിക്കുന്നു. പരിത്യക്തര്‍ക്കായുള്ള ഈ ശുശ്രൂഷ ക്രൈസ്തവ വിശ്വാസത്തിന്‍റെ ഭാഗമാണ്. ദൈവസ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണ ജീവിതത്തിനായി ഉത്കണ്ഠപ്പെടുന്നവരുടെ കദനകഥകള്‍ക്ക് കാതോര്‍ക്കുമ്പോള്‍ ദൈവികസ്വരം തന്നെയായിരിക്കും സഭ ഈ പാവങ്ങളിലൂടെ ശ്രവിക്കുന്നത്.

4. കണ്ണീരിന്‍റെയും ഒപ്പം പ്രത്യാശയുടെയും യാത്രികര്‍
സമൂഹത്തിലെ അപരിചതരായ പരിത്യക്തരുടെ കരച്ചില്‍ കേള്‍ക്കാനുള്ള ക്രിസ്തുവിന്‍റെ വിളിയോട് എല്ലാവരും പ്രത്യുത്തരിക്കേണ്ടതാണ്. ലോകമെമ്പാടുമുള്ള നിരാലംബരും പാവങ്ങളുമായ അഭയാര്‍ത്ഥികളുടെയും വിപ്രവാസികളുടെയും, ചൂഷണംചെയ്യപ്പെട്ടവരുടെയും മുഖ്യസംരക്ഷക എന്ന സഭയുടെ പ്രതിപത്തി എല്ലാ ക്രൈസ്തവ മക്കളുടെയും ഉത്തരവാദിത്വവും ഭാഗധേയവുമായി തീരേണ്ടതാണ്. സഹായത്തിനായുള്ള പാവങ്ങളുടെ മുറവിളി ഭൂഖണ്ഡത്തിന്‍റെയും രാഷ്ട്രങ്ങളുടെയും അതിര്‍വരമ്പുകള്‍ കടന്ന് ഇന്ന് പ്രതിധ്വനിക്കുന്നുണ്ട്. ഭൗതികവസ്തുക്കളുടെ പിന്‍തുണ, നേരിട്ടുള്ള സഹായം, ആത്മീയ സേവനം, കൗദാശിക ശുശ്രൂഷ, വൈദ്യപരിചരണം, കുടുംബ ശുശ്രൂഷാ പരിപാടികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ അപരനുവേണ്ടിയുള്ള സഭയുടെ ഉത്കണ്ഠ പ്രകടമാക്കപ്പെടുന്നുണ്ട്. ഈ മേഖലയിലുള്ള സമര്‍പ്പണത്തിന്‍റെയും അജപാലന ശുശ്രൂഷയുടെയും ആദ്യപടി ഈ പരിത്യക്തരെ നേരില്‍ കണ്ട് അവരുമായി സംവദിക്കുകയും, അവരെ ശ്രവിക്കുകയുമാണ്. വിപ്രവാസികളായവര്‍ കണ്ണീരിന്‍റെയും ഒപ്പം പ്രത്യാശയുടെയും യാത്രികരാണ്. അവരെ അടുത്തറിയുക എന്നതാണ് ഇതിന്‍റെ ലക്ഷൃം.

ഉറവിട രാഷ്ട്രങ്ങളിലെ വേദനയുടെയും സമൃദ്ധിയുടെയും ഇടകലര്‍ന്ന അനുഭവങ്ങളുടെ സന്ദേശവാഹകരും പ്രയോക്താക്കളുമായ കുടിയേറ്റക്കാര്‍ തന്നെയാണ് പിന്നീട് ആതിഥ്യ സമൂഹത്തിന്‍റെ സങ്കേതവും ഉപയസാദ്ധ്യതയുമായി മാറുന്നത്. കുടിയേറ്റത്തിന്‍റെ പച്ചയായ അനുഭവങ്ങളിലൂടെ ഇവരെ കൈപിടിച്ചു നടത്തുകയും, മറ്റുള്ളവര്‍ക്കും ഇവര്‍ക്കുതന്നെയും ഒരുപോലെ ഉപയോഗപ്രദമായ വിധത്തില്‍ ജീവിതം വ്യയംചെയ്യാന്‍ ഇവരെ സഹായിക്കേണ്ടതുമാണ്. മനുഷ്യപ്രവാഹത്തിന്‍റെ കുത്തൊഴുക്കിലെ ഗുണഭോക്താക്കളായ ഇവര്‍ ഇന്നത്തെ ലോകത്തിന്‍റെ സുവിശേഷസാക്ഷികള്‍ ആകേണ്ടവരാണ്. അഭയാര്‍ത്ഥികളും പരിത്യക്തരുമായ ഇവര്‍ക്ക് ആത്മീയപിന്‍തുണ ലഭിച്ചാല്‍ അതാതു സമൂഹങ്ങളിലെ - രൂപതകളുടെയും ഇടവകകളുടെയും - സമൂഹ്യ അജപാലന പദ്ധതിപ്രകാരം ഇവര്‍ അജപാലന മേഖലയിലെ നായകരായിത്തീരുവാനും സാദ്ധ്യതയുണ്ട്.

