2013-06-19 17:03:44

‘വിസ്മയങ്ങള്‍ വിളമ്പാന്‍’
റോം ചലച്ചിത്രമേളയില്‍ വിശുദ്ധ ക്യാതെറി


19 ജൂണ്‍ 2013, റോം
അമേരിക്കയിലെ ഇന്ത്യന്‍ ഗോത്രവംശജരുടെ പ്രഥമ വിശുദ്ധ, ക്യാതെറി തെക്കത്വീത്തായുടെ കഥയുമായി റോമില്‍ ചലച്ചിത്രമേള ആരംഭിക്കും. Mirabile dictu ‘വിസ്മയങ്ങള്‍ വിളമ്പാന്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഇറ്റാലിയന്‍ കത്തോലിക്കാ ചലചിത്രോത്സവത്തിന്‍റെ ജൂണ്‍ 24-ന് റോമില്‍ ആരംഭിക്കുന്ന നാലാമത്തെ മേളയിലാണ് അമേരിക്കയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് ക്രിസ്തുവിനെ കാണിച്ചുകൊടുത്ത യുവപ്രേഷിത ധീര, ക്യാതെറിന്‍ തെക്കത്വീത്തായുടെ ജീവിതകഥ,
In Her Footsteps ശ്രദ്ധേയമാകാന്‍ പോകുന്നത്.

16-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ഇന്ത്യന്‍ വംശജരുടെ മദ്ധ്യേ യുവത്വത്തില്‍ത്തന്നെ ‘ക്യാതി’ വിടര്‍ത്തിയ വിശ്വാസവസന്തം സമൂഹത്തില്‍ നന്മയുടെ പൂക്കള്‍ വിരിയിക്കുതന്നാണ് ചിത്രത്തിന്‍റെ കഥാതന്തു. 2012 ഒക്ടോബര്‍ മാസത്തില്‍ മുന്‍പാപ്പ ബനഡിക്ട് 16-ാമനാണ് വത്തിക്കാനില്‍വച്ച് ക്യാതറിന്‍ തെക്കത്വീത്തയെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. ചലച്ചിത്രോത്സവത്തിന്‍റെ 2013-ലെ മേള പുരാതന അമേരിക്കയിലെ ന്യൂയോര്‍ക്ക് ഭാഗത്ത് ജീവിച്ച വിശുദ്ധ ക്യാതറിന്‍ തെക്കത്വീത്തായ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു എന്നതും 100-ലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന റോം മേളയുടെ സവിശേഷതയാണ്.

സഭ ആചരിക്കുന്ന വിശ്വാസവര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍, ആഗോള ധാര്‍മ്മിക മൂല്യങ്ങളും, ക്രിയാത്മകമായ ജീവിത മാതൃകകളും ഉണര്‍ത്തുന്ന ചലച്ചിത്രങ്ങളാണ് ഇക്കുറി മേളയ്ക്കെത്തിയിരിക്കുന്നതെന്ന്, ചലച്ചിത്രോത്സവത്തിന്‍റെ ഡയറക്ടര്‍ ല്യാനാ മാരുബിലി പ്രസ്താവനയിലൂടെ അറിയിച്ചു. ആഗോളതലത്തില്‍ എത്തിച്ചേര്‍ന്ന ആയിരത്തിലേറെ ചിത്രങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത ദൃശ്യവിസ്മയങ്ങളാണ് ജൂണ്‍ 26-ന് സമാപിക്കുന്ന ത്രിദിന മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതെന്ന് മാരാബിലി വെളിപ്പെടുത്തി.
Reported : nellikal, Radio Vatican









All the contents on this site are copyrighted ©.