2013-06-12 12:53:32

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അഭിമുഖസംഭാഷണങ്ങള്‍ പുസ്തകരൂപത്തില്‍


11 ജൂണ്‍ 2013, റോം
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിദേശ അപ്പസ്തോലിക പര്യടനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖങ്ങള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. പേപ്പല്‍ വിദേശ അപ്പസ്തോലിക പര്യടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി മാര്‍പാപ്പയോടൊത്ത് സഞ്ചരിക്കുന്ന മാധ്യമപ്രവര്‍ത്തകരുമായി വിമാനത്തില്‍ വച്ച് മാര്‍പാപ്പ സംവദിക്കാറുണ്ട്. ഇത്തരത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തിയ 24 വിദേശ പര്യടനങ്ങളിലെ അഭിമുഖസംഭാഷണങ്ങളാണ് “ബെനഡിക്ട് മാര്‍പാപ്പയോടൊത്ത് വിമാനത്തില്‍: മാധ്യമപ്രവര്‍ത്തകരുമായുള്ള സംഭാഷണം” എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിലുള്ളത്. ഗ്രന്ഥത്തിന്‍റെ ആമുഖം വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ ഡയറക്ടര്‍ ഫാ. ഫെദറിക്കോ ലൊംബാര്‍ദി എസ്.ജെയും, അവതാരിക ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയും പേപ്പല്‍ ഭവനത്തിന്‍റെ പ്രീഫെക്ടുമായ ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ഗന്‍സ്വെയിനുമാണ് എഴുതിയിരിക്കുന്നത്.
വത്തിക്കാന്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ പ്രകാശന കര്‍മ്മം ജൂണ്‍ 13ന് വത്തിക്കാന്‍ റേഡിയോയിലെ മാര്‍ക്കോണി ഹാളില്‍ നടക്കും. അഭിമുഖസംഭാഷണങ്ങള്‍ കോര്‍ത്തിണക്കി ഗ്രന്ഥം തയ്യാറാക്കിയ കൊറാസിം എന്ന ഓണ്‍ലൈന്‍ മാധ്യമസ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ശ്രീമതി ആഞ്ചല അംബ്രൊജിയെത്തിക്കു പുറമേ വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റേയും വത്തിക്കാന്‍ റേഡിയോയുടേയും ഡയറക്ടര്‍ ജനറല്‍ ഫാ.ഫെദറിക്കോ ലൊംബാര്‍ദി, റോം റിപ്പോര്‍ട്സിന്‍റെ ഡയറക്ടര്‍ ഹവിയേര്‍ മാര്‍ട്ടിനെസ് – ബ്രൊകാല്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.