2013-06-15 16:14:02

മനുഷ്യരെ തമ്മിലടുപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനം


14 ജൂണ്‍ 2013, വത്തിക്കാന്‍
മനുഷ്യര്‍ക്കിടയില്‍ മതില്‍ക്കെട്ടുകള്‍ നിര്‍മ്മിക്കുകയല്ല, അവരെ തമ്മില്‍ കൂട്ടിയിണക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്ന് ഫ്രാന്‍സിസ്‍ മാര്‍പാപ്പ. ഈശോ സഭ പുറത്തിറക്കുന്ന ‘ചിവില്‍ത്ത കത്തോലിക്കാ’ (കത്തോലിക്കാ സംസ്ക്കാരം) എന്ന മാസികയുടെ അണിയറ പ്രവര്‍ത്തകരുമായി ജൂണ്‍ 14ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. കൂടിക്കാഴ്ച്ചയുടെ ആരംഭത്തില്‍ ഈശോ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ.അഡോള്‍ഫ് നിക്കോള്‍സ് ആശംസാ സന്ദേശം നല്‍കി.
1850ല്‍ പ്രസിദ്ധീകരണമാരംഭിച്ച ‘ചിവില്‍ത്ത കത്തോലിക്കാ’ മാധ്യമരംഗത്ത് കത്തോലിക്കാസഭയുടെ പ്രഥമ ചുവടുകളിലൊന്നായിരുന്നു. ഇന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ ലോകത്തും വിശ്വാസവിപ്ലവം സൃഷ്ടിക്കുന്ന ഈ ദ്വൈവാരികയുടെ ചുക്കാന്‍ പിടിക്കുന്നത് ഇറ്റലിക്കാരനായ ഫാ. അന്തോണിയോ സ്പദാരോയാണ്.
സംഭാഷണം, വിവേകം, അതിര്‍ത്തി എന്നീ മൂന്ന് വാക്കുകളെ കേന്ദ്രീകരിച്ചാണ് മാര്‍പാപ്പ ‘ചിവില്‍ത്ത കത്തോലിക്ക’യുടെ അണിയറ പ്രവര്‍ത്തകരോട് സംവദിച്ചത്. തിരുസ്സഭയോട് ചേര്‍ന്നുനിന്നുകൊണ്ട്, സങ്കുചിത മനോഭാവങ്ങളില്‍ നിന്നുടലെടുക്കുന്ന കാപട്യങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ പാപ്പ അവരെ ആഹ്വാനം ചെയ്തു. ക്രൈസ്തവരോട് മാത്രമല്ല അക്രൈസ്തവരോടുപോലും സംവാദത്തിലേര്‍പ്പെടാനും മാനുഷിക മൂല്യങ്ങള്‍ സമൂഹത്തില്‍ വളര്‍ത്താനും അവര്‍ക്ക് കടമയുണ്ട്. സംവാദത്തിലൂടെയാണ് സത്യത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ സാധിക്കുന്നത്. മറ്റുള്ളവരെ ആദരിച്ചുകൊണ്ട് അവരുടെ വാക്കുകള്‍ ശ്രവിക്കാനും ആപേക്ഷികതാവാദത്തില്‍ വീണുപോകാതെ അന്യരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുക്കാനുമുള്ള സന്നദ്ധതയാണ് സംവാദം എന്ന് പറയുന്നതിലൂടെ താന്‍ അര്‍ത്ഥമാക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.
ഇക്കാലഘത്തിന്‍റെ ആത്മീയ ആവശ്യങ്ങള്‍ വിവേചിച്ചറിഞ്ഞ് ആത്മീയ ധാര്‍മ്മിക മൂല്യങ്ങളുമായി അനുവാചക ഹൃദയങ്ങളോട് സംവദിക്കാനും അവര്‍ക്കു സാധിക്കണം. സുവിശേഷവും സമൂഹവും തമ്മില്‍ വേറിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് വിഭജനത്തിന്‍റെ ഈ മുറിവുണക്കാന്‍ വേണ്ടി പ്രയത്നിക്കേണ്ടത് ‘ചിവില്‍ത്ത കത്തോലിക്കാ’യുടെ കടമയാണെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. അതിര്‍ത്തികള്‍ സ്വന്തമാക്കാനല്ല, അവിടെ വിശ്വാസപരിശീലനത്തിന് അടിത്തറ പകാനാണ് അവര്‍ പരിശ്രമിക്കേണ്ടതെന്നും മാര്‍പാപ്പ വ്യക്തമാക്കി.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.