2013-06-21 16:52:06

പ്രകൃതിദുരന്തങ്ങളാല്‍ വിഷമിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: കെ.സി.ബി.സി


21 ജൂണ്‍ 2013, കൊച്ചി
പ്രകൃതിദുരന്തങ്ങളില്‍ അതിദാരുണമായി മരണമടഞ്ഞവര്‍ക്കും ദുരിതകെടുതികള്‍ അനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അഭ്യര്‍ത്ഥന. ഞായറാഴ്ച ദിവ്യബലിമധ്യേ ഈ നിയോഗത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നും കെ.സി.ബി.സി നിര്‍ദേശിച്ചു.
പ്രകൃതി ദുരന്തത്തിലും പകര്‍ച്ചവ്യാധികളിലും പ്രിയപ്പെട്ടവര്‍ മരണമടഞ്ഞവരോടും വീടും സ്വത്തും നഷ്ടമായവരോടും കേരള കത്തോലിക്കാ മെത്രാന്‍ സമിതി സ്നേഹവും ഐക്യവും രേഖപ്പെടുത്തി. പ്രാര്‍ത്ഥനയും സേവനവും സാമ്പത്തിക സഹായവും വഴി അവരെ സഹായിക്കാന്‍ ഏവരും തയ്യാറാകണമെന്നും ജൂണ്‍ 21ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡില്‍ പ്രകൃതി ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനുവേണ്ടി ഭാരത കത്തോലിക്കാസഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ, ദേശീയ സൈന്യത്തോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് കെ.സി.ബി.സിയുടെ കീഴില്‍ വരുന്ന 451 ആശുപത്രികളും പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും കെ.സി.ബി.സി അറിയിച്ചു.

വാര്‍ത്താ സ്രോതസ്സ്: കെ.സി.ബി.സി







All the contents on this site are copyrighted ©.