2013-06-12 12:52:31

പരിശുദ്ധ സിംഹാസനവും കേപ് വേര്‍ഡും ഉഭയകക്ഷി ഉടമ്പടിയില്‍ ഒപ്പുവച്ചു


11 ജൂണ്‍ 2013, വത്തിക്കാന്‍
ആഫ്രിക്കന്‍ വന്‍കരയ്ക്കു സമാന്തരമായി അറ്റ്ലാന്‍റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപ് രാജ്യമായ കേപ് വേര്‍ഡും പരിശുദ്ധ സിംഹാസനവും ഒരു ഉഭയകക്ഷി ഉടമ്പടിയില്‍ ഒപ്പുവച്ചു. കേപ് വേര്‍ഡില്‍ കത്തോലിക്കാസഭയുടെ നൈയാമിക സ്ഥാനത്തെ സംബന്ധിക്കുന്ന ഉടമ്പടിയില്‍ വത്തിക്കാന്‍ വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമനിക്ക് മെംബേര്‍ത്തിയും കേപ്‍ വേര്‍ഡിന്‍റെ വിദേശ കാര്യമന്ത്രി ഹോര്‍ഗേ ആല്‍ബര്‍ട്ട് ദ സില്‍വ ബോര്‍ഗെസുമാണ് ജൂണ്‍ 10ന് ഒപ്പുവച്ചത്.
കഴിഞ്ഞ 37 വര്‍ഷമായി കേപ് വേര്‍ഡും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്‍റെ ഫലമാണ് ഈ ഉടമ്പടിയെന്ന് ജൂണ്‍ 11ന് വത്തിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. കത്തോലിക്കാ സഭയ്ക്കുള്ള നിയമപരമായ സംരക്ഷണം, കാനോനിക നിയമപ്രകാരമുള്ള വിവാഹത്തിന്‍റെ നൈയാമിക അംഗീകാരം, ആരാധനാലയങ്ങളുടേയും കത്തോലിക്കാസഭയുടെ കീഴിലുള്ള വിദ്യാഭ്യാസകേന്ദ്രങ്ങളുടേയും ആതുരാലയങ്ങളുടേയും ഇതര സ്ഥാപനങ്ങളുടേയും നൈയാമിക അവകാശം എന്നീ കാര്യങ്ങളെ സംബന്ധിക്കുന്നതാണ് ഈ ഉടമ്പടി. കേപ് വേര്‍ഡിലെ സൈനികര്‍ക്കുവേണ്ടിയുള്ള അജപാല ശുശ്രൂഷ, തടവറ പ്രേഷിതത്വം, സ്വത്ത് കൈമാറ്റം തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച കരാറുകളും ഉടമ്പടിയിലുണ്ട്.

ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നതിനു മുന്നോടിയായി കേപ് വെര്‍ദേ പ്രസിഡന്‍റ് ഹോര്‍ഗേ കാര്‍ലോസ് ഫോന്‍സെക്കെ ജൂണ്‍ 3ന് വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ വിദേശ ബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെംബേര്‍ത്തി എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പ്രസിഡന്‍റും സംഘവും മടങ്ങിയത്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.