5. കൂട്ടുത്തരവാദിത്വത്തിന്‍റെ അജപാലന പ്രതിബദ്ധത
നിര്‍ബന്ധിത കുടിയേറ്റ ചുറ്റുപാടിലെ അജപാലന പ്രതിബദ്ധതയും ഉല്‍ക്കണ്ഠയും കൂട്ടുത്തരവാദിത്വമാണ്. അഭയാര്‍ത്ഥികളും പുറംതള്ളപ്പെട്ടവരുമായവര്‍ക്ക് സാന്ത്വനവും സമാശ്വാസവും എത്തിച്ചുകൊടുക്കുവാന്‍ കൂട്ടായ സമര്‍പ്പണവും സാന്നിദ്ധ്യവും അനിവാര്യമാണ്. ഈ അജപാലന പിന്‍തുണ പ്രവാസികളുടെ ഉറവിടങ്ങളിലെ സഭയ്ക്കെന്നപോലെ കുടിയേറ്റ രാജ്യങ്ങളിലെ സമൂഹങ്ങളിലും ഫലപ്രദമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. പ്രാദേശിക തലത്തില്‍ സഹകരണവും സമര്‍പ്പണവും, ശരിയായ ധാരണയും ആശയവിനിമയവും, ഉത്തരവാദിത്വമുള്ള വ്യക്തികളുടെ ലഭ്യതയും, വേണ്ടിവന്നാല്‍ സാമ്പത്തിക സംവിധാനങ്ങളുടെ ക്രമീകരണവും ഈ മേഖലയില്‍ ആവശ്യമാണ്. സാമ്പത്തിക സഹായമില്ലാത്തതാണ്, ചിലപ്പോഴെങ്കിലും ഇങ്ങനെയുള്ള അജപാലന ശുശ്രൂഷയുടെ പിന്‍തുണ സംവിധാനങ്ങള്‍ വിജയിക്കാതെ പോകുന്നതിനു കാരണമെന്നും നീരിക്ഷിച്ചിട്ടുണ്ട്. കുടിയേറ്റ മേഖലയിലുള്ള സന്ന്യാസസ്ഥാപനങ്ങള്‍ക്കും, Jesuit Refugee Services JRS, International Catholic Migration Commission ICMC, Caritas മുതലായ ഉപവി പ്രവര്‍ത്തന സംഘടനകള്‍ക്കും, പ്രാദേശിക സഭകളോടൊപ്പം ഈ സമൂഹ്യ നവപ്രതിഭാസത്തിലുള്ള സമര്‍പ്പണവും സാന്നിദ്ധ്യവും ഏറെ പ്രസ്താവ്യമാണ്. വിശിഷ്യാ, മനുഷ്യക്കച്ചവടവും ലൈംഗികചൂഷണവും നടമാടുന്ന രാജ്യങ്ങളില്‍ ഇവര്‍ നല്കുന്ന പിന്‍തുണ അനുസ്മരണീയമാണ്.

