2013-06-19 11:11:40

മാര്‍പാപ്പയുടെ അടുത്തേക്ക് കുഞ്ഞുങ്ങളുടെ വിസ്മയ യാത്ര


18 ജൂണ്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്തേയ്ക്ക് കുട്ടികള്‍ക്കായി വിസ്മയ യാത്രയൊരുക്കുകയാണ് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം. സമൂഹ്യജീവിതത്തില്‍ അവഗണനയും വിവേചനവും അനുഭവിക്കുന്ന ഒരു സംഘം കുട്ടികളും അവരെ പരിചരിക്കുന്നവരും ഉള്‍പ്പെടെ 450 പേര്‍ക്കാണ് ഈ അത്ഭുത യാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. ജൂണ്‍ 18ന് വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി ഈ യാത്രയുടെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചു. ജൂണ്‍ 23ാം തിയതി ഞായറാഴ്ചയാണ് കുട്ടിപ്പട മാര്‍പാപ്പയെ സന്ദര്‍ശിക്കാനെത്തുന്നത്. ഇറ്റാലിയന്‍ സര്‍ക്കാരിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന ഈ പ്രത്യേക ട്രെയിന്‍ യാത്ര ഞായറാഴ്ച രാവിലെ മിലാന്‍ നഗരത്തില്‍ നിന്നാംരംഭിക്കും. ബൊളോഞ്ഞ്യ, ഫ്ലോറന്‍സ് എന്നീ നഗരങ്ങളിലൂടെ റോമായിലെത്തുന്ന കുട്ടികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു പ്രത്യേക കൂടിക്കാഴ്ച്ച അനുവദിച്ചിട്ടുണ്ട്.
സാമൂഹ്യ – സാമ്പത്തിക കാരണങ്ങളാല്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് കലാ സാംസ്ക്കാരിക ലോകത്തിന്‍റെ മനോഹാരിത അനുഭവിച്ചറിയാനുള്ള ഒരവസരം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷൃം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് യാത്രയില്‍ പങ്കുചേരുന്ന കുട്ടികള്‍. അവരില്‍ പലരും ആദ്യമായിട്ടാണ് ട്രെയിനില്‍ യാത്രചെയ്യുന്നതും സ്വന്തം നഗരത്തിനു പുറത്തേക്ക് പോകുന്നതും. ഈ വിസ്മയ യാത്രയിലൂടെ കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് കരുത്തു പകരാനും മാനുഷിക മൂല്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഉള്‍ക്കാഴ്ച്ചയേകാനും സാധിക്കുമെന്ന് കര്‍ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാസി പ്രത്യാശ പ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.