2013-06-12 09:42:25

നന്ദിയുടെ ഉത്സവങ്ങള്‍ (42)
ഇസ്രായേലിന്‍റെ യാഗവേദികള്‍


ണ്ടു ശിലകളിലായിട്ടാണ് ദൈവം പത്തുകല്പനകള്‍ മോശയ്ക്കു നല്കയതെന്ന് പുറപ്പുടു ഗ്രന്ഥത്തില്‍നിന്നും നാം മനസ്സിലാക്കുന്നു. ആദ്യപകുതി ഉള്‍ക്കൊള്ളുന്ന ശില ദൈവത്തെ സംബന്ധിക്കുന്ന കാര്യങ്ങളുടെയും, രണ്ടാം പകുതി ഉള്‍ക്കൊള്ളുന്നത് അയല്‍ക്കാരനെ സംബന്ധിക്കുന്ന കാര്യങ്ങളുടെയും, അങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് ദൈവം മോശയെ കല്പനകള്‍ ഏല്പിച്ചത്. ദൈവപ്രമാണങ്ങളുടെ രണ്ടു ഖണ്ഡങ്ങളേയും തമ്മില്‍ യോജിപ്പിക്കുന്നത് മാതാപിതാക്കളെ ബഹുമാനുക്കുക എന്ന കാല്പനയാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അങ്ങനെ ദൈവത്തെയും മനുഷ്യരെയും കൂട്ടിയിണക്കുന്ന പത്തുകല്പനകളുടെ മോശ നല്കുന്ന വ്യാഖ്യാനങ്ങളെക്കുറിച്ച് നമുക്കീ പ്രക്ഷേപണത്തില്‍ തുടര്‍ന്നും പഠിക്കാം.

പുറപ്പാടു ഗ്രന്ഥത്തിന്‍റെ 22-ാം അദ്ധ്യായ പ്രകാരം മോശ നല്കുന്ന ദൈവകല്പനകളുടെ വ്യഖ്യാനങ്ങളാണ് ഇന്നു നാം കേള്‍ക്കുന്നത്. ഒരുവന്‍ അയല്‍ക്കാരന്‍റെ പക്കല്‍ സൂക്ഷിക്കാനേല്പിച്ച കാളയോ കഴുതയോ ആടോ, മറ്റേതെങ്കിലും മൃഗമോ പരുക്കേല്‍ക്കുകയോ ചത്തുപോവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും, അതിനു സാക്ഷിയില്ലാതിരിക്കുകയും ചെയ്താല്‍ അയല്‍ക്കാരന്‍ കര്‍ത്താവിന്‍റെ നാമത്തില്‍ സത്യംചെയ്ത്, തന്‍റെ നിരപരാധിത്വം തെളിയിക്കണം. വസ്തുത വെളിപ്പെടുത്തപ്പെട്ടാല്‍ ഉടമസ്ഥന്‍ സത്യപ്രതിജ്ഞ അംഗീകരിക്കണം. ഇക്കാര്യത്തില്‍ മുതല്‍ തിരിച്ചു കൊടുക്കാന്‍ അപരനു കടമ ഉണ്ടായിരിക്കുകയുമില്ല. എന്നാല്‍ അതു അയാളുടെ പക്കല്‍നിന്നു മോഷ്ടിക്കപ്പെട്ടെങ്കില്‍, അവന്‍ ഉടമസ്ഥനു നഷ്ടപരിഹാരം നല്കാന്‍ കടപ്പെട്ടിരിക്കുന്നു.