6. അസ്വാതന്ത്ര്യത്തിന്‍റെ മേഖലയിലെ ആത്മീയ പിന്‍തുണ
കുടിയേറ്റ മേഖലയിലെ അവസ്ഥാവിശേഷങ്ങളെക്കുറിച്ചുള്ള സത്യസന്ധമായ ആശയവിനിമയം, മെത്രാന്‍ സമിതികളുടെ ഇടയലേഖനങ്ങള്‍, സംഘടനകളുടെ പരസ്പര സഹകരണ പരിപാടികള്‍, പ്രവര്‍ത്തന പദ്ധതികള്‍, അഭയാര്‍ത്ഥി കേന്ദ്രങ്ങളിലെ ദിവ്യബലി, മറ്റു ആത്മീയക്രമങ്ങള്‍ എന്നിവ എന്നും തുടരേണ്ടതാണ്. നിര്‍ബന്ധിത കുടിയേറ്റത്തിന് വിധേയരായവര്‍ക്ക് സാമൂഹ്യവും അജപാലന പരവുമായ സഹായങ്ങള്‍ സംവിധാനംചെയ്തുകൊണ്ട് അവരെ വളര്‍ത്തിയെടുക്കുകയും അന്തസ്സോടെ ജീവിക്കാന്‍ സഹായിക്കേണ്ടതുമാണ്. പരിമിതികളുടെ വീര്‍പ്പുമുട്ടിക്കുന്ന വിധത്തിലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകത്തക്ക വിധത്തില്‍ അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ വിവിധങ്ങളായ പ്രശ്നങ്ങളുടെ കുമ്പാരമാണിന്ന്. അതിനാല്‍ത്തന്നെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേയ്ക്കുള്ള അജപാലന സന്ദര്‍ശനങ്ങള്‍ വളരെ പ്രധാനപ്പെട്ടതുമാണ്. നഷ്ടമായ ജീവിത ചുറ്റുപാടുകള്‍ ലളിതമായി പുനരാവിഷ്ക്കരിക്കപ്പെടേണ്ടതും, സംരക്ഷിക്കപ്പെടേണ്ടതുമായ മനുഷ്യത്വത്തിന്‍റെ താല്ക്കാലിക വേദികളും ആശാകേന്ദ്രങ്ങളുമാണ് അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍.

തങ്ങളുടെ അജപാലന സമൂഹത്തിന്‍റെ പരിധിയില്‍ കഴിയുന്ന പാവങ്ങളും പരിത്യക്തരുമായവരോട് നേരിട്ട് ഇടപെടുവാന്‍ അവിടെയുള്ളവര്‍ക്ക് താല്പര്യമുണ്ടാകണമെന്നില്ല. എന്നാല്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കിക്കൊണ്ടും അറിഞ്ഞുകൊണ്ടും, വിശിഷ്യാ കുടിയേറ്റക്കാരെ അതിനായി പ്രോത്സാഹിപ്പിച്ചുകൊണ്ട്, ഇരുപക്ഷത്തും അതിന് വഴിയൊരുക്കേണ്ടതാണ്. ക്രൈസ്തവ സമൂഹങ്ങളെ നയിക്കുന്ന സുവിശേഷത്തിന്‍റെ ശ്രേഷ്ഠമായ ചൈതന്യത്താല്‍, സംസ്ക്കാരങ്ങള്‍ തമ്മില്‍ ധാരണയുടെ ക്രിയാത്മകമായ ചുറ്റുപാടും സംവാദവും വളര്‍ത്താന്‍ സഭയുടെ ഇടപെടലും പങ്കാളിത്തവും എപ്പോഴും ഉണ്ടാകേണ്ടതാണ്.

7. ചലിക്കുന്ന ജനസഞ്ചയത്തോടു കാണിക്കേണ്ട കാരുണ്യം
പൊതുനന്മയ്ക്കായുള്ള പ്രേരണയും മനുഷ്യവ്യക്തിയുടെ പരിരക്ഷണവും സമഗ്രവികസന സാദ്ധ്യതകളെ ബലപ്പെടുത്തുന്നു. മനുഷ്യജീവനോടുള്ള ആദരവില്‍നിന്നും അന്തസ്സില്‍നിന്നും ഉയരുന്ന ധാര്‍മ്മിക ഉത്തരവാദിത്വത്തെ ആധാരമാക്കി കുടിയേറ്റ മേഖലയില്‍ സഭ ഇനിയും സംരക്ഷണ നയങ്ങള്‍ നടപ്പിലാക്കാനും, ആഗോള പ്രതിബദ്ധത വളര്‍ത്തുവാനുമുള്ള പരിശ്രമങ്ങള്‍ തുടരുകയാണ്. തീര്‍ത്ഥാടകയാണ് സഭ, എന്ന സംജ്ഞ ഉള്ളിരുത്തിക്കൊണ്ടും ചലിക്കുന്ന ജനസഞ്ചയത്തോട് എവിടെയും പ്രതിബദ്ധത ഉളവാക്കിക്കൊണ്ടും നിര്‍ബന്ധിത കുടിയേറ്റത്തെ വ്യക്തിത്വത്തിന്‍റെയും സാമൂഹ്യ, സാമുദായിക പ്രത്യാഘാതങ്ങളുടെയും വെളിച്ചത്തില്‍ വിലയിരുത്തുവാനും മനസ്സിലാക്കുവാനും പരിശ്രമിക്കേണ്ടതാണ്.

