2013-06-16 19:44:24

ലോകത്തിന്‍റെ ദാരിദ്ര്യവും
ദൈവരാജ്യത്തിലെ സമ്പന്നതയും


ശ്ലീബാക്കാലം 5-ാം ഞായര്‍

ധനികനായ കച്ചവടക്കാരനായിരുന്നു അയാള്‍. എന്നാലിപ്പോള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. മരണക്കിടക്കയില്‍ പെട്ടെന്ന് മിഴി തുറന്നു ചോദിച്ചു.
“റോസമമേ, നമ്മുടെ മൂത്തവനെവിടെ...?”
“ദേ, സണ്ണിച്ചന്‍ ഇവിടെ നില്പുണ്ടല്ലോ,” ചുറ്റും നില്കുന്നവര്‍ മറുപടി നല്കി.
“അപ്പോള്‍ ഇളയവനോ...?”
“ജോസൂട്ടനും ഇവിടെയുണ്ടല്ലോ ...”
“ഓ, ദൈവമേ, എന്‍റെ കടയിലപ്പം ആരുമില്ലേ....” എന്ന് ഉറക്കെ നിലവിളിച്ച്, ആധിമൂത്ത് അയാള്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.
മരണനിമിഷത്തിലും ലൗകിക സമ്പത്തില്‍ മാത്രം ശ്രദ്ധപതിച്ചൊരു മനുഷ്യന്‍!

മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്. എന്നാല്‍ സമ്പത്തില്ലാതെ ജീവിക്കാനാകുമോ? ഇല്ല. പ്രസിദ്ധ പിന്നണി ഗായിക ആശാ ഭോഷ്ലേ പറഞ്ഞതുപോലെ, “ദൈവം കഴിഞ്ഞാല്‍ പിന്നേ ഏറ്റവും ആവശ്യം പണമാണ്!” എന്നാല്‍ സമ്പത്തുകൊണ്ട് ജീവിതം ധന്യമാകുന്നില്ല എന്ന് ക്രിസ്തു പറയാന്‍ കാരണമെന്താണ്? യേശുവിന് നസ്രത്തിലും ബെത്ലഹെമിലും പൂര്‍വികരായിട്ട് സ്വത്തുണ്ടായിരുന്നിരിക്കണം. ജോസഫിന്‍റെ വകയില്‍ ക്രിസ്തുവിന് ബത്ലഹേമില്‍ സ്വത്തുണ്ടായിരുന്നു. അതുകൊണ്ടാണ് പേരെഴുതിക്കാന്‍ അവിടേയ്ക്കു പോയത്. പിന്നെ പണിയെടുത്ത് സമ്പാദിച്ചത് നാസ്രത്തിലായിരുന്നു. വീടുപേക്ഷിച്ചു നാടോടിയായിത്തീര്‍ന്ന കാലത്ത്, (ലൂക്കാ 8, 3) മറ്റുള്ളവരുടെ സേവനവും സഹായവും ക്രിസ്തു സ്വീകരിച്ചു കാണണം. അപ്പോള്‍ സമ്പത്ത് യേശുവിനും ആവശ്യമായിരുന്നു. സമ്പത്ത് വേണ്ടെന്നല്ല ക്രിസ്തു പഠിപ്പിച്ചത്. ഐശ്വര്യം അഥവാ ഈശ്വരന്‍റെ അംശം സമ്പത്തുമായി ചേര്‍ന്നു പോകുന്നു എന്നാണ് പഴയനിയമം വെളിപ്പെടുത്തുന്നത് (ജോബ് 42, 10-17). സമ്പത്തുകൊണ്ട് ജീവിക്കാനാകും, എന്നാല്‍ സമ്പത്തിന് ജീവിതം ധന്യമാക്കാനാവില്ല. ദൈവസന്നിധിയില്‍ സമ്പന്നനാകണം. ഭൗതിക സമ്പത്തിനോടൊപ്പം ദൈവസന്നിധിയിലും സമ്പന്നനാകണമെന്നാണ് ക്രിസ്തുവിന്‍റെ അദ്ധ്യാപനം. എന്താണിതിന്‍റെ അര്‍ത്ഥം. ദൈവത്തെ മറന്ന് സ്വന്തം സുഖം മാത്രം തേടുന്നവന്‍ ദൈവസന്നിധിയില്‍ സമ്പന്നനല്ല.
സുവിശേഷത്തിലെ ധനികനായ കര്‍ഷകന്‍ പറഞ്ഞത്, “ആത്മവേ, തിന്നു കുടിച്ച് ആനന്ദിക്കൂ!.”. അയാളുടെ മറ്റു വാക്കുകള്‍ നാം ഓര്‍ക്കം.
“എന്നിട്ട് ഞാനെന്തു ചെയ്യും?” “ഞാന്‍ ഇങ്ങനെ ചെയ്യും?”
“എന്‍റെ അറപ്പുരകള്‍ പൊളിച്ച് കൂടുതല്‍ വലിയവ പണിയും, അവ നിറയെ ധാന്യവും വിഭവങ്ങളും ഞാന്‍ ശേഖരിക്കും.” ഇതെല്ലാം കണക്കുകൂട്ടലുകളാണ്. ഞാന്‍ ഞാന്‍, എന്‍റെ എന്‍റെ എന്ന ചിന്തയല്ലാതെ മറ്റെന്തെങ്കിലും അയാള്‍ക്കുണ്ടോ? തന്നെപ്പറ്റിമാത്രം ചിന്തിക്കുന്നവനെ എങ്ങനെയാണ് ദൈവരാജ്യം ലഭിക്കുന്നത്? തിന്നാനും കുടിക്കാനും, ആനന്ദിക്കാനുമായി മാത്രം ജീവിക്കുന്നവനെയാണ് ബൈബിള്‍ ‘ധനികന്‍’ എന്നു വിളിക്കുന്നത്. എന്നിട്ട് അവിടുന്ന് കൂട്ടിച്ചേര്‍ത്തു, “ധനികരേ, നിങ്ങള്‍ക്കു ശാപം!” (ലൂക്കാ 6, 26).