ഒരുവന്‍ തന്‍റെ അയല്‍ക്കാരന്‍റെ പക്കല്‍നിന്ന് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട്, ഉടമസ്ഥന്‍റെ അസാന്നിധ്യത്തില്‍ അതു ചാകുന്നതിനോ, അതിനു മുറിവേല്‍ക്കുന്നതിനോ ഇടയായാല്‍ അവന്‍ നഷ്ടപരിഹാരം കൊടുക്കണം. എന്നാല്‍, അതു സംഭവിക്കുന്നത് ഉടമസ്ഥന്‍റെ സാന്നിദ്ധ്യത്തിലാണെങ്കില്‍ നഷ്ടപരിഹാരം ചെയ്യേണ്ടതില്ല. ഇനി അതു കൂലിക്കു കൊടുത്തതാണെങ്കില്‍, തുല്യ കൂലികൊണ്ടുതന്നെ നഷ്ടം പരിഹരിക്കപ്പെടേണ്ടതാണ്.
വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലാത്ത കന്യകയെ വശീകരിച്ച് അവളോടൊത്തു ശയിക്കുന്നവന്‍ വിവാഹത്തുക നല്കി അവളെ ഭാര്യയായി സ്വീകരിക്കണം. അവളെ അവനു ഭാര്യയായി കൊടുക്കാന്‍ പെണ്‍കുട്ടിയുടെ പിതാവു തീര്‍ത്തും വിസമ്മതിച്ചാല്‍, കന്യകയ്ക്കുള്ള വിവാഹത്തുക പ്രാശ്ചിത്തമായി നല്കാന്‍ കുറ്റക്കാരന്‍ ബാധ്യസ്ഥനാണ്. നിങ്ങള്‍ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. എന്തെന്നാല്‍ നിങ്ങള്‍ ഈജിപ്തില്‍ ഒരുനാള്‍ പരദേശികളായിരുന്നെന്ന് ഓര്‍ക്കണം. വിധവയെയോ, അനാഥനെയോ നിങ്ങള്‍ പീഡിപ്പിക്കരുത്. നിങ്ങള്‍ അവരെ ഉപദ്രവിക്കുകയും അവര്‍ കര്‍ത്താവിനെ വിളിച്ചുകരയുകയും ചെയ്താല്‍, നിശ്ചയമായും അവിടുന്നു നിങ്ങളെ വധിക്കും. അപ്പോള്‍ നിങ്ങളുടെ ഭാര്യമാര്‍ വിധവകളും, മക്കള്‍ അനാഥരുമായിത്തീരുമെന്ന് ഓര്‍ത്തുകൊള്ളുവിന്‍.


22, 28 നിങ്ങള്‍ ദൈവത്തെ നിന്ദിക്കുകയോ ജനത്തിന്‍റെ ഭരണാധികാരിയെ ശപിക്കുകയോ അരുത്.
നിന്‍റെ മെതിക്കളത്തിലെയും ചക്കുകളിലെയും ഫലസമൃദ്ധിയില്‍നിന്ന് കാഴ്ച സമര്‍പ്പിക്കാന്‍ വൈകരുത്. പുത്രന്മാരില്‍ ആദ്യജാതനെ നിങ്ങള്‍ ദൈവത്തിനായ് സമര്‍പ്പിക്കണം. നിങ്ങളുടെ കാളകളെയും ആടുകളെയും സംബന്ധിച്ചും ഇപ്രകാരംതന്നെ ചെയ്യണം. അവയുടെ കടിഞ്ഞൂലിനെ ഏഴുദിവസം തള്ളയുടെകൂടെ കഴിയാന്‍ അനുവദിക്കണം. എന്നിട്ട് എട്ടാം ദിവസം അതിനെ കര്‍ത്താവിനു ബലിസമര്‍പ്പിക്കുക. വന്യമൃഗങ്ങള്‍ കടിച്ചുകീറിയ മാംസം നിങ്ങള്‍ ഭക്ഷിക്കരുത്.
അതു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുക. അങ്ങനെ നിങ്ങളെന്നും ദൈവത്തിനായ് സമര്‍പ്പിക്കപ്പെട്ട വിശുദ്ധ ജനമായിരിക്കട്ടെ.

വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്, കള്ളസാക്ഷൃം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കുകയും അരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മചെയ്യുകയും അരുത്. അതുപോലെ ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷൃം നല്‍കുകയും അരുത്.
വ്യവഹാരത്തില്‍ ദരിദ്രനു പ്രത്യേക പരിഗണന നല്‍കണം. അതില്‍ ദരിദ്രനു നീതി നിഷേധിക്കരുത്. ശത്രുവിന്‍റെ കാളയോ കഴുതയോ വഴിതെറ്റിപ്പോകുന്നതു കണ്ടാല്‍ അതിനെ ഉടമസ്ഥന്‍റെ അടുക്കല്‍ തിരിച്ചെത്തിക്കണം. നിന്നെ വെറുക്കുന്നവന്‍റെ കഴുത, ചുമടിനു കീഴെ വീണു കിടക്കുന്നതു കണ്ടാല്‍ നീ കടന്നു പോകരുത്, അതിനെ എഴുന്നേല്‍പ്പിക്കാന്‍ അവനെ സഹായിക്കണം. തെറ്റായ കുറ്റാരോപണത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക, നിഷ്ക്കളങ്കരെയും നീതിമാന്മാരെയും വധിക്കരുത്.
.
കൈക്കൂലി വാങ്ങരുത്, അത് വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളംപറയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ പരദേശികളെ പീഡിപ്പിക്കരുത്. ഒരുനാള്‍ ഈജിപ്തില്‍ വിപ്രവാസികളായിരുന്ന നിങ്ങള്‍ക്ക് പരദേശികളുടെ ഹൃദയവികാരങ്ങള്‍ നന്നായി അറിയാമല്ലോ.