വര്‍ദ്ധിച്ച ബോധവത്ക്കരണം, പിന്‍തുണ എന്നിവ നിര്‍ബന്ധിത കുടിയേറ്റത്തെക്കുറിച്ചും അതിന്‍റെ സമഗ്രമായ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും, അതിനെ ക്രമീകരിക്കാനുള്ള നിരന്തരമായ പരിശ്രമങ്ങളെയുംകുറിച്ച് ജനങ്ങള്‍ക്കു നല്കേണ്ടതാണ്. അതുവഴി കൂടുതല്‍ യുക്തവും പരസ്പരപൂരകങ്ങളുമായ കാഴ്ചപ്പാട് ജനങ്ങളില്‍ സൃഷ്ടിക്കുകയും, മനുഷ്യാന്തസ്സിനോട് കൂടുതല്‍ ആദരവു വളര്‍ത്തുകയും ചെയ്യണം. അങ്ങനെ വ്യക്തികളെയും സമൂഹങ്ങളെയും രാജ്യങ്ങളെയും സംരക്ഷിക്കാനുള്ള പരിശ്രമത്തില്‍ മനുഷ്യന്‍റെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും പൂര്‍ണ്ണമായി ആദരിക്കപ്പെടട്ടെ. മനുഷ്യാവകാശത്തിന് അനുകൂലമായിട്ടുള്ള ഇതര മതങ്ങളുടെ നയങ്ങള്‍ ഇനിയും ബലപ്പെടുത്തുവാന്‍ അവ തമ്മില്‍ പരസ്പര സഹകരണവും സംവാദവും വളര്‍ത്തുവാന്‍ പരിശ്രമിക്കേണ്ടതാണ്.

8. കുടിയേറ്റ ശുശ്രൂഷയിലെ സാമൂഹ്യനീതി
മിക്കവാറും എല്ലാ രാജ്യങ്ങളിലും മനുഷ്യക്കച്ചവടത്തിന്‍റെ വൈവിധ്യമാര്‍ന്ന രൂപങ്ങള്‍ നിലനില്ക്കുന്നതുകൊണ്ട്, അതിലുള്ള ക്രൂരമായ മനുഷ്യാവകാശ ലംഘനം തടയുന്നതിന് വ്യത്യസ്തമായ നയങ്ങളും, മുന്‍കരുതലുകളും എടുക്കേണ്ടതാണ്. എല്ലാത്തരം മനുഷ്യക്കച്ചവടത്തിനും ഇരയാകുന്നവരെ സ്വതന്ത്രരാക്കുന്നതിന് രാഷ്ട്രങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളെ അതാതു സ്ഥലങ്ങളിലെയും പ്രവര്‍ത്തന മേഖലകളിലെയും ജനങ്ങള്‍ പ്രത്യക്ഷമായ പരിശ്രമങ്ങള്‍കൊണ്ടു തുണയ്ക്കേണ്ടതാണ്.
ഈ മേഖലയിലെ ചൂഷണം ഇല്ലാതാക്കുന്ന പരിശ്രമത്തില്‍ ദാരിദ്ര്യ നിയന്ത്രണം, തുല്യമായ സാമ്പത്തിക അവസരങ്ങള്‍, സ്ത്രീ-പുരുഷ ബന്ധത്തിലെ സമതുലിതാവസ്ഥ എന്നീ നന്മകള്‍ക്കും അത് വഴിതെളിക്കും.
ലൈംഗിക ചൂഷണം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കച്ചവടം മൂലം സ്ത്രീകളുടെ സാമൂഹ്യാന്തസ്സും സ്ഥാനവും ചോദ്യംചെയ്യപ്പെടുന്നുണ്ട്. മനുഷ്യക്കച്ചവട വിരുദ്ധ നിയമങ്ങളുടെ പ്രാവര്‍ത്തികമാക്കല്‍, തൊഴില്‍ നിയമങ്ങളുടെ നടപ്പാക്കല്‍, സ്ഥാപനങ്ങളിലെയും ഭവനങ്ങളിലെയും തൊഴില്‍ വ്യവസ്ഥിതികളുടെ പാലനം എന്നിവ വളര്‍ന്നുവരുന്ന ഈ സാമൂഹ്യ തിന്മയ്ക്കെതിരായ പ്രതിരോധക്രമങ്ങളാണ്.

