2013-06-19 19:41:51

ആത്മീയതയുടെ പ്രകടനപരതയും
യാഥാര്‍ത്ഥ്യനിഷ്ഠയും


19 ജൂണ്‍ 2013, വത്തിക്കാന്‍
ധര്‍മ്മശാസ്ത്രത്തിന്‍റെ പാഠ്യശാലയല്ല സഭ, സ്നേഹത്തിന്‍റെയും ഔദാര്യത്തിന്‍റെയും ഭവനമാണെന്ന് പാപ്പ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 19-ാം ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതി,
സാന്താ മാര്‍ത്തായില്‍ പങ്കുവച്ച സുവിശേഷ ചിന്തയിലാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
വിശുദ്ധ മത്തായിയുടെ സുവിശേഷം വരച്ചുകാട്ടുന്ന ഫരീസേയരുടേയും നിയമജ്ഞരുടെയും കാപട്യത്തെ, ‘സാധാരണക്കാരെ വഴിമുട്ടിക്കുന്ന ആത്മീയത’യെന്ന് പാപ്പാ തന്‍റെ വചനസമീക്ഷയില്‍ വിമര്‍ശിച്ചു.
പ്രാര്‍ത്ഥിക്കുന്നതും, ഉപവസിക്കുന്നതും, ദാനധര്‍മ്മംചെയ്യുന്നതും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയായിരുന്ന യഹൂദാചാര്യന്മാരുടെ അനുഷ്ഠാനത്തെ ക്രിസ്തുവിന്‍റെ ശിഷ്യരുടെ സദ്കര്‍മ്മങ്ങളുമായി തന്‍റെ സുവിശേഷവ്യാഖ്യാനത്തില്‍ പാപ്പാ താരതമ്യംചെയ്തു.
രഹസ്യത്തില്‍ നന്മചെയ്യുന്നതു കാണുന്ന ദൈവം പ്രതിഫലം നല്കുമ്പോള്‍, മറ്റുള്ളവരെ കാണിക്കാന്‍വേണ്ടിയും സല്‍പ്പേരിനുവേണ്ടിയും നന്മചെയ്യുന്നവരെ ‘ധാര്‍മ്മികതയുടെ കപടനാട്യക്കാരെ’ന്ന് പാപ്പ വിശേഷിപ്പിച്ചു.

സ്വയം മാന്യരെന്നും നല്ലവരെന്നും നടിക്കുന്നവര്‍ മറ്റുള്ളവരുടെ മേല്‍ കാപട്യത്തിന്‍റെ നിയമങ്ങള്‍ അടിച്ചേല്പിക്കുകയും, ചെയ്യാവുന്ന നന്മയില്‍നിന്നും ജനങ്ങളെ വഴിതെറ്റിക്കുന്ന വികലമായൊരു ആത്മീയത സമൂഹത്തില്‍ വളര്‍ത്തുന്ന സ്വാര്‍ത്ഥതയുടെ കുബുദ്ധികളാണെന്ന് പാപ്പ കുറ്റപ്പെടുത്തി.
നന്മയില്ലാത്ത നിയമങ്ങളും നിബന്ധനകളും ജനങ്ങളുടെമേല്‍ അടിച്ചേല്പിക്കുന്ന നിയമജ്ഞന്മാര്‍, ‘ധാര്‍മ്മമില്ലാത്ത ധര്‍മ്മശാസ്ത്രപടുക്കളും’, സൗന്ദര്യബോധമില്ലാത്ത പൊള്ളയായ അലങ്കാര വസ്തുക്കളടെ പ്രദര്‍ശകരും, പ്രായോഗികതയില്ലാത്ത കുബുദ്ധികളുമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പരാമിര്‍ശിച്ചു

ദൈവവുമായി നമ്മെ ബന്ധിപ്പിക്കുന്ന ദാനധര്‍മ്മത്തിന്‍റെയും, ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും സല്‍ക്കര്‍മ്മങ്ങളെ കാപട്യംകൊണ്ടു നിറച്ചാല്‍ അവ ദൈവത്തില്‍നിന്ന് നമ്മെ അകറ്റുന്ന പരിശുദ്ധാരൂപിക്ക് വിരുദ്ധമായ പാപമായി മാറുമെന്നും പാപ്പ ചൂണ്ടിക്കാട്ടി.
കാപട്യത്തിന്‍റെ മൂടുപടം സഭയെയും മറയ്ക്കാം. എന്നാല്‍ സുവിശേഷത്തിലെ ചുങ്കക്കാരന്‍റെ ലാളിത്യമാര്‍ന്ന ഭാവരൂപം നമുക്ക് പ്രചോദനമാവട്ടെ. ചുങ്കക്കാരനെപ്പോലെ എളിമയോടെ നമുക്കു പ്രാര്‍ത്ഥിക്കാം, “ദൈവമേ, ഞാനൊരു പാപിയാണേ, നന്ദിയില്ലാത്തൊരു നീചനാണേ,” എന്ന്.
ഈ പ്രാര്‍ത്ഥന കാടപട്യത്തിന്‍റെയും, പ്രലോഭനത്തിന്‍റെയും പിന്നാമ്പുറങ്ങളില്‍നിന്ന് നമ്മെ ദൈവസ്നേഹത്തിന്‍റെയും സഹോദരസ്നേഹത്തിന്‍റെയും അനുദിന ജീവിതത്തിന്‍റെ മുന്നാമ്പുറങ്ങളിലേയ്ക്കു നയിക്കട്ടെ. അത് ക്രിസ്തിലുള്ള കൃപാസ്പര്‍ശത്തിന്‍റെ ആനന്ദവും, വിശാലതയും, മഹത്വവും എന്നും നമുക്കു നല്കും, എന്ന പ്രത്യാശയുടെ ചിന്തകളോടെയാണ് തന്‍റെ വചനചിന്ത പാപ്പ ഉപസംഹരിച്ചത്.
Reported : nellikal, Sedoc








All the contents on this site are copyrighted ©.