തനിക്കു താന്‍ പോന്നവരായി, ദൈവത്തിന്‍റെ അസ്തിത്വത്തെ കണ്ടില്ലെന്നു നടിച്ച് ആത്മസുഖത്തിനായി മാത്രം കഴിയുന്നവന്‍റെ മുന്നേറ്റമാണിത്.
മറ്റുമനുഷ്യരെ മറന്ന് സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവന്‍ ദൈവസന്നിധിയില്‍ സമ്പന്നനല്ല. വീണ്ടും ധനികന്‍റെ വാക്കുകള്‍ക്കു കാതോര്‍ക്കൂ. “ഈ ധാന്യം മുഴുന്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലല്ലോ.” വി, ലൂക്കാ 12, 21-ല്‍ വായിക്കുന്നു, “തനിക്കുവേണ്ടിത്തന്നെ സമ്പത്തു ശേഖരിച്ചുവച്ചു വയ്ക്കുകയായിരുന്നു” അയാള്‍. അപ്പോള്‍ ബൈബിളിന്‍റെ വീക്ഷണത്തില്‍ ആരാണു ധനികന്‍? സമ്പത്തുള്ളതുകൊണ്ട് ഒരുവന്‍ ശപിക്കപ്പെട്ടവനാകുന്നില്ല. ദൈവത്തെയും ദൈവിക മൂല്യങ്ങളെയും ദരിദ്രരെയും സ്വന്തം കണക്കു കൂട്ടലുകളില്‍നിന്നു മാറ്റി നിര്‍ത്തുന്നവന്‍ ദൈവസന്നിധിയില്‍ സമ്പന്നനല്ല. അവനെ ഭോഷനായിട്ടാണ് വിശുദ്ധ ഗ്രന്ഥം വിശേഷിപ്പിക്കുന്നത് (ലൂക്കാ 12, 20).
മാനുഷിക വ്യവസ്ഥിതികളില്‍ സമ്പന്നനായിരിക്കുന്നവനെ ‘ദരിദ്രന്‍’ എന്നാണു ക്രിസ്തു വിളിക്കുന്നത്. സമ്പത്തില്ലാത്തവനല്ല ദരിദ്രന്‍. ദൈവസന്നിധിയില്‍ സമ്പന്നാകുന്നവനാണ് ദരിദ്രന്‍. അതായത് സ്വന്തം കണക്കുകൂട്ടലുകളിലും പദ്ധതികളിലും എപ്പോഴും ദൈവികമൂല്യങ്ങള്‍ക്കും സഹോദരങ്ങള്‍ക്കും പാവങ്ങള്‍ക്കും സ്ഥാനം കൊടുക്കുന്ന ലോകത്തിലെ ദരിദ്രനാണ് ദൈവസന്നിധിയില്‍ സമ്പന്നന്‍. ദൈവരാജ്യത്തിന്‍റെ വാര്‍ത്ത സദ്വാര്‍ത്തയാകുന്നത് അവര്‍ക്കാണ് (ലൂക്കാ 6, 20-24).

എല്ലാ അത്യാഗ്രഹങ്ങളില്‍നിന്നും അകന്നിരിക്കണമെന്നും ദൈവസന്നിധിയില്‍ സമ്പന്നരാകാന്‍ ശ്രമിക്കണമെന്നുമുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷം നമുക്ക് നല്കുന്നത്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത്, “ജാഗരൂകരായിരിക്കുവിന്‍, അത്യാഗ്രഹങ്ങളിന്‍നിന്നും അകന്നിരിക്കുവിന്‍” (12, 15). അത്യാഗ്രഹങ്ങള്‍ മനുഷ്യനെ ഭോഷനാക്കുന്നു. മനുഷ്യരുടെ മുമ്പില്‍ മാത്രമല്ല, ദൈവസന്നിധിയിലും.

