2013-06-15 16:14:12

വെല്ലുവിളികളെ ഭയക്കാതിരുന്ന ബെനഡിക്ട് പാപ്പ


14 ജൂണ്‍ 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിദേശ അപ്പസ്തോലിക പര്യടനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയ 24 വിദേശ പര്യടനങ്ങളിലെ അഭിമുഖസംഭാഷണങ്ങളാണ് “ബെനഡിക്ട് മാര്‍പാപ്പയോടൊത്ത് വിമാനത്തില്‍: മാധ്യമപ്രവര്‍ത്തകരുമായുള്ള സംഭാഷണം” എന്ന് പേരിട്ടിരിക്കുന്ന ഗ്രന്ഥത്തിലുള്ളത്. ഗ്രന്ഥത്തിന്‍റെ പ്രകാശനകര്‍മ്മം ജൂണ്‍ 13ന് വത്തിക്കാന്‍ റേഡിയോകേന്ദ്രത്തില്‍ നടന്നു. അഭിമുഖസംഭാഷണങ്ങള്‍ കോര്‍ത്തിണക്കി ഗ്രന്ഥം തയ്യാറാക്കിയ കൊറാസിം എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ശ്രീമതി ആഞ്ചല അംബ്രൊജിയെത്തിക്കു പുറമേ വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും ഡയറക്ടര്‍ ജനറല്‍ ഫാ.ഫെദറിക്കോ ലൊംബാര്‍ദി, റോം റിപ്പോര്‍ട്സിന്‍റെ ഡയറക്ടര്‍ ഹവിയേര്‍ മാര്‍ട്ടിനെസ് തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളുടെ കേന്ദ്ര പ്രമേയങ്ങളിലേക്ക് വ്യക്തമായ ഉള്‍ക്കാഴ്ച്ചകള്‍ നല്‍കാന്‍ ഹ്രസ്വമായ ഈ സംഭാഷണങ്ങള്‍ സഹായകരമാണെന്ന് പ്രസ്താവിച്ച വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി, എല്ലായ്പ്പോഴും വ്യക്തവും ക്ലിപ്തവുമായിരുന്നു ബെനഡിക്ട് പാപ്പായുടെ വാക്കുകളെന്നും അനുസ്മരിച്ചു. മാര്‍പാപ്പ വിമാനത്തില്‍ വച്ചു നടത്തിയ ചില അഭിമുഖങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിട്ടുണ്ട്. ഇത്തരം വിവാദങ്ങള്‍ മാര്‍പാപ്പയുടെ പര്യടനത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്തിലെ അഭിമുഖങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടോ എന്ന് താന്‍ ആരാഞ്ഞു. പക്ഷെ, തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് വ്യക്തമായി അറിഞ്ഞിട്ടുകൂടി അഭിമുഖസംഭാഷണങ്ങള്‍ തുടരാന്‍ തന്നെയാണ് മാര്‍പാപ്പ തീരുമാനിച്ചതെന്ന് ഏറെ ആദരവോടെ ഫാ.ലൊംബാര്‍ദി അനുസ്മരിച്ചു.
അമ്പരപ്പിക്കുന്ന വ്യക്തതയും കൃത്യതയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകളേയും ചിന്തകളേയും വേറിട്ടതാക്കുന്നുവെന്ന് റോം റിപ്പോര്‍ട്സിന്‍റെ ഡയറക്ടര്‍ ഹവിയേര്‍ മാര്‍ട്ടിനെസ് പ്രസ്താവിച്ചു. ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ട ഗുണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മാര്‍പാപ്പ സത്യസന്ധത, ക്ഷമ എന്നീ രണ്ട് ഗുണങ്ങളാണ് എടുത്തുപറഞ്ഞതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഒരു വിഷയവും ഉപരിപ്ലവമായി കാണാന്‍ മാര്‍പാപ്പ തയ്യാറായിരുന്നില്ല, പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ. വിവിധ വിഷയങ്ങളെക്കുറിച്ച് ബെനഡിക്ട് പതിനാറമന്‍ മാര്‍പാപ്പ തന്‍റെ വീക്ഷണങ്ങള്‍ ഹ്രസ്വമായി അവതരിപ്പിച്ചിരിക്കുന്ന അഭിമുഖ സംഭാഷണങ്ങള്‍ പുസ്തക രൂപത്തില്‍ ലഭ്യമാകുന്നത് അനുവാചകര്‍ക്ക് വലിയൊരു മുതല്‍ക്കൂട്ടാണെന്നും ഹവിയേര്‍ മാര്‍ട്ടിനെസ് അഭിപ്രായപ്പെട്ടു. ഗ്രന്ഥത്തിന്‍റെ ആമുഖം വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഫാ. ഫെദറിക്കോ ലൊംബാര്‍ദി എസ്.ജെയും, അവതാരിക ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയും പേപ്പല്‍ ഭവനത്തിന്‍റെ പ്രീഫെക്ടുമായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ഗന്‍സ്വെയിനുമാണ് എഴുതിയിരിക്കുന്നത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.