2013-06-13 18:24:47

ബൗദ്ധിക സ്വത്തവകാശ നയം
സൃഷ്ടിക്കുന്ന ദരിദ്രരാഷ്ട്രങ്ങള്‍


13 ജൂണ്‍ 2013, ജനീവ
ബൗദ്ധിക സ്വത്തവകാശ നിയമത്തിന്‍റെ രാജ്യാന്തര ദുരുപയോഗം അവികസിത രാജ്യങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് വത്തിക്കാന്‍റെ വക്താവ്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, യുഎന്‍ അന്താരാഷ്ട്ര വ്യവസായ സംഘടയുടെ world trade organization WTOസമ്മേളനത്തില്‍ പ്രസ്താവിച്ചു.

സാങ്കേതികത, ഔഷധങ്ങള്‍, കണ്ടുപിടുത്തങ്ങള്‍, ഗവേഷണങ്ങള്‍ എന്നിവയുടെ മേഖലകളില്‍ അറിവിന്‍റെ കൈമാററം ബോധപൂര്‍വ്വം ലഭ്യമാക്കാതിരിക്കുകയും, തടസ്സപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട് ഇനിയും ധാരാളം രാജ്യങ്ങള്‍ വികസനത്തിന്‍റെ വെളിച്ചം കാണാതെ അധോഗതിയില്‍ കഴിയുന്നുണ്ടെന്ന് ആര്‍ച്ചുബിഷ് തൊമാസി തന്‍റെ പ്രബന്ധത്തില്‍ നിരീക്ഷിച്ചു. 20 ലക്ഷത്തോളം വരുന്ന ജനങ്ങളാണ് അവികസനത്തിന്‍റെ ഇരുട്ടില്‍ ഇനിയും തപ്പിത്തടയുകയും, അതിന്‍റെ ബഹുമുഖങ്ങളായ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നതെന്ന് പ്രസ്താവിച്ച ആര്‍ച്ചുബിഷപ്പ് തൊമാസി, വികസനം തീരെ എത്തിപ്പെടാത്ത രാജ്യങ്ങളുടെ Least Developed Countries അവസ്ഥ സമ്മേളനത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി.

ഉല്പാദന ശേഷിക്കുറവും, രൂക്ഷമായ അടിസ്ഥാന സംവിധാനങ്ങളുടെ ഇല്ലായ്മയും ഈ രാജ്യങ്ങളുടെ വളര്‍ച്ചയെ പാടെ ഇല്ലാതാക്കിയിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.
ആള്‍ ഓഹരി വരുമാനം തുലോം നിസ്സാരമായ ഈ ജനസഞ്ചയത്തെ ബാധിക്കുന്ന മാറാ രോഗങ്ങളും അവരുടെ ജീവിതഗതിയെ തകര്‍ക്കുന്നുണ്ടെന്ന് വത്തിക്കാന്‍റെ വക്താവ് വ്യക്തമാക്കി.
ദരിദ്ര രാഷ്ട്രങ്ങളുടെ സുസ്ഥിതി വികസനം ലക്ഷൃമാക്കി 2011-ല്‍ യുഎന്‍ ഒരുക്കിയ Istambul Programme of Action (IPA) നയങ്ങളുടെയും പ്രവര്‍ത്തങ്ങളുടെയും പദ്ധതികള്‍ ഇനിയും രാഷ്ട്രീയ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ യാഥാര്‍ത്ഥ്യമാകുന്നില്ലെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി പരാതിപ്പെട്ടു. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയും, ന്യായമായ ബൗദ്ധിക സ്വത്തവകാശ നയങ്ങള്‍ നടപ്പിലാക്കിയും ദരിദ്രരാഷ്ട്രങ്ങളുടെ പുരോഗതിയുടെയും അധോഗതിയുടെയും സാമൂഹ്യ സാംസ്ക്കാരിക നിലവാരം ലോകരാഷ്ട്രങ്ങള്‍ പരിഗണിക്കണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.