കഥയിലൂടെ നമുക്കിനി കാര്യം കേള്‍ക്കാം. മുക്കുവന്‍റെയും ഭാര്യയുടെയും കഥയാണ്. കഴുത്തറ്റം ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നവര്‍.... മണ്‍കുടിലിലാണ് താമസം. വിറകുകൊള്ളിപൊലത്തെ ഭാര്യയും, പരല്‍പോലൊരു കുഞ്ഞും. പതിവുപോലെ ഗൃഹനാഥന്‍ മീന്‍പിടിക്കാന്‍ പോയി. അന്ന് വലയില്‍ കുടുങ്ങിയ സാധാരണ മത്സ്യങ്ങള്‍ക്കൊപ്പം ഒരു സ്വര്‍ണ്ണമത്സ്യമുണ്ടായിരുന്നു. നിറത്തിലും വലുപ്പത്തിലും പ്രത്യേകത തോന്നിയ അതിനെ അയാള്‍ കൗതുകത്തോടെ കൈയ്യിലെടുത്തു. മത്സ്യം ഉടനെ സംസാരിച്ചു.
“എന്നെ ഉപദ്രവിക്കരുതേ കായലിലേയ്ക്കു തിരികെ വിടുകയാണെങ്കില്‍, ചോദിക്കുന്നതെന്തും തരാന്‍ എനിക്കു കഴിയും.”
മത്സത്തിന്‍റെ വാക്കുകളില്‍ അനുകമ്പതോന്നിയ മുക്കുവന്‍ “ഓ, എനിക്കൊന്നും വേണ്ട,
നീ പൊയ്ക്കൊള്ളൂ,” എന്നു പറഞ്ഞ് അതിനെ മെല്ലെ കായലിലേയ്ക്കിട്ടു.
അപ്പോള്‍ മത്സ്യം ജലപ്പരപ്പില്‍ പൊന്തിവന്നിട്ട് വീണ്ടും പറഞ്ഞു. “സ്നേഹിതാ, ചോദിക്കാന്‍ മടിക്കരുത്. ഞാന്‍ ഈ കായലില്‍ത്തന്നെയുണ്ട്. ആവശ്യമുള്ളപ്പോള്‍ വിളിച്ചാല്‍ മതി. എന്‍റെ പേര്, സാഗരിക എന്നാണ്.”

ദിവസത്തെ ജോലി കഴിഞ്ഞു. കിട്ടിയ മീന്‍ വിറ്റ്, അത്യാവശ്യം സാധനങ്ങളും വാങ്ങി അയാള്‍ വീട്ടലേയ്ക്ക് മടങ്ങി. സംഭവിച്ചത് ഭാര്യയോടു പങ്കുവച്ചു. ഭാര്യ പറഞ്ഞു “ഓ....താനെന്തു വിഡ്ഢിയാണ്. അത്യാവശ്യം ഈ കുഞ്ഞിനുറങ്ങാന്‍ മരത്തിന്‍റെ ഒരു തൊട്ടിലെങ്കിലും ചോദിക്കാമായിരുന്നില്ലേ?!”

പിറ്റേന്ന് വീശാനെത്തിയപ്പോള്‍ മുക്കുവന്‍ മത്സ്യത്തെ വിളിച്ച് ഭാര്യ പറഞ്ഞ ആവശ്യം ഉണര്‍ത്തിച്ചു.
മത്സൃം പറഞ്ഞു. “നിങ്ങളുടെ ആഗ്രഹം നിറവേറും.”
അയാള്‍ വീട്ടിലെത്തിയതും ഭാര്യ പറഞ്ഞു. “നിങ്ങടെ സ്വര്‍ണ്ണമീന്‍ കൊള്ളാമല്ലോ! ഞാന്‍ പറഞ്ഞ കാര്യം നടന്നിരിക്കുന്നു. ഇതാ നമ്മുടെ കൊച്ചിന് മരത്തിന്‍റെ നല്ലൊരു തൊട്ടില്‍ കിട്ടിയിരിക്കുന്നു.”
“എന്നാലും ഞാന്‍ ഓര്‍ത്തുപോയി, നിങ്ങളൊരു മണ്ടനാണല്ലോ. നമുക്കു തൊട്ടില്‍ മതിയോ. നല്ലൊരു വീടു വേണ്ടേ!?”

