2013-06-20 19:04:10

കുരിശിന്‍റെ സഹനശാസ്ത്രവും
മതസ്വാതന്ത്ര്യവും


19 ജൂണ്‍ 2013,
പൂര്‍ണ്ണതയിലേയ്ക്കുള്ള പാത വെല്ലുവിളി നിറഞ്ഞതും കഠിനവുമാണെന്ന്, പൗരസ്ത്യസഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയൊനാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു. പൗരസ്ത്യ സഭകളുടെ വത്തിക്കാന്‍ സംഘത്തിന്‍റെയും, സഭകളുടെ സഹായത്തിനായുള്ള പ്രസ്ഥാനങ്ങളുടെയും സമ്പൂര്‍ണ്ണ സമ്മേളനത്തിന് ആമുഖമായി ജൂണ്‍ 18-ാം തിയതി രാവിലെ വത്തിക്കാനില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് കര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുവില്‍ സംയോജിക്കപ്പെട്ടവര്‍, ദൈവിക പൂര്‍ണ്ണതയില്‍ പങ്കുചേരണമെങ്കില്‍ അവിടുന്നു കാണിച്ചു തിന്നിരിക്കുന്ന പാതിയിലൂടെ ചരിക്കണമെന്ന് പ്രസ്താവിച്ച കര്‍ദ്ദിനാള്‍, അത് കുരിശില്‍ ക്രിസ്തു പ്രകടമാക്കിയ ശത്രുസ്നേഹത്തിന്‍റെ വിരോധാഭാസമാണെന്നും വ്യക്തമാക്കി. മദ്ധ്യപൂര്‍വ്വദേശ രാജ്യങ്ങളിലും ലോകത്തിന്‍റ ഇതര ഭാഗങ്ങളിലും ക്രിസ്തുവിനെപ്രതി പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങള്‍ക്ക് കുരിശിന്‍റെ സഹനശാസ്ത്രത്തിലൂടെ മാത്രമേ ശാശ്വതമായ മതസ്വാതന്ത്ര്യം നേടിയെടുക്കാനാവൂ എന്ന് സുവിശേഷത്തെ ആധാരമാക്കി കര്‍ദ്ദിനാള്‍ സാന്ദ്രി സമര്‍ത്ഥിച്ചു.

ന്യൂനപക്ഷ ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരെ ഉയരുന്ന പീഡനങ്ങളോട് പ്രതിരോധത്തിനിറങ്ങുന്നത് ക്രിസ്തീയമല്ലെന്നു പ്രസ്താവിച്ച കാര്‍ദ്ദിനാള്‍ സാന്ദ്രി, പീഡിത മേഖലകളിലെ രാഷ്ടീയ ജീവിതത്തില്‍ പൂര്‍ണ്ണായും പങ്കുചേര്‍‍ന്നുകൊണ്ട് വേണം ന്യായമായ അവകാശങ്ങള്‍ക്കും മതസ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടാനെന്നും സമ്മേളനത്തെ അനുസ്മരിപ്പിച്ചു. ക്രൈസ്തവികതയുടെ മാതൃസ്ഥാനമായ വിശുദ്ധ നാട്ടില്‍ പീഡനങ്ങള്‍ക്ക് വിധേയരായി ജീവിക്കുന്ന ക്രൈസ്തവ മക്കളെ കര്‍ദ്ദിനാള്‍ പ്രത്യേകമായി അനുസ്മരിച്ചു. ശത്രുതയെ ശത്രുതകൊണ്ടോ, അന്ധമായ ക്രൂരതയെ ക്രുരതകൊണ്ടോ നേരിടാനാവില്ലെന്നും, ജീവിത ക്ലേശങ്ങളെ ക്ഷമയോടും അന്തസ്സോടുംകൂടെ നേരിടുമ്പോഴാണ് ക്രൈസ്തവ ജീവിതത്തിന്‍റെ മാറ്റു തെളിയിക്കുന്നതും വിശ്വാസ സാക്ഷൃമാകുന്നതെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി ദിവ്യബലിമദ്ധ്യേ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
Reported : nellikal, Sedoc









All the contents on this site are copyrighted ©.