തൊഴില്‍ മേഖലയില്‍ ഉല്പന്നങ്ങള്‍ എന്തുതന്നെയായാലും, അവ വളരുകയും ഉല്പാദിപ്പിക്കുകയും ചെയ്യുന്നതിന്‍റെ സാഹചര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനുള്ള വലിയ ഉത്തരവാദിത്വം അതിന്‍റെ ഉപഭോക്താക്കളിലുണ്ട്. തൊഴിലിന്‍റെ ശരിയായ ക്രമങ്ങളും, ന്യായമായ തൊഴില്‍ നിബന്ധനകളും ആ മേഖലയില‍ ശരിയായ പെരുമാറ്റചട്ടങ്ങളും നടപ്പിലാക്കിക്കൊണ്ട് അന്തസ്സുള്ള തൊഴില്‍ സാഹചര്യം സൃഷ്ടിക്കുകയും അത് ബലപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

9. കുടിയേറ്റക്കാരുടെ പുനരധിവാസം
ലൈംഗിക ചൂഷണത്തിന് വിധേയരാക്കപ്പെട്ടവര്‍ക്ക് ആവശ്യ സഹായങ്ങള്‍ നല്കി അവരുടെ ജീവിതങ്ങള്‍ പുനരാവിഷ്ക്കരിച്ച് അവരെ സമൂഹത്തിലേയ്ക്ക് പുനരധിവസിപ്പിക്കേണ്ടതാണ്. പീഡിതരുടെ പുനരധിവാസം വൈദ്യസഹായം, മനഃശാസ്ത്രപരവും സാമൂഹ്യവുമായ കൗണ്‍സിലിംഗ്,
പാര്‍പ്പിട സൗകര്യങ്ങള്‍, തൊഴില്‍ സംവിധാനം എന്നിവ ഉള്‍പ്പെട്ടതാണ് കുടിയേറ്റക്കാരുടെ പുനരധിവാസം. ഈ പ്രകിയയുടെ ഭാഗമായി നാട്ടിലേയ്ക്കുള്ള അവരുടെ തിരിച്ചുപോക്ക് ചെറുകിട തൊഴില്‍ പദ്ധതികളും വായ്പാ സൗകര്യങ്ങളുംകൊണ്ട് യാഥാര്‍ത്ഥ്യമാക്കേണ്ടതാണ്. മാത്രമല്ല, വീണ്ടും മനുഷ്യകച്ചവടത്തിന്‍റെ അപഛ്യുതിയില്‍ അവര്‍ വന്നു പെടാതിരിക്കാനും ഏറെ ശ്രദ്ധിക്കേണ്ടതാണ്.

അധാര്‍മ്മികതയുടെ ച്യുതിയില്‍ വീണുകഴിയുമ്പോള്‍ വ്യക്തികളുടെ പുനരധിവാസത്തിന് കുടിയേറ്റ പ്രതിഭാസത്തിന്‍റെയും സാമൂഹിക ഘടനയുടെയും ദ്വിമാനങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. പുനരധിവാസ പ്രക്രിയയുടെ വിജയം കുടിയേറ്റക്കാരന്‍റെ അല്ലെങ്കില്‍ അഭയാര്‍ത്ഥിയുടെ തുറവിനെയും സന്നദ്ധതയെയും മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്, ഒപ്പം സമൂഹം എത്രത്തോളം അവരെ സ്വീകരിക്കുന്നു എന്നതിനെയും കണക്കാക്കിയിരിക്കുന്നു. ഭവനം, തൊഴില്‍, വിദ്യാഭ്യാസം, സാമൂഹ്യബന്ധങ്ങള്‍ എന്നിങ്ങനെയുള്ള സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളെയും സാമൂഹ്യ സാംസ്ക്കാരിക മേഖലകളെയും ആശ്രിയിച്ചിരിക്കുന്ന നീണ്ട പ്രക്രിയയാണ് പുനരധിവാസം. മാത്രമല്ല സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലുള്ള എല്ലാവരുടെയും പങ്കാളിത്തവും കാര്യക്ഷമമായ സഹകരണവും ഇതിനാവശ്യമാണ്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന സമൂഹത്തിന്‍റെയും അവിടുത്തെ ജനങ്ങളുടെയും ഇതര ജനകീയ സംവിധാനങ്ങളുടെയും സംഘടനകളുടെയും മനോഭാവത്തെയും ആശ്രയിച്ചായിരിക്കും കുടിയേറ്റക്കാരുടെ പുനരധിവാസം യാഥാര്‍ത്ഥ്യമാകുന്നത്.

