2013-06-13 18:34:42

ഉപഭോഗസംസ്ക്കാരത്തില്‍
ഒളിഞ്ഞിരിക്കുന്ന തൊഴിലില്ലായ്മ


13 ജൂണ്‍ 2013, യുഎന്‍
സമൂഹ്യനീതിയെ അവഗണിക്കുന്ന സാമ്പത്തിക നയവും ലാഭേഛയുമാണ് ലോകത്തുള്ള തൊഴിലില്ലായ്മയുടെ അടിസ്ഥാന കാരണമെന്ന്, യുഎന്നിന്‍റെ ജനീവാ ആസ്ഥാനത്തുള്ള വത്തിക്കാന്‍ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു. ജൂണ്‍ 12-ന് ജനീവയില്‍ കൂടിയ യുഎന്നിന്‍റെ അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തിന്‍റെ 102-ാം ചര്‍ച്ചായോഗത്തിലാണ്, ആര്‍ച്ചുബിഷപ്പ് തൊമാസി പ്രബന്ധത്തിലൂടെ വത്തിക്കാന്‍റെ നിലപാട് വ്യക്തമാക്കിയത്.

മനുഷ്യനെപ്പോലും ഉപഭോഗവസ്തുവായി കാണുന്ന അതിരുകടന്ന ഉപഭോഗസംസ്ക്കാരമാണ് തൊഴിലില്ലായ്മയുടെ മൂലകാരണമെന്ന് വത്തിക്കാന്‍റെ പ്രതിനിധി നിരീക്ഷിച്ചു. ഉപഭോഗ സംസ്ക്കാരത്തിന്‍റെ സ്വാര്‍ത്ഥമായ സാമൂഹ്യ മനഃസ്ഥിതി നീതിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതാണെന്നും, പൊതുവെ മനുഷ്യന്‍റെയും, വിശിഷ്യാ തൊഴിലാളിയുടെയും ആവശ്യങ്ങളെ അവഗണിച്ച് വ്യവസായത്തിന്‍റെ മാത്രം ഉന്നതി ലക്ഷൃമിട്ട്, ലാഭേഛയോടെ നീങ്ങുകയാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ പ്രസ്താവിച്ചു. വ്യക്തിയെ വിശിഷ്യാ, തൊഴിലാളിയെ മാനിക്കുകയും അവനെ വ്യവസായത്തില്‍ കേന്ദ്രസ്ഥാനത്തു കാണുകയും ചെയ്യുന്ന അനുബന്ധനയം വളര്‍ത്തിയെടുത്തെങ്കില്‍ മാത്രമേ വ്യവസായവും തൊഴിലും സമൂഹത്തിന്‍റെ സമഗ്ര പുരോഗതിക്കുള്ള ഉപാധിയാക്കി ഉയര്‍ത്താനാവൂ എന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.

വികസപ്രക്രിയയുടെ മൂലക്കല്ല് നല്ല വിദ്യാഭ്യാസമാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സാമ്പത്തിക പുരോഗതിയുടെ പ്രഥമ സ്രോതസ്സായ മനുഷ്യന് വിദ്യാഭ്യത്തിലൂടെ മാത്രമേ അവന്‍റെ കഴിവിനെയും വ്യക്തിത്വത്തെയും കുറിച്ചും, തൊഴിലന്‍റെ മൂല്യവും അന്തസ്സിനെയുംക്കുറിച്ചും, അതിന്‍റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും അവബോധം നല്കി, തൊഴില്‍ മേഖലയിലെ അപഛ്യുതികള്‍ ഇല്ലാതാക്കി, പുതിയ തലമുറയെ തൊഴില്‍ വികസന പദ്ധതികളില്‍ ഉള്‍ച്ചേര്‍ക്കാനാവൂ എന്ന് വത്തിക്കാന്‍റെ പ്രതിനിധി പ്രബന്ധത്തിലൂടെ സമര്‍ത്ഥിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.