2013-06-21 16:51:56

സ്വാതന്ത്ര്യവാരാചരണത്തിന് പിന്തുണയേകി വത്തിക്കാന്‍റെ ട്വീറ്റ്


21 ജൂണ്‍ 2013, വത്തിക്കാന്‍
മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളില്‍ പ്രതിഷേധിച്ചുകൊണ്ട് അമേരിക്ക‍ന്‍ കത്തോലിക്കര്‍ ആചരിക്കുന്ന സ്വാതന്ത്ര്യവാരാചരണത്തിന് പിന്തുണയേകികൊണ്ട് വത്തിക്കാന്‍ രാഷ്ട്ര കാര്യാലയത്തിന്‍റെ ട്വീറ്റ്. ‘സ്വാതന്ത്ര്യ വാരം’ ആചരിക്കുന്ന അമേരിക്കന്‍ കത്തോലിക്കരോട് പ്രാര്‍ത്ഥനയില്‍ ഒന്നു ചേരാം എന്നാണ് ജൂണ്‍ 21ന് @terzaloggia എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ വത്തിക്കാന്‍ രാഷ്ട്ര കാര്യാലയം ട്വീറ്റ് ചെയ്തത്. ‘സ്വാതന്ത്ര്യ വാര’ത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്കുള്ള ലിങ്കും സന്ദേശത്തോടൊപ്പം നല്‍കിയിട്ടുണ്ട്. (http://www.usccb.org)

മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളില്‍ പ്രതിഷേധിച്ചുകൊണ്ട് ജൂണ്‍ 21 മുതല്‍ ജൂലൈ 4വരെ രണ്ടു വാരമാണ് ‘സ്വാതന്ത്ര്യ ദ്വിവാര’മായി അമേരിക്കന്‍ കത്തോലിക്കര്‍ ആചരിക്കുന്നത്. മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുക, മതസ്വാതന്ത്ര്യത്തിനെതിരേയുള്ള ആനുകാലിക വെല്ലുവിളികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക, മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനെതിരേ കര്‍മ്മപദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയ ബഹുമുഖ പരിപാടികളോടെയാണ് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. കൃത്രിമ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കത്തോലിക്കാ സ്ഥാപനങ്ങളെ പരോക്ഷമായി നിര്‍ബന്ധിക്കുന്ന ആരോഗ്യനയം, സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്ന നിയമ നിര്‍മ്മാണം, കുടിയേറ്റത്തെ സംബന്ധിച്ച ചില നയങ്ങള്‍ എന്നിവയ്ക്കെതിരേയുള്ള പ്രതിഷേധ പ്രകടനം കൂടിയാണ് ഇക്കൊല്ലത്തെ സ്വാതന്ത്ര്യവാരാചരണത്തിലൂടെ ലക്ഷൃമിടുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.








All the contents on this site are copyrighted ©.