2013-06-19 17:28:58

ഏക സഭയും
അതിരിട്ടുനില്ക്കുന്ന സഭകളും


19 ജൂണ്‍ 2013, റോം
മാതൃസഭയില്‍നിന്ന് അകന്നിരിക്കുന്നുവെങ്കിലും, ക്രിസ്തുവിന്‍റെ അരൂപി എല്ലാ ക്രൈസ്തവ സഭാസമൂഹങ്ങളിലും കുടികൊള്ളുവെന്ന് ദൈവശാസ്ത്ര പണ്ഡിതന്‍ ഡേരിയൂസ് കൊവാല്‍സിക്ക് പ്രസ്താവിച്ചു. ജൂണ്‍ 18-ാം തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ മതബോധന പരമ്പരയില്‍ ക്രിസ്തു സ്ഥാപിച്ച സഭ ഏകവും അപ്പസോതിലകവും സാര്‍വ്വത്രികവുമാണെന്ന വിശ്വാസപ്രമാണ സംജ്ഞയെ അധികരിച്ചു സംസാരിക്കവെയാണ് ഇതര ക്രൈസ്തവ സഭകളുടെ അവസ്ഥയെക്കുറിച്ചു വ്യാഖ്യനിച്ചത്.

പത്രോസ് ശ്ലീഹായുടെ പരമാധികരാത്തില്‍ ക്രിസ്തു സ്ഥാപിച്ച സഭ ഒന്നാണെന്നും, ഏകവിശ്വാസവും, പൊതുവായ കൂദാശകളുടെ അനുഷ്ഠാനവും, ശുശ്രൂഷാ പട്ടത്തിലുള്ള അപ്പസ്തോലിക പിന്‍തുടര്‍ച്ചയും സഭയുടെ മാത്രം അടിസ്ഥാന സ്വാഭാവവും അടയാളവുമായി ഇന്നും നിലനില്ക്കുന്നുവെന്നും റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി പ്രഫസര്‍കൂടിയായ ഫാദര്‍ കൊവാല‍സിക്ക് വ്യക്തമാക്കി.
മാനുഷിക കാരണങ്ങളാല്‍ കാലക്രമത്തില്‍ സഭയിലുണ്ടായ വിള്ളലും വിഭജനവുമാണ് ഇതര ക്രൈസ്തവ സഭകളുടെ – ഓര്‍ത്തഡോക്സ്, പ്രോട്ടസ്റ്റന്‍റ് വിഭാഗങ്ങളുടെ രൂപീകരണത്തിന് കാരണമായതെന്നും ഫാദര്‍ കൊവാല്‍സിക്ക് വിവരിച്ചു.

മാതൃസഭയില്‍നിന്ന് അകന്നിരിക്കുന്നുവെങ്കിലും, ക്രിസ്തുവിന്‍റെ അരൂപി ഈ സഭകളിലും സമൂഹങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അവയെയും രക്ഷയുടെ ഉപകരണങ്ങളായി സ്വീകരിക്കുന്നുണ്ടെന്നും, കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് ഫാദര്‍ കൊവാല്‍സിക്ക് സമര്‍ത്ഥിച്ചു. ക്രിസ്തു സ്ഥാപിച്ച, കൃപയുടെ പൂര്‍ണ്ണത അധിവസിക്കുന്ന, സഭ നിരന്തരമായി നടത്തുന്ന സഭൈക്യ പരിശ്രമങ്ങള്‍ വിവിധ സഭകളുടെ അസ്തിത്വഭാവത്തില്‍ വ്യതിയാനം വരുത്താതെ ക്രൈസ്തവൈക്യം പുനഃര്‍സ്ഥാപിക്കാന്‍ ആത്മാര്‍ത്ഥമായി നടത്തുന്ന പരിശ്രമത്തിന്‍റെ പ്രതീകമാണെന്നും ഫാദര്‍ കൊവാല്‍സിക്ക് വ്യക്തമാക്കി.
Reported : nellikal, Sedoc








All the contents on this site are copyrighted ©.