പിറ്റേന്ന് അയാള്‍ മത്സ്യത്തെ വിളിച്ച് കാര്യം പറഞ്ഞു. “ചങ്ങാതീ, എനിക്ക് നാലുകെട്ടും നടുമുറ്റവുമുള്ള നല്ലൊരു വീട് വേണം.” മത്സൃം പറഞ്ഞു, “നിങ്ങളുടെ ആഗ്രഹം നിറവേറും.” അന്നു സന്ധ്യയ്ക്ക് വീട്ടിലെത്തിയപ്പോള്‍ ആയാള്‍ അത്ഭുതപ്പെട്ടുപോയി. പ്രതീക്ഷിച്ചതിലും സുന്ദരവും സൗകര്യപ്രദവുമായ വലിയ വീട്. ഭാര്യ പറഞ്ഞു. “ആ മീന്‍ കൊള്ളാമല്ലോ. എന്നാല്‍‍ നിങ്ങള്‍ വിഡ്ഢിയാണ്! നല്ല വീടു മാത്രം മതിയോ നമുക്ക്? കുറെ അഴകും ആഭരണവും, നല്ല ചേലകളും വേണ്ടേ, പണം വേണ്ടേ,
എന്നുമിങ്ങനെ മീന്‍പിടിച്ചു ജീവിച്ചാല്‍ മതിയോ?!”
“ശരി. ഞാന്‍ എല്ലാം നാളെ ചോദിക്കാം.” അയാള്‍ പിറ്റേന്ന് മത്സ്യത്തോട് ഭാര്യ പറഞ്ഞതൊക്കെ ചോദിച്ചു. മത്സ്യം അവര്‍ക്ക് ആ വരങ്ങളെല്ലാം നല്കി. നാലുകെട്ട് വീട്ടില്‍ സൗന്ദരിയായ ഭാര്യ, കുഞ്ഞ്, പണം, സുഖസൗകര്യങ്ങള്‍ ഒക്കെയായി. മുക്കുവനും കൂടുതല്‍ മിടുക്കനായിരിക്കുന്നു.

അപ്പോള്‍ മുക്കുവന്‍റെ ഭാര്യ പറഞ്ഞു. “ഇനി ഒരു കാര്യം! നാളെ നിങ്ങള്‍
ആ മത്സ്യത്തെ പിടിച്ചെടുക്കണം. കാരണം, ഇനി മറ്റാരെങ്കിലും അതിനെ കണ്ടെത്തിയാല്‍ അവര്‍ നമ്മെക്കാള്‍ സമ്പന്നരാകും. അതുപാടില്ല.”

പിറ്റേന്ന് ഭാര്യ പറഞ്ഞതനുസരിച്ച് അയാള്‍ തിടുക്കത്തില്‍ പോയി,
മത്സ്യത്തെ വിളിച്ചു. മത്സ്യം പതിവുപോലെ ഉയര്‍ന്നു വന്നു. എന്നാല്‍ അതിനെ പിടിക്കും മുന്നെ ആയാളോട് ഒന്നും ഉരിയാടാതെ അത് ജലപ്പരപ്പില്‍നിന്നും പെട്ടന്നു മറഞ്ഞു.
അന്നൊരു മോശം ദിവസമായിരുന്നു. എത്ര വീശിയിട്ടും ആയാള്‍ക്ക് ഒന്നും കിട്ടിയില്ല. അയാള്‍ വേഗം വീട്ടിലേയ്ക്ക് മടങ്ങി. അവിടെ കണ്ട കാഴ്ചയും ഹൃദയഭേദകമായിരുന്നു. കിട്ടിയതൊക്കെ നഷ്ടപ്പെട്ട്, അവര്‍ പൂര്‍വ്വസ്ഥിതി പ്രാപിച്ചിരിക്കുന്നു. അതാ, പഴയ മണ്‍കുടിലും, വിറകുപോലൊരു ഭാര്യയും, പരല്‍പോലൊരു കുഞ്ഞും! അയാള്‍ ഭാര്യയോടു പറഞ്ഞു, “നിന്‍റെ അത്യാഗ്രഹവും അസൂയയുമാണ് കിട്ടിയതൊക്കെ നശിപ്പിച്ചത്.” അപ്പോള്‍ ആ സ്ത്രീ ഇങ്ങനെ പുലമ്പി.
“എന്‍റെ ആജ്ഞകള്‍ മുഴുവന്‍ അതേപടി വിഴുങ്ങിയ നിങ്ങളും വിഡ്ഢിതന്നെ...!”
സമ്പത്ത് ദൈവത്തിന്‍റെ ദാനമാണ്. അത് സഹോദരങ്ങളുമായി പങ്കുവച്ചും, വ്യയംചെയ്തുമാണ് ജീവിക്കേണ്ടത്, ദൈവസന്നിധിയില്‍ നാം ധന്യരാകേണ്ടത്.








All the contents on this site are copyrighted ©.