നിങ്ങളുടെ വയല്‍ ആറുവര്‍ഷം ഉഴുതു വിതച്ച്, അദ്ധ്വാനിച്ച് വിളയെടുത്തുകൊള്ളുക. എന്നാല്‍ ഏഴാം വര്‍ഷം അതു വിതയ്ക്കാതെ വെറുതെ കിടക്കട്ടെ. അത് സാബത്തു വര്‍ഷമായി ആചരിക്കപ്പെടണം.
ആ വര്‍ഷം ഇസ്രായേലിലെ ദരിദ്രര്‍ അതില്‍നിന്നു ഭക്ഷണം ശേഖരിക്കട്ടെ. പിന്നെയും അതില്‍ അവശേഷിക്കുന്ന ധാന്യവിളകള്‍ വന്യമൃഗങ്ങള്‍ തിന്നുകൊള്ളട്ടെ. മുന്തിരത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും നിങ്ങള്‍ ഇപ്രകാരംതന്നെ ചെയ്യണം. ആറുദിവസം ജോലിചെയ്യുക. ഏഴാം ദിവസം വിശ്രമിക്കണം. ഒപ്പം നിങ്ങളുടെ കാളയും കഴുതയും വിശ്രമിക്കട്ടെ. അങ്ങനെ നിങ്ങളുടെ ദാസിയുടെ പുത്രന്മാരും പരദേശിയുമെല്ലാം വിശ്രമിക്കട്ടെ, ക്ഷീണം തീര്‍ക്കട്ടെ. അന്യദേവന്മാരുടെ നാമം നിങ്ങള്‍ സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നും കേള്‍ക്കാനിടയാവുകയും അരുത്. കര്‍ത്താവു കല്പിച്ച കാര്യങ്ങളിലെല്ലാം പ്രത്യേക ശ്രദ്ധവച്ച് ജീവിക്കണം.

കര്‍ത്താവിന്‍റെ ബഹുമാനത്തിനായി വര്‍ഷംതോറും മൂന്നു തവണ നിങ്ങള്‍ ഉത്സവമാഘോഷിക്കണം. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ ആചരിക്കണം. കര്‍ത്താവു കല്പിച്ചിട്ടുള്ളതുപോലെ അബൂബു മാസത്തിലെ ഏഴു നിശ്ചിത ദിവസങ്ങളില്‍ പുളിപ്പില്ലാത്ത അപ്പം നിങ്ങള്‍ ഭക്ഷിക്കണം. എന്തെന്നാല്‍ ആ മാസത്തിലാണ് നിങ്ങള്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടത്. ദൈവസന്നിധിയില്‍ വെറും കൈയ്യായ് പോകരുത്. വയലില്‍നിന്ന് ആദ്യ ഫലങ്ങള്‍ കൊയ്തെടുക്കുമ്പോള്‍ പുത്തരിപ്പെരുന്നാളും, വര്‍ഷാവസാനം വിളവെടുത്തു കഴിയുമ്പോള്‍ സംഭരണത്തിരുനാളും ആഘോഷിക്കണം. പുരുഷന്മാരെല്ലാവരും വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം ദൈവമായ കര്‍ത്താവിന്‍റെ സന്നിധിയില്‍ ഹാജരാവണം. ബലിമൃഗത്തിന്‍റെ രക്തം പുളിപ്പുള്ള അപ്പത്തോടൊന്നിച്ച് കര്‍ത്താവിനു സമര്‍പ്പിക്കരുത്. ഉത്സവദിനത്തിലര്‍പ്പിക്കുന്ന ബലിയുടെ കൊഴുപ്പ് പ്രഭാതംവരെ സൂക്ഷിക്കുയുമരുത്. വയലിലെ ആദ്യ വിളവിന്‍റെ ആദ്യഫലം ദേവാലയത്തില്‍ കൊണ്ടുവന്ന് കര്‍ത്താവിനു സമര്‍പ്പിക്കുക.