10. കുടിയേറ്റക്കാരോടുള്ള തുറവും അവരെക്കുറിച്ചുള്ള അറിവും
അഭയാര്‍ത്ഥി അല്ലെങ്കില്‍ കുടിയേറുന്ന വ്യക്തി ആതിഥേയ സമൂഹത്തില്‍ സ്വീകൃതനാകുന്നു എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അന്യരെ സ്വീകരിക്കാനുള്ള അടിസ്ഥാന മനോഭാവത്തിന്‍റെ ആരംഭം നല്ല വിദ്യാഭ്യാസമാണ്. ഒറ്റപ്പെടല്‍ ഇല്ലാതെ, തൊഴിലിലേയ്ക്കും അതുവഴി സമൂഹത്തിലേയ്ക്കും സ്വീകരിക്കുന്നതിനും ഉള്‍ക്കൊള്ളുന്നതിനും വിദ്യാഭ്യാസം അല്ലെങ്കില്‍ അവരെക്കുറിച്ചുള്ള അറിവുനേടല്‍ സാഹായകമാകും. സമൂഹവുമായി ക്രിയാത്മകമായ ബന്ധം വളര്‍ത്തുന്നതില്‍ പ്രാദേശിക അധികൃതരുടെ സമര്‍പ്പണത്തിനും പങ്കാളിത്തത്തിനും ഏറെ പ്രാധാന്യമുണ്ട്.

എന്നാല്‍ ഭീതിയും ആശങ്കയും അറിവില്ലായ്മയുംകൊണ്ട്, കുടിയേറ്റക്കാരെ വിവേചിക്കുകയും അവരോട് വിപരീതമോ ശത്രുതാപരമോ ആയ മനോഭാവം വച്ചുപുലര്‍ത്തുകയും ചെയ്യുന്ന ജനങ്ങളും ധാരാളമുണ്ട്. ഇതുമൂലം ഫലപ്രദമായ പുനരധിവാസം ലഭിക്കാത്ത കുടിയേറ്റക്കാരും നിരവധിയാണ്. അതിനാല്‍ എന്തുകൊണ്ട് കുടിയേറ്റം സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം നല്കേണ്ടതാണ്. കുടിയേറ്റക്കാരുടെ ഉറവിട രാഷ്ട്രങ്ങളും, അവര്‍ താല്ക്കാലികമായി ചെന്നെത്തുന്ന ആതിഥേയ സമൂഹങ്ങളും അവസാനം എത്തിപ്പെടുന്ന കുടിയേറ്റ മേഖലകളും തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍റെ സംസ്ക്കാരം നിലനിര്‍ത്തുന്നതിന് രാഷ്ടങ്ങള്‍ തമ്മില്‍ ശരിയായ ധാരണകള്‍ പുലര്‍ത്തേണ്ടതും ആവശ്യമാണ്.

11. പ്രതിസന്ധിയുടെ മൂലകാരണവും പ്രതിവിധിയും
നിര്‍ബന്ധിത കുടിയേറ്റത്തിന്‍റെയും വിപ്രവാസത്തിന്‍റയും മൂലകാരണങ്ങളും അവ വ്യക്തികളിലും കുടുംബങ്ങളിലും ചെലുത്തുന്ന സ്വാധീനവും ആഴമായി മനസ്സിലാക്കേണ്ടതാണ്. അഭ്യന്തരകലാപം, അക്രമം, ക്രൂരമായ മനുഷ്യാവകാശ ലംഘനം എന്നിവയ്ക്കൊപ്പം കഠനിമായ ദാരിദ്ര്യം, പ്രതിശീര്‍ഷ വരുമാനത്തിലുള്ള അന്തരം, തൊഴിലില്ലായ്മ എന്നിവ നിര്‍ബന്ധിത കുടിയേറ്റത്തിന്‍റെ മൂലകാരണങ്ങളാണ്. ഈ മൂലകാരണങ്ങള്‍ക്കു പുറമേ സുസ്ഥിതി വികസനം, പ്രതിസന്ധികളുടെ പരിഹാരം, അനുരഞ്ജനം എന്നീ മേഖലകളെയും അഭിമുഖീകരിക്കാതെ നിര്‍ബന്ധിത കുടിയേറ്റത്തിന്‍റെ നികൃഷ്ടമായ വശങ്ങളെയും മനുഷ്യത്വത്തിനു നിരയ്ക്കാത്ത രീതികളെയും മറികടക്കാനാവില്ല. അതുകൊണ്ടുതന്നെ ഇന്നിന്‍റെ കുടിയേറ്റ പ്രതിഭാസം സഭയുടെ അജപാലന മേഖലയില്‍ ഏറെ പ്രത്യാഘാതങ്ങള്‍ ഉണര്‍ത്തുന്ന യാഥാര്‍ത്ഥ്യമായി നില്ക്കുകയാണ്.

