21 ജൂണ്‍ 2013, വത്തിക്കാന്‍ നിരുപയോഗമായ സമ്പാദ്യങ്ങള്‍ ഉപേക്ഷിച്ച് സ്നേഹമുള്ള
ഹൃദയത്തിനുടമകളാകാന്‍ വേണ്ടി ദൈവകൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ്‍ മാര്‍പാപ്പ
കത്തോലിക്കരെ ആഹ്വാനം ചെയ്യുന്നു. വത്തിക്കാനിലെ സാന്താമാര്‍ത്താ മന്ദിരത്തില്‍ ജൂണ്‍
21ന് രാവിലെ 7 മണിക്ക് അര്‍പ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ.
മരണശേഷവും ഒപ്പം കൊണ്ടുപോകാവുന്ന സമ്പാദ്യം നേടുകയാണ് ഒരു ക്രൈസ്തവന്‍റെ ജീവിത ലക്ഷൃം.
“നിന്‍റെ സമ്പാദ്യം എവിടെയാണോ അവിടെയാണ് നിന്‍റെ ഹൃദയവും...” എന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ടെന്ന്
സുവിശേഷകന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ എന്താണ് യഥാര്‍ത്ഥ സമ്പത്തെന്ന് തിരിച്ചറിയാന്‍
നമുക്ക് ബുദ്ധിമുട്ടുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. ആകര്‍ഷണീയവും അതേസമയം അപകടകരവുമായ നിധികള്‍
നാം ഉപേക്ഷിക്കണം. ഈ ജീവിതത്തില്‍ നാം സമ്പാദിച്ചുകൂട്ടുന്നതൊക്കെ മരണശേഷം കൂടെ കൊണ്ടുപോകാന്‍
സാധ്യമല്ല. വിലാപയാത്രയില്‍ ജംഗമ വസ്തുക്കളൊന്നും വഹിച്ചുകൊണ്ടുപോകുന്നത് താന്‍ കണ്ടിട്ടിലെന്നും
മാര്‍പാപ്പ ഹാസ്യരൂപേണ പറഞ്ഞു. എന്നാല്‍ നമുക്ക് കൂടെക്കൊണ്ടു പോകാവുന്ന സമ്പത്തുമുണ്ട്.
സ്വയം പരിത്യജിച്ച് അന്യര്‍ക്കുവേണ്ടി ചെയ്യുന്ന സത്പ്രവര്‍ത്തികളാണ് നമ്മുടെ സമ്പത്ത്.
മറ്റെന്തിനേക്കാളുമുപരിയായി നമ്മിലുള്ള ക്രിസ്തു സാന്നിദ്ധ്യമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ
സമ്പത്തെന്നും മാര്‍പാപ്പ വിശദീകരിച്ചു. സ്നേഹം, ഉപവി, ക്ഷമ, നന്‍മ, കാരുണ്യം എന്നിങ്ങനെയുള്ള
മനോഹരമായ സമ്പാദ്യങ്ങളാണ് മരണാനന്തര ജീവിതത്തിലേക്കു നമുക്ക് കൂടെ കൊണ്ടു പോകാന്‍ സാധിക്കുന്നതെന്ന്
പാപ്പ വിശ്വാസസമൂഹത്തെ ഉത്ബോധിപ്പിച്ചു.