2013-06-15 16:14:24

ബെനഡിക്ട് പാപ്പ ആരംഭിച്ച ചാക്രിക ലേഖനം ഫ്രാന്‍സിസ് പാപ്പ പൂര്‍ത്തിയാക്കുന്നു


14 ജൂണ്‍ 2013, വത്തിക്കാന്‍
വിശ്വാസത്തെ സംബന്ധിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആരംഭിച്ച ചാക്രിക ലേഖനം താന്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെത്രാന്മാരുടെ സിനഡിന്‍റെ 13ാമത് സാധാരണസമ്മേളനത്തിന്‍റെ കൗണ്‍സില്‍ അംഗങ്ങളുമായി ജൂണ്‍ 13ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. 13ാമത് സിനഡു സമ്മേളനത്തിന്‍റെ 15 അംഗ കൗണ്‍സിലില്‍ 12 പേര്‍ സിനഡംഗങ്ങള്‍ തിരിഞ്ഞെടുത്തവരും 3 പേര്‍ മാര്‍പാപ്പ നേരിട്ടു നിയമിച്ചവരുമാണ്. ‘നവസുവിശേഷവല്‍ക്കരണം ക്രൈസ്തവ വിശ്വാസ പ്രചരണത്തിന്’ എന്ന പ്രമേയം കേന്ദ്രമാക്കി 2012 ഒക്ടോബര്‍ മാസത്തിലാണ് മെത്രാന്മാരുടെ സിനഡിന്‍റെ 13ാമത് സാധാരണസമ്മേളനം വത്തിക്കാനില്‍ നടന്നത്. ഒക്ടോബര്‍ 7 മുതല്‍ 28വരെ നീണ്ടു നിന്ന സിനഡു സമ്മേളനത്തില്‍ നവസുവിശേഷവല്‍ക്കരണമെന്ന സഭയുടെ നൂതന പ്രേഷിതദൗത്യത്തെക്കുറിച്ച് ഏറെ പഠനങ്ങളും വിശകലനങ്ങളും നടന്നിരുന്നു.
ഈ വേനലവധിക്കാലം താന്‍ സിനഡുസമ്മേളനത്തിന്‍റെ സിനഡാനന്തര ശ്ലൈഹികാഹ്വാനം തയ്യാറാക്കാന്‍ വിനിയോഗിക്കുമെന്ന് മാര്‍പാപ്പ സിനഡിന്‍റെ കൗണ്‍സില്‍ അംഗങ്ങളെ അറിയിച്ചു. വിശ്വാസ വര്‍ഷാചരണത്തിന്‍റെ സമാപനത്തോടെ സിനഡാനന്തര ശ്ലൈഹികാഹ്വാനം പ്രകാശനം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പാപ്പ പറഞ്ഞു.

വിശ്വാസസമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിശ്വാസത്തെ സംബന്ധിച്ച ചാക്രിക ലേഖനത്തെക്കുറിച്ചും തദവസരത്തില്‍ മാര്‍പാപ്പ സൂചിപ്പിച്ചു. ഇപ്പോള്‍ ഈ ചാക്രിക ലേഖനത്തിന്‍റെ പഠിപ്പുരയിലാണ് താനെന്നും പാപ്പ വെളിപ്പെടുത്തി. ചാക്രിക ലേഖനത്തിന്‍റെ കരുത്തുറ്റ കരടുരൂപമാണ് മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ തനിക്ക് നല്‍കിയത്. “നാലു കരങ്ങളുടെ” അദ്ധ്വാനം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ








All the contents on this site are copyrighted ©.