മനുഷ്യകുലത്തിന്‍റെ നവമായ ജീവല്‍പ്രതിഭാസത്തില്‍ ആഗോള സഭയോട് സഭാ സമൂഹങ്ങള്‍ പ്രാദേശിക, ദേശീയ, അന്തര്‍ദേശിയ തലങ്ങളില്‍ പൂര്‍വ്വോപരി സമര്‍പ്പണത്തോടും സഹകരണത്തോടുംകൂടെ പ്രവര്‍ത്തിക്കേണ്ടതാണ്. കുടിയേറ്റ മേഖലയിലുള്ള നമ്മുടെ ഇടവകകളില്‍ത്തന്നെ നവവും ക്രിയാത്മകവുമായ സഹകരണത്തിന്‍റെ ശൃംഖലകള്‍ സൃഷ്ടിക്കുക എന്നത് ഏറ്റവും അടിയന്തിരമായ വെല്ലുവിളിയാണ്. കുടിയേറ്റത്തിന്‍റെ ഉറവിടരാജ്യങ്ങളെയും സങ്കേതങ്ങളെയും കണ്ണിചേര്‍ക്കുന്ന ഒരാഗോള ശൃംഖല (global networking) വളര്‍ത്തിയെടുക്കുക ഇന്നിന്‍റെ ആവശ്യമാണ്. നിര്‍ബന്ധിത കുടിയേറ്റം ഇന്ന് വൈവിദ്ധ്യവും സങ്കീര്‍ണ്ണവുമായ രൂപഭാവങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ഇതിന് ഇരകളായവരോട് സഭയില്‍ സവിശേഷമായ സഹാനുഭാവവും, അവരോടുള്ള സമീപനത്തില്‍ നവമായ സഹകരണവും, പങ്കാളിത്തവും വളര്‍ത്തേണ്ടതാണ്.

ലാളിത്വത്തില്‍ ജീവിച്ചുകൊണ്ടും ദൈവം നല്കിയ കഴിവുകള്‍ ഉദാരമായി മറ്റുള്ളവരുമായി പങ്കുവച്ചു കൊണ്ടും, യാതനകളെയും പീഡനങ്ങളെയും തൃണവല്‍ഗണിച്ചുകൊണ്ടും ലോകത്തുള്ള കൊടുംദാരിദ്യത്തിന്‍റെ മേഖലകളിലേയ്ക്ക് കടന്നുചെല്ലാന്‍ സന്ന്യസ്തരെ പ്രത്യേകമായി ക്ഷണിക്കുന്നു.

12. നിര്‍ദ്ദേശങ്ങള്‍
* നിര്‍ബന്ധിത കുടിയേറ്റ മേഖലയില്‍ ശുശ്രൂഷചെയ്യാന്‍ ആഗ്രഹിക്കുന്ന വൈദികരുടെയും സന്ന്യസ്തരുടെയും പരിശീലനത്തിലും രൂപീകരണത്തിലും സഭ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.
കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷ നിര്‍വ്വഹിക്കുന്നവര്‍ക്കും, ഈ മേഖലയിലെ ഇതര അജപാലന സംഘടനകള്‍ക്കും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുകൊണട്, പുതിയ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് അവര്‍ക്കു നല്കുക.

* മനുഷ്യയാതനയുടെ ഈ നവമായ മേഖലയെ കുടുതല്‍ മനസ്സിലാക്കിക്കൊണ്ട് ഇങ്ങനെയുള്ള അജപാലന നടപടികള്‍ക്കാവശ്യമായ സാമ്പത്തിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക.
നിര്‍ബന്ധിത കുടിയേറ്റ സമൂഹത്തിന്‍റെ അജപാന ശുശ്രൂഷയ്ക്കായുള്ള ധനശേഖരം എവിടെയും പ്രത്യേകം നീക്കിവയ്ക്കുക.

* നിര്‍ബന്ധിത കുടിയേറ്റ മേഖലയില്‍ മനുഷ്യാവകാശത്തെ മാനിക്കുന്നതും, സംരക്ഷിക്കുന്നതുമായ നയങ്ങള്‍ സ്വീകരിച്ച് പ്രചരിപ്പിക്കേണ്ടത് സഭയുടെ പ്രതിബദ്ധതയാണ് – അത് അവരെ സാഹോദര്യത്തില്‍ സ്വീകരിക്കുന്ന സഹാനുഭാവത്തിന്‍റെയും സമാധാനത്തിന്‍റെയും സംസ്ക്കാരവുമാണ്.
സംരക്ഷണ നയങ്ങള്‍ നിര്‍മ്മിക്കുന്നതിലും, രാഷ്ട്രങ്ങളും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുമായി കണ്ണിചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനും സഭ സന്നദ്ധയാകേണ്ടതാണ്.