ദൈവമായ കര്‍ത്താവ് പിന്നെയും ഇസ്രായേലിന് വാഗ്ദാനങ്ങള്‍ നല്കി.
ഇതാ, ഒരു ദൂതനെ നിനക്കു മുന്‍പേ കര്‍ത്തവ് അയയ്ക്കുന്നു. അവന്‍ നിന്‍റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും, കര്‍ത്താവു ഒരുക്കിയിരിക്കുന്ന സ്ഥലത്തേയ്ക്കു അവിടുന്നു നിന്നെ കൊണ്ടുവരുകയും ചെയ്യും. അവന്‍ പറയുന്നതെല്ലാം ആദരപൂര്‍വ്വം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. ദൈവനാമം അവന്‍റെ ഹൃദയത്തില്‍ ഉള്ളതു നിമിത്തം നിന്‍റെ അതിക്രമങ്ങള്‍ അവന്‍ ക്ഷമിക്കുകയില്ല. കര്‍ത്താവിന്‍റെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുകയും, അവിടുന്ന് പറയുന്നവ അനുസരിക്കുകയും ചെയ്യുമെങ്കില്‍ നിങ്ങളുടെ ശത്രുക്കള്‍ക്കു കര്‍ത്താവുതന്നെ ശത്രുവായിരിക്കും.
നിങ്ങളുടെ എതിരാളികള്‍ക്കു കര്‍ത്താവെന്നും എതിരാളിയുമായിരിക്കും. കര്‍ത്താവിന്‍റെ ദൂതന്‍ നിനക്കുമുന്‍പേ പോയി നിങ്ങളെ അമോര്യര്‍, ഹീത്യര്‍, പെരീസ്യര്‍, കാനാന്ന്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നിവരുടെ ഇടയിലേയ്ക്കു നയിക്കും. എന്നിട്ട് അവിടുന്ന് അവരെ നിശ്ശേഷം നശിപ്പിക്കും. നിങ്ങള്‍ അവിടെ അവരുടെ ദേവന്മാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യരുത്.
അവരുടെ കൂടാരങ്ങള്‍ അനുകരിക്കുകയുമരുത്. അവരുടെ ദേവന്മാരെ നശിപ്പിക്കുകയും ആരാധനാസ്തംഭങ്ങള്‍ തകര്‍ക്കുകയും ചെയ്യണം. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ ആരാധിക്കണം. അവിടെ ദൈവം നിങ്ങളുടെ ഭക്ഷൃവും പാനീയവും ആശീര്‍വ്വദിക്കും, അവിടുന്നു തന്‍റെ ജനത്തിന്‍റെ ഇടയില്‍നിന്നും രോഗങ്ങള്‍ മായിച്ചുകളയും. ഗര്‍ഭച്ഛിദ്രമോ വന്ധ്യതയോ നാട്ടില്‍ ഉണ്ടാവുകയില്ല, കര്‍ത്താവു തന്‍റെ ജനത്തിന് ദീര്‍ഘായുസ്സു നല്കി അനുഗ്രഹിക്കും.

സൃഷ്ടിയുടെ ആരംഭം മുതല്‍ ദൈവം മനുഷ്യനുമായി ബന്ധപ്പെടുന്നത് ഉടമ്പടികളിലൂടെയാണെന്ന് രക്ഷാകര ചരിത്രത്തില്‍ ഉടനീളം കാണാവുന്നതാണ്. മനോഹരമായ ഏദന്‍ തോട്ടം ഉപയോഗിക്കാനും സംരക്ഷിക്കാനും ആദിയില്‍ ഉടമ്പടിയിലൂടെയാണ് ദൈവം മനുഷ്യനെ ഭരമേല്പിച്ചത്. നന്മ-തിന്മകളുടെ അറിവന്‍റെ ഫലം മാത്രം ഉപോയഗിക്കരുതെന്ന് അവിടുന്ന് കല്പിച്ചതാണ് ആദ്യ ഉടമ്പടി. ജലപ്രളയത്തെ അതിജീവിച്ച നോഹും മക്കളുമായും ദൈവം ഉടമ്പടിയുണ്ടാക്കി. അബ്രാഹത്തോടും സന്തതികളോടും അവിടുന്ന് വീണ്ടും ഉടമ്പടിചെയ്തു. ദൈവം വിളിച്ച് രൂപീകരിച്ച നയിച്ച ഇസ്രായേല്‍ ജനത്തിന് സീനായ് മലയില്‍ അവിടുന്നു കല്പനകള്‍ നല്കി. അവയുടെ വ്യാഖ്യാനങ്ങള്‍ തുടര്‍ന്നും അടുത്ത പ്രക്ഷേപണത്തില്‍ നമുക്കു പഠിക്കാം.








All the contents on this site are copyrighted ©.