2013-06-20 19:25:25

ക്രിസ്തു പഠിപ്പിച്ച
പിതാവിന്‍റെ സാന്ദ്രഭാവത്തെക്കുറിച്ച് പാപ്പാ


20 ജൂണ്‍ 2013, വത്തിക്കാന്‍
ദൈവത്തെ പിതാവെന്നു വിളിക്കുവാന്‍ സാഹോദര്യത്തിന്‍റെ ഹൃദയം വേണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 20-ാം തിയതി വ്യാഴ്ച രാവിലെ പേപ്പല്‍ വസതി, കാസാ മാര്‍ത്തയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച സുവിശേഷ ചിന്തയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ദൈവത്തെ പിതാവേ, എന്നു വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ക്രിസ്തു തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കുന്ന വിശുദ്ധ മത്തായിയുടെ സുവിശേഷ ഭാഗം വ്യാഖ്യാനിച്ചുകൊണ്ടാണ് തന്‍റെ ചിന്തകള്‍ പാപ്പാ പങ്കുവച്ചത്. ദൈവം നമ്മുടെ പിതാവാണെങ്കില്‍ ഈ ലോകത്തെ സകലരും ദൈവമക്കളും പരസ്പരം സഹോദരങ്ങളുമാണെന്നും, സഹോദരങ്ങള്‍ പരസ്പരം ക്ഷമിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗീയ പിതാവും നമ്മോട് ക്ഷമിക്കുകയില്ലെന്ന് യുക്തിയോടെ പാപ്പാ സമര്‍ത്ഥിച്ചു. മക്കാളായി മനുഷ്യകുലത്തെ സ്വീകരിക്കുന്ന പിതാവിനെ, സ്വര്‍ഗ്ഗസ്ഥനായ ‘ഞങ്ങളുടെ’ പിതാവേ, *ഞങ്ങളുടെ എന്ന് ചേര്‍ത്തു വിളിക്കുവാന്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സഹോദര്യത്തിന്‍റെയും സ്നേഹത്തിന്‍റെയും വിശാലഹൃദയം നമുക്കു ഉണ്ടാകുവാന്‍ ദൈവം ആഗ്രഹിക്കുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ദൈവത്തെ അജ്ഞാതനാമകനെന്നും പ്രാപഞ്ചികശക്തിയെന്നും ആദികാരണമെന്നുമെല്ലാം ബൗദ്ധികമായും താത്വികമായും വിശേഷിപ്പിക്കാമെങ്കിലും, ക്രിസ്തു പഠിപ്പിച്ചതും കാണിച്ചു തന്നതുമായ ദൈവത്തിന്‍റെ ഉദാത്തമായ രൂപം പിതാവിന്‍റേതാണെന്നും പാപ്പ പ്രസ്താവിച്ചു.

രക്ഷാകര ചരിത്രത്തില്‍ വിശ്വാസത്തിന്‍റെ പിതാവായ അബ്രാഹം ദൈവത്തിന്‍റെ പിതൃത്വം പ്രതിബിംബിക്കുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. പിതാവില്‍ വിശ്വസിച്ചും പ്രത്യാശിച്ചും മോറിയാ മലയിലെ ബലിവേദിയണഞ്ഞ ഇസഹാക്കിന് തന്‍റെ പിതാവിലുണ്ടായിരുന്ന പരിപൂര്‍ണ്ണ സമര്‍പ്പണം ബലിയുടെ പൂര്‍ത്തീകരണമായെന്നു പാപ്പാ വിവരിച്ചു. അവകാശമെല്ലാം വാങ്ങി ധൂര്‍ത്തനായി ജീവിച്ച പുതന്‍ തിരികെ വന്നപ്പോള്‍ ക്ഷമിച്ച്, സ്നേഹത്തോടെ ആലിംഗനംചെയ്തു സ്വീകരിച്ച, പുതിയ നിയമത്തില്‍ ക്രിസ്തു പറഞ്ഞ കഥയിലെ പിതാവും, ദൈവത്തിന്‍റെ ഭാവാത്മകമായ പിതൃബിംബമാണ് വരച്ചു കാട്ടുന്നതെന്ന് പാപ്പ വ്യാഖ്യാനിച്ചു. പ്രാര്‍ത്ഥന മന്ത്രമല്ല. അത് അമിത ഭാഷണമല്ല. പ്രകടനപരതയോടെ ദൈവത്തോടുള്ള യാചയും ശബ്ദകോലാഹവും പ്രാര്‍ത്ഥനയുടെ മിഥ്യാഭാവങ്ങളാണ്.

ജീവനും അസ്തിത്വവും ആയുസ്സും തന്ന പിതാവാണ് നമ്മുടെ ദൈവം. അവിടുത്തേയ്ക്കു നമ്മുടെ ആവശ്യങ്ങളറിയാം. നമുക്കു ഗുണകരമായതും ദോഷകരമായതും അവിടുത്തേയ്ക്ക് അറിയാം.
ദൈവത്തെ പിതാവായി തിരിച്ചറിയാനും പുത്രസഹജമായ നന്മയില്‍ എന്നും ജീവിക്കാനും, ശത്രുക്കളോടു ക്ഷമിക്കാനും അങ്ങനെ ഈ ഭൂമിയിലെ ജീവിതം സമാധാനപൂര്‍ണ്ണമാക്കാനും ക്രിസ്തു വാഗ്ദാനംചെയ്ത അരുപിയുടെ കൃപാവരത്തിനായി യാചിക്കാം, എന്ന് ആഹ്വാനംചെയ്തുകൊണ്ടാണ്
പാപ്പാ തന്‍റെ വചനസമീക്ഷ സമാഹരിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.