* ഈ മേഖലയില്‍ ‘മാനവപുരോഗതി’പോലുള്ള സഭയുടെ ‘സേവനതന്ത്രം’
അന്തര്‍ദേശിയ തലത്തില്‍ രാഷ്ട്രങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പകര്‍ന്നുകൊടുക്കുകയും, സ്വീകാര്യമാക്കേണ്ടതുമാണ്.

* രേഖകളില്ലാതെ എത്തിയിരിക്കുന്നവരും പൗരത്വം നഷ്ടമായവരുമായ കുടിയേറ്റക്കാരുടെ അരഷ്ടിതാവസ്ഥ ആതിഥേയ രാഷ്ട്രങ്ങള്‍ പരിഗണിക്കേണ്ടതും, പ്രത്യേക സാഹചര്യങ്ങളില്‍ അവര്‍ക്ക് ബദലായ ‘താല്ക്കാലികാനുമതി’ നല്കേണ്ടതമാണ്.

* കുടിയേറ്റക്കാരുടെ അജപാലനപരമായ ആവശ്യങ്ങളില്‍ സഹായിക്കുവാന്‍ പ്രാദേശിക ക്രൈസ്തവ സഭാ സമൂഹങ്ങള്‍ സന്നദ്ധരാകേണ്ടതാണ്. ഒപ്പം, കുടിയേറ്റക്കാരോടുള്ള വിപരീതവും സംശയാസ്പദവുമായ മനോഭാവം മാറ്റിയെടുക്കേണ്ടതുമാണ്.

* കുടിയേറ്റ മേഖലകളില്‍ ഇന്ന് അന്താരാഷ്ട്രതലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ‘സ്വാഗതശൃംഖല’ സംവിധാനം ‘welcome network’ മാതൃകയാക്കിക്കൊണട് അഗതികള്‍ക്ക് ഇടവക സമൂഹങ്ങളോടു ചേര്‍ന്ന് താല്കാലിക അഭയം നല്കുക, അവരോട് ക്രൈസ്തവ സാഹോദര്യവും ആതിഥേയത്വവും പ്രകടമാക്കുക.

* നല്കാവുന്ന ഭാഷാപഠന സഹായവും, ഔദ്യോഗിക രേഖകള്‍ സമാഹരിക്കുന്നതിലുള്ള നിര്‍ദ്ദേശങ്ങളും, നിയമ സംരക്ഷണവുമെല്ലാം വിപ്രവാസികളായവരെ തുണയ്ക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയുടെ ഭാഗമായിരിക്കണം. നിര്‍ബന്ധിത കുടിയേറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ സ്ഥായിയായ സംവേദന ശൃംഖല സൃഷ്ടിച്ചുകൊണ്ട് പരസ്പര സഹകരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക.

മനുഷ്യക്കച്ചവടത്തിന്‍റെ മേഖലയില്‍ പതിവായി തലയുയര്‍ത്തുന്ന നിര്‍ബന്ധിത തൊഴില്‍, തൊഴില്‍ മേഖലയിലെ പീഡനം, ബാലവേല, സ്ത്രീകളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും പീഡനം തുടങ്ങിയ സാമൂഹ്യ തിന്മകളെക്കുറിച്ചുള്ള അവബോധം നല്കിക്കൊണട് വിപ്രവാസികളെ അവയുടെ കെണിയില്‍നിന്നും രക്ഷിക്കേണ്ടതാണ്. ഉല്പാദനം, കൃഷി, വ്യാപാരനിലവാരം, വില്പനക്രമം, നിക്ഷേപനയങ്ങള്‍, തൊഴില്‍ വ്യവസ്ഥ എന്നിവയെക്കുറിച്ച് ആതിഥേയ രാഷ്ട്രങ്ങളിലുള്ള പ്രഖ്യാപിത നയങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് മനസ്സിലാക്കി കൊടുത്തുകൊണ്ട് ന്യായമായ തൊഴില്‍ സാഹചര്യങ്ങള്‍ അവര്‍ക്കായി സൃഷ്ടിക്കുക.








All the contents on this site are copyrighted ©.