2013-06-21 16:50:42

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനകള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കണമെന്ന് മാര്‍പാപ്പ


21 ജൂണ്‍ 2013, വത്തിക്കാന്‍
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജ്വസ്വലമാക്കണമെന്ന് അന്താരാഷ്ട്ര ഭക്ഷൃ- കാര്‍ഷിക സംഘടനയോട് (FAO) ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. അന്താരാഷ്ട്ര ഭക്ഷൃ- കാര്‍ഷിക സംഘടനയില്‍ അംഗങ്ങളായ നാനൂറോളം പേരുമായി വത്തിക്കാനിലെ ക്ലെമന്‍റ് ഹാളില്‍ വച്ചു നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ജൂണ്‍ 15 മുതല്‍ 22വരെ റോമില്‍ നടക്കുന്ന 38ാമത് അന്താരാഷ്ട്ര സമ്മേളനത്തിനെത്തിയ FAO അംഗങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം ജൂണ്‍ 20നാണ് മാര്‍പാപ്പ അവരുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ഇക്കാലത്തും ലോകത്തിന്‍റെ നാനാഭാഗത്ത് ലക്ഷോപലക്ഷം ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തില്‍ കഴിയുകയും ദാരിദ്ര്യം മൂലം മരണമടയുകയും ചെയ്യുന്നത് അപമാനകരമാണെന്ന് പ്രസ്താവിച്ച മാര്‍പാപ്പ അവരെ സഹായിക്കുന്നതായി കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കാനും ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃ- കാര്‍ഷിക വിഭാഗത്തോട് അഭ്യര്‍ത്ഥിച്ചു. ദരിദ്രരോടും വിശക്കുന്നവരോടും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമുള്ള ഉത്തരവാദിത്വം ഇല്ലാതാക്കാനുള്ള ഒഴിവുകഴിവായി ലോക സാമ്പത്തിക മാന്ദ്യത്തെ കണക്കാക്കരുത്. മനുഷ്യ വ്യക്തിയോടുള്ള പരിഗണനയും മനുഷ്യാന്തസിനോടുള്ള ആദരവും മാനദണ്ഡമാക്കിക്കൊണ്ടുള്ള ജീവിതാവസ്ഥ ഉറപ്പാക്കപ്പെടുന്നതുവരെ സാമ്പത്തികമാന്ദ്യം യഥാര്‍ത്ഥത്തില്‍ അവസാനിക്കുകയില്ലെന്നും മാര്‍പാപ്പ പ്രസ്താവിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃ- കാര്‍ഷിക വിഭാഗം കൈക്കൊണ്ടിരിക്കുന്ന പരിഷ്ക്കരണ നടപടികളെക്കുറിച്ച് പരാമര്‍ശിച്ച മാര്‍പാപ്പ FAO സംഘടനയും അതിലെ അംഗ രാഷ്ട്രങ്ങളും കുറച്ചുകൂടി വിശാലമനസ്ക്കരാകേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു. ആഗോള തലത്തില്‍ ഐക്യദാര്‍ഡ്യം വളര്‍ത്താന്‍ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃ- കാര്‍ഷിക വിഭാഗം നടത്തുന്ന പ്രയത്നങ്ങള്‍ക്ക് കത്തോലിക്കാ സഭയുടേയും സഭാ സ്ഥാപനങ്ങളുടേയും പിന്തുണയും സഹായവും മാര്‍പാപ്പ ഉറപ്പു നല്‍കുകയും ചെയ്തു.








All the contents on this site are